കോഴിക്കോട്- എസ്. കെ. എസ്. എസ്. എഫ് മുപ്പത്തിയഞ്ചാം വാര്‍ഷിക സമ്മേളനം സമാപിച്ചു. ശുഭ്ര വസ്ത്രധാരികളായ മനുഷ്യ സാഗരത്തെ സാക്ഷിയാക്കി കോഴിക്കോട് കടപ്പുറത്ത് മുഖദ്ദസ് നഗരിയിലാണ് സമാപന സമ്മേളനം അരങ്ങേറിയത്.
സത്യം സ്വത്വം സമര്‍പ്പണം എന്ന പ്രമേയത്തില്‍ ജനുവരി 30 മുതല്‍ കോഴിക്കോട് വിവിധ വേദികളില്‍ നടന്ന സംഗമങ്ങള്‍ക്കു ശേഷമാണ് സമാപന മഹാസമ്മേളനം നടന്നത്. സന്നദ്ധ സേവനത്തിന് പ്രത്യേക പരിശീലനം ലഭിച്ച പതിനായിരക്കണക്കിന് വിഖായ പ്രവര്‍ത്തകര്‍ അണിനിരന്ന റാലിയോടെയാണ് സമാപന സമ്മേളനം ആരംഭിച്ചത്. വൈകിട്ട് നാലിന് മുഹമ്മദലി കടപ്പുറത്ത് ആരംഭിച്ച റാലി പൊതുസമ്മേളന വേദിയായ കോഴിക്കോട് കടപ്പുറത്ത് സമാപിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ വിഖായ ക്യാപ്റ്റന്‍ ജലീല്‍ ഫൈസിക്ക് പതാക കൈമാറി റാലിക്ക് തുടക്കം കുറിച്ചു.
സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
സന്നദ്ധ സേവനത്തിന് പ്രത്യേക പരിശീലനം ലഭിച്ച വിജിലന്റ് വിഖായ അംഗങ്ങളെ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നാടിന് സമര്‍പ്പിച്ചു.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍
മുഖ്യപ്രഭാഷണം നടത്തി. വി. മൂസക്കോയ മുസ്ലിയാര്‍ പ്രാര്‍ഥന നടത്തി. സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
കെയ്‌റോ അല്‍ അസ്ഹര്‍ നിയമ ശാസ്ത്ര പ്രൊഫസര്‍ ഡോ. മുഹമ്മദ് അബു സൈദ് അല്‍ ആമിര്‍ മഹമൂദ് ഈജിപ്ത് മുഖ്യാതിഥിയായി.
സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം. ടി. അബ്ദുല്ല മുസ്ലിയാര്‍, സമസ്ത ട്രഷറര്‍ കൊയ്യോട് പി. പി. ഉമര്‍ മുസ്ലിയാര്‍, ശര്‍മാന്‍ അലി അഹ്‌മദ് എം. എല്‍. എ (അസം), പി. കെ. കുഞ്ഞാലിക്കുട്ടി എം. എല്‍. എ എന്നിവര്‍ പ്രസംഗിച്ചു.
ഹൈദര്‍ ഫൈസി പനങ്ങാങ്ങര, എം. പി. മുസ്തഫല്‍ ഫൈസി, അബ്ദുസലാം ബാഖവി വടക്കേകാട്, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദു സമദ് പൂക്കോട്ടൂര്‍, സത്താര്‍ പന്തല്ലൂര്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി, അനീസ് അബ്ബാസി രാജസ്ഥാന്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.