കാസര്‍കോട്- അയോധ്യ രാമക്ഷേത്ര വിഷയത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളെ വിമര്‍ശിച്ച് നടനും വക്കീലുമായ അഡ്വ. ഷുക്കൂര്‍. രാജ്യത്തെ മതേതരത്വം ശക്തിപ്പെടുത്തുന്നതിനു ഏറ്റവും വലിയ തടസ്സം നെഹ്‌റു ആയിരുന്നുവെന്ന ധ്വനിയാണ് സാദിഖലി തങ്ങളുടെ വാക്കുകളില്‍ ഉള്ളതെന്ന് ഷുക്കൂര്‍ വക്കീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
കാശിയിലെയും മഥുരയിലെയും പള്ളികളുടെ മേലുളള്ള അവകാശ വാദവും താജ് മഹലിനു മേലുള്ള അവകാശ വാദവും കൂടി പാണക്കാട് തങ്ങള്‍ ഇടപെട്ട് എത്രയും പെട്ടെന്നു അവകാശ വാദം ഉന്നയിക്കുന്നവര്‍ക്ക് നല്‍കി മതേതരത്വം ഒന്നു കൂടി ശക്തിപ്പെടുത്തണമെന്നും ഷുക്കൂര്‍ വക്കീല്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.
ഫേസ്ബുക് പോസ്റ്റ് വായിക്കാം
എല്ലാവര്‍ക്കും നന്മയും ക്ഷേമവും ലഭിക്കട്ടെ. ഭയം കൂടാതെ എല്ലാവരും ജീവിക്കുന്ന റിപബ്ലിക് ആകട്ടെ നമ്മുടെ രാജ്യം. മതേതരത്വം ശക്തി പെടാന്‍ ഭരണാധികാരി ചെയ്യുന്ന പ്രവര്‍ത്തികളെ നമ്മള്‍ പിന്തുണയ്ക്കുക. രാജ്യത്തെ പ്രബല ന്യൂനപക്ഷ മത വിഭാഗത്തിന്റെ ആത്മീയ രാഷ്ട്രീയ നേതാവ് പാണക്കാട് സാദിഖലി തങ്ങള്‍ പറയുന്നതു കേട്ടു. ''ഇന്ത്യയുടെ മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന മികച്ച ഉദാഹരണങ്ങളാണ് രാമക്ഷേത്രവും ഇനി അവിടെ പണിയാന്‍ പോകുന്ന ബാബരി മസ്ജിദും'' ഈ പ്രസ്താവനയില്‍ നിന്നും നമ്മള്‍ മനസ്സിലാക്കുന്നത് രാജ്യത്തെ മതേതരത്വം ശക്തിപ്പെടുത്തുന്നതിനു ഏറ്റവും വലിയ തടസ്സം നെഹ്‌റു ആയിരുന്നു. 1949 ല്‍ തന്നെ പള്ളി പൊളിച്ചു അവിടെ ക്ഷേത്രം പണിഞ്ഞിരുന്നെങ്കില്‍ അന്നു മുതല്‍ തന്നെ രാജ്യത്തെ മതേതരത്വ ശക്തിപ്പെടുമായിരുന്നു.
പിന്നെ അവിടെ (അയോധ്യയില്‍ ) നിര്‍മ്മിക്കുമെന്നു പറയുന്ന പള്ളിയുടെ പേര് ബാബ്‌റി മസ്ജിദ് എന്നാണോ? അല്ലെന്നാണ് മനസ്സിലാകുന്നത്. പിന്നെ കാശിയിലെയും മധുരയിലെയും പള്ളികളുടെ മേലുളള്ള അവകാശ വാദവും താജ് മഹലിനു മേലുള്ള അവകാശ വാദവും കൂടി പാണക്കാട് തങ്ങള്‍ ഇടപെട്ടു എത്രയും പെട്ടെന്നു അവകാശ വാദം ഉന്നയിക്കുന്നവര്‍ക്ക് നല്‍കി മതേതരത്വം ഒന്നു കൂടി ശക്തി പ്പെടുത്തണം. അല്ലാത്ത പക്ഷം ഏകനായ ദൈവത്തിലും പ്രവാചകരിലും വിശ്വസിക്കുന്നു എന്ന ഒരറ്റ കാരണത്താല്‍ ആയിരങ്ങളാണ് ദുരിതം അനുഭവിക്കേണ്ടി വരിക.
ശരിക്കും 49 ല്‍ ബാബ്‌റി പള്ളി വിട്ടു കൊടുത്തിരുന്നെങ്കില്‍ 1992 , 2002 ഒന്നും രാജ്യത്ത് സംഭവിക്കുമായിരുന്നില്ല. അതു കൊണ്ട് ബഹു തങ്ങള്‍ ആഗ്ര, മധുര, കാശി ദേശങ്ങളില്‍ കൂടി മതേതരത്വം ശക്തി പ്പെടുത്തുന്ന നടപടികള്‍ക്ക് പിന്തുണ നല്‍കി വിജയിപ്പിക്കുവാന്‍ മുന്‍കൈ എടുക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു. ഭയത്താല്‍ ചുറ്റപ്പെട്ടു ജീവിക്കുന്ന ഒരാള്‍ എന്ന നിലയിലാണ് തങ്ങളോട് അഭ്യര്‍ത്ഥന. പള്ളികള്‍ പൊളിച്ചാലെന്ത് , മതേതരത്വം ശക്തിപ്പെടുമല്ലോ. അല്‍ ഹംദുലില്ലാഹ്; ഖൈര്‍.
പെണ്ണു കണ്ടത് 5,000; ഒടുവില്‍ ടെക്കിക്ക് ഇണയെ കണ്ടുപിടിച്ച് നല്‍കിയത് യന്ത്രം