തിരുവനന്തപുരം: ധനപ്രതിസന്ധിയുണ്ടെന്ന സര്‍ക്കാര്‍ അവകാശവാദത്തിനിടെ നാളെ രാവിലെ ഒമ്പന് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ സംസ്ഥാന ബജറ്റ് നിയമസഭയിലവതരിപ്പിക്കും. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള ബജറ്റായതിനാല്‍ കടുത്ത ബാധ്യതകള്‍ ജനങ്ങള്‍ക്ക് പുതുതായി അടിച്ചേല്‍പിക്കില്ല. എന്നാല്‍ അധികാമായി ഒന്നും പ്രതീക്ഷിക്കുകയും വേണ്ട.
ക്ഷേമപെന്‍ഷനുകളില്‍ നേരിയ വര്‍ധന ഉണ്ടകാനും സാധ്യതയുണ്ട്. പുതിയ ചില മേഖലകളില്‍ കൂടുതല്‍ പിടിമുറക്കിയേക്കും. സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകളും നിരക്കുകളും ഗണ്യമായി കൂട്ടി വരുമാനം വര്‍ധിപ്പിക്കും. ബജറ്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനത്തിനാകും മുന്‍ഗണന. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്കുകാരണം കേന്ദ്രസര്‍ക്കാരാണെന്ന് വരുത്തിതീര്‍ക്കുകയാകും ലക്ഷ്യം.
ബജറ്റില്‍ മദ്യമുതലാളിമാര്‍ക്ക് ആനുകൂല്യങ്ങള്‍ക്കു സാധ്യത. മദ്യത്തിന്റെ വിറ്റുവരവ് നികുതിയില്‍ കുറവുവരുത്തിയേക്കും. മദ്യക്കച്ചവടം വര്‍ധിക്കുന്നതിനനുസരിച്ച് ബാര്‍ ഉടമകളും ബിവറേജസ് ഷോപ്പുകളും സ്വന്തം കയ്യില്‍ നിന്ന് സര്‍ക്കാരിലേക്ക് അടയ്ക്കുന്നതാണ് വിറ്റുവരവ് നികുതി (ടേണോവര്‍ ടാക്സ്). ബാറുകളില്‍ നിന്ന് വിറ്റുവരവിന്റെ 10 ശതമാനം ഈടാക്കിയിരുന്നപ്പോള്‍ ബിവറേജസുകളില്‍ നിന്ന് വിറ്റുവരവിന്റെ അഞ്ചു ശതമാനമാണ് നികുതിയായി ഈടാക്കിയിരുന്നത്. കൊവിഡ് കാലത്ത് ഇതു രണ്ടും അഞ്ചു ശതമാനമായി നിജപ്പെടുത്തിയിരുന്നു.
മദ്യത്തിന് വിലസ്ഥിരതയില്ലാത്തതിനാലാണ് വിറ്റുവരവ് നികുതി ഏര്‍പ്പെടുത്തിയത്. ബിവറേജസ് ഷോപ്പുകളില്‍ കുപ്പി വിലയ്ക്കുവില്‍ക്കുന്ന മദ്യം ബാറുകളില്‍ പെഗ്ഗുവിലയ്ക്കാവുമ്പോള്‍ വിലയില്‍ വലിയ തോതില്‍ അന്തരമുണ്ടാകുന്നു. വിറ്റുവരവ് നികുതി കുറയ്ക്കുമ്പോഴുണ്ടാകുന്ന വരുമാനനഷ്ടം നികത്താന്‍ ചെറിയതോതില്‍ മദ്യത്തിന്റെ വില്പന നികുതി വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്. എങ്കിലും ഇത് മദ്യക്കച്ചവടത്തെ ബാധിക്കാത്ത തരത്തിലാകുമെന്നും അറിയുന്നു.
മദ്യത്തെയും പെട്രോളിനെയും ജി. എസ്. ടിയില്‍ പെടുത്താത്തിനാല്‍ 1963ലെ പൊതു വില്പന നികുതി നിയമപ്രകാരമാണ് മദ്യത്തിനും പെട്രോളിയത്തിനും നികുതി ചുമത്തുന്നത്. അതു പ്രകാരം ആദ്യവില്പനയില്‍ മാത്രമാണ് നികുതി. പിന്നീട് വന്ന വാറ്റ് നിയമത്തിലും ജി. എസ്. ടിയിലും മൂല്യവര്‍ധനയ്ക്കനുസരിച്ച് നികുതി എല്ലാ ഉല്പന്നങ്ങള്‍ക്കും ഈടാക്കിയപ്പോള്‍ മദ്യം പഴയനിലയില്‍ തന്നെ തുടര്‍ന്നു. ബാറുകള്‍ വന്‍തോതില്‍ വിലയീടാക്കി ലാഭം കൊയ്തപ്പോഴാണ് വിറ്റുവരവ് നികുതി ഈടാക്കിയത്. ഇതാണ് ബജറ്റില്‍ കുറച്ചുകൊടുക്കാന്‍ സാധ്യതയുണ്ട്.