തിരുവനന്തപുരം- ഇന്ത്യയിൽ മുസ്ലിംകൾക്ക് ജീവിക്കാൻ കഴിയില്ലെന്ന് കവിത എഴുതിയ സച്ചിദാനന്ദൻ ഇവിടെ കുഞ്ഞാലിക്കുട്ടി ജീവിക്കുന്നത് കാണുന്നില്ലേ എന്ന് സിനിമാ സംവിധായകൻ ശ്രീകുമാരൻ തമ്പി ഇന്ന് ചോദിച്ചിരുന്നു. ഞാൻ മുസ്ലിം എന്ന കവിത രണ്ടു കുറി കുഞ്ഞാലി എന്ന വരികളിലൂടെയാണ് സച്ചിദാനന്ദൻ തുടങ്ങുന്നത്. ഇത് ഓർത്താണ് കുഞ്ഞാലിക്കുട്ടി ജീവിക്കുന്നില്ലേ എന്ന ചോദ്യം ശ്രീകുമാരൻ തമ്പി ചോദിച്ചത്. കഴിഞ്ഞ ദിവസമാണ് സാഹിത്യ അക്കാദമിയെ ലക്ഷ്യമിട്ട് സച്ചിദാനന്ദൻ രംഗത്തെത്തിയത്. കേരളത്തെ പറ്റി താനെഴുതിയ കവിത സാഹിത്യ അക്കാദമി അവഗണിച്ചുവെന്നും അപമാനിച്ചുവെന്നുമായിരുന്നു ശ്രീകുമാരൻ തമ്പിയുടെ വിമർശനം. സാഹിത്യ അക്കാദമി ചെയർമാൻ സച്ചിദാനന്ദനെയും സെക്രട്ടറി പി.പി അബൂബക്കറിനെയും ലക്ഷ്യമിട്ടായിരുന്നു വിമർശനം.
ഇന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ പരാമർശത്തിൽ ഉറച്ചുനിന്ന ശ്രീകുമാരൻ തമ്പി സച്ചിദാനന്ദന്റെ കവിതയെയും വിമർശിച്ചു. സാഹിത്യ അക്കാദമിക്കായി അയച്ചുകൊടുത്ത കവിതയിലെ ഓരോ വാക്കും എടുത്തുദ്ധരിച്ചാണ് ഇതിലെ ഏത് വാചകമാണ് തെറ്റ് എന്ന് ചോദിച്ചായിരുന്നു ശ്രീകുമാരൻ തമ്പിയുടെ വിമർശനം.
സച്ചിദാനനന്ദൻ എഴുതിയ കവിത വായിക്കാം.
ഞാൻ മുസ്ലിം
സച്ചിദാനന്ദൻ
രണ്ട് കുറി കുഞ്ഞാലി
ഒരു കുറി അബ്ദുൽ റഹ്മാൻ
ഉബൈദിൽ താളമിട്ടവൻ
മോയിൻകുട്ടിയിൽ മുഴങ്ങിപ്പെയ്തവൻ
'ക്രൂര മുഹമ്മദ' രുടെ കത്തി കൈവിട്ടില്ലെങ്കിലും
മലബാർ നാടകങ്ങളിൽ
നല്ലവനായ അയൽക്കാരൻ
'ഒറ്റക്കണ്ണനും' 'എട്ടുകാലിയും'
'മുങ്ങാങ്കോഴി' യുമായി ഞാൻ
നിങ്ങളെ ചിരിപ്പിച്ചു
തൊപ്പിയിട്ടു വന്ന അബ്ദുവിന്റെ പകയും
പൂക്കോയ തങ്ങളുടെ പ്രതാപവുമായി
എന്റെ വീടർ ഉമ്മാച്ചുവും പാത്തുമ്മയുമായി,
കാച്ചിയും തട്ടവുമണിഞ്ഞ മൈമൂന
നിങ്ങളെ പ്രലോഭിപ്പിച്ചു
ഒരു നാൾ ഉണർന്ന് നോക്കുമ്പോൾ
സ്വരൂപമാകെ മാറിയിരിയ്ക്കുന്നു
തൊപ്പിയ്ക്ക് പകരം 'കഫിയ്യ'
കത്തിയ്ക്ക് പകരം തോക്ക്
കളസം നിറയെ ചോര
ഖൽബിരുന്നിടത്ത് മിടിക്കുന്ന ബോംബ്
കുടിക്കുന്നത് 'ഖഹ്‌വ'
വായിക്കുന്നത് ഇടത്തോട്ട്
പുതിയ ചെല്ലപ്പേര് 'ഭീകരവാദി'
ഇന്നാട്ടിൽ പിറന്ന് പോയി
ഖബർ ഇവിടെത്തന്നെയെന്നുറപ്പിച്ചിരുന്നു
ഇപ്പോൾ വീട് കിട്ടാത്ത യത്തീം
ആർക്കുമെന്നെ തുറുങ്കിലയക്കാം
ഏറ്റുമുട്ടലിലെന്ന് പാടി കൊല്ലാം
തെളിവൊന്നു മതി: എന്റെ പേര്
ആ നല്ല മനിസനാകാൻ ഞാനിനിയും
എത്ര നോമ്പുകൾ നോൽക്കണം?
'ഇഷ്‌കി' നെക്കുറിച്ചുള്ള ഒരു ഗസലിന്നകത്ത്
വെറുമൊരു 'ഖയാലായി' മാറാനെങ്കിലും
കുഴിച്ചു മൂടിക്കോളൂ ഒപ്പനയും
കോൽക്കളിയും ദഫ്മുട്ടും
പൊളിച്ചെറിഞ്ഞോളൂ കപ്പലുകളും
മിനാരങ്ങളും
കത്തിച്ചു കളഞ്ഞോളൂ മന്ത്രിവിരിപ്പുകളും
വർണ്ണചിത്രങ്ങളും
തിരിച്ചു തരൂ എനിക്കെന്റെ മുഖം മാത്രം
എല്ലാ മനുഷ്യരെയും പോലെ
ചിരിക്കുകയും കരയുകയും ചെയ്യുന്ന
സ്‌നേഹിക്കുകയും കലഹിക്കുകയും ചെയ്യുന്ന
എന്റെ മുഖം മാത്രം