തൃശൂര്‍- അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ നടത്തിയ വിവാദ പരാമര്‍ശത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അയോധ്യയുമായി ബന്ധപ്പെട്ട് എല്ലാവരും വെള്ളത്തിന് തീ പിടിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ തീ അണക്കാനാണ് സാദിഖലി തങ്ങള്‍ ശ്രമിച്ചത്. വിദ്വേഷം പരത്തുകയാണ് എതിരാളികളുടെ ലക്ഷ്യം. തീവ്രവാദ സ്വഭാവമുള്ള ആളുകളുടെ കാലത്ത് സമാധാനത്തിന് വേണ്ടി സംസാരിക്കുന്നത് വലിയ കാര്യമാണെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.
അയോധ്യയിലെ രാമക്ഷേത്രവും തകര്‍ക്കപ്പെട്ട ബാബരി മസ്ജിദിനു പകരം പണികഴിപ്പിക്കാനിരിക്കുന്ന പള്ളിയും ഒരേപോലെ മതേതരത്വത്തിന്റെ പ്രതീകങ്ങളാണ് എന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രസംഗം. ഇന്ത്യയില്‍ ഏറ്റവും സെന്‍സിറ്റീവായ മുസ്‌ലിംകള്‍ കേരളത്തിലാണെന്നും പറഞ്ഞു.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലീഗിന് മൂന്ന് സീറ്റ് വേണമെന്നത് അര്‍ഹതപ്പെട്ട ആവശ്യമാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. ഇതിനെ കോണ്‍ഗ്രസ് ഒരിക്കലും ചോദ്യം ചെയ്യില്ല. നിലവിലെ സാഹചര്യത്തില്‍ പ്രായോഗിക വശങ്ങള്‍ ലീഗിനെ ബോധ്യപ്പെടുത്തും. കോണ്‍ഗ്രസിനൊപ്പം ആത്മാര്‍ഥമായി നില്‍ക്കുന്ന ഘടകകക്ഷിയാണ് ലീഗ്. യു.ഡി.എഫിന്റെ നട്ടെല്ലായ ലീഗുമായി ചര്‍ച്ച ചെയ്താണ് ഓരോ തീരുമാനങ്ങള്‍ എടുക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.