കൊച്ചി- കേരള ഹൈക്കോടതി ഇപ്പോള്‍ നിലവിലുള്ള എറണാകുളത്തു നിന്നും കളമശ്ശേരിയിലെ എച്ച്. എം. ടിയുടെ സ്ഥലത്തം 25 ഏക്കറിലേക്ക് മാറ്റാന്‍ പ്രാഥമിക ധാരണ. മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ധാരണയായത്. കളമശ്ശേരിയില്‍ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാനാണ് ധാരണയിലുള്ളത്. ഇതിനായി 17-ാം തിയ്യതി സ്ഥല പരിശോധന നടക്കും.
ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് രണ്ട് ജസ്റ്റിസുമാരും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ചീഫ് സെക്രട്ടറി, നിയമ- ധന വകുപ്പ് സെക്രട്ടറിമാരും ഉള്‍പ്പെടുന്ന സമിതി രൂപീകരിക്കും. ഇ-കോര്‍ട്ട് സംവിധാനത്തിന്റെ മൂന്നാംഘട്ടം തുടങ്ങാനും തീരുമാനമായി്.
ഹൈക്കോടതി ഉള്‍പ്പെടെയുള്ള നിയമ സ്ഥാപനങ്ങള്‍ ഒറ്റ കോമ്പൗണ്ടിലേക്ക് കൊണ്ടുവരുന്നതാണ് ജുഡീഷ്യല്‍ സിറ്റി. ഹൈക്കോടതിക്കു പുറമേ ജഡ്ജിമാരുടെ വസതികള്‍, അഭിഭാഷകരുടെ ഓഫീസ്, അഡ്വക്കേറ്റ് ജനറലും കോടതിയുമായി ബന്ധപ്പെട്ട മറ്റുദ്യോഗസ്ഥരുടെ ഓഫീസ്, ജുഡീഷ്യല്‍ അക്കാദമി തുടങ്ങിയ നിയമ സംവിധാനങ്ങളെല്ലാം ഒന്നിച്ചാകും.
ജുഡീഷ്യല്‍ സിറ്റി സ്ഥാപിച്ച് ഹൈക്കോടതിയും അനുബന്ധ സ്ഥാപനങ്ങളും മാറുന്നതോടെ നിലവില്‍ ഹൈക്കോടതി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ജില്ലാ കോടതിയും മറ്റു കോടതികളും മാറ്റും.