കൊച്ചി- കുറ്റകൃത്യങ്ങള്‍ നേരിടുന്നതിലും നീതി ഉറപ്പാക്കുന്നതിലും കേരളം ഏറെ മുന്നിലെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്റെയും പ്രോസിക്യൂഷന്‍ അക്കാദമിയുടെയും ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായവ, സമൂഹ മനസ്സാക്ഷിയെ നടുക്കുന്നവ, മയക്കുമരുന്ന് നിരോധന നിയമപ്രകാരമുള്ളവ എന്നിങ്ങനെ വിവിധ തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നേരിടുന്നതിലും കുറ്റവാളികളെ നിയമത്തിനു മുമ്പാകെ കൊണ്ടുവരുന്നതിലും അതിജീവിതര്‍ക്ക് നീതി ഉറപ്പാക്കുന്നതിലും നമ്മുടെ സംസ്ഥാനം ഏറെ മുന്നിലാണ്. അത്തരം കേസുകളിലെ കേരളത്തിന്റെ ശിക്ഷാനിരക്കും, വിചാരണ പൂര്‍ത്തീകരിക്കുന്നതിനുള്ള വേഗതയും എല്ലാം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. ഈ അടുത്ത കാലത്താണ് കുറ്റകൃത്യം നടന്ന് 100 ദിവസത്തിനകം തന്നെ അന്വേഷണവും വിചാരണയും പൂര്‍ത്തിയാക്കി കുറ്റവാളിയെ ശിക്ഷിച്ച അനുഭവം ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹീനമായ കുറ്റകൃത്യങ്ങളായി നമ്മുടെ സമൂഹം കരുതുന്ന പല കേസുകളിലും അതിവേഗത്തില്‍ അന്വേഷണവും വിചാരണയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. അതിന്റെ ഫലമായി പ്രതികള്‍ ഇത്തരം കേസുകളില്‍ ജാമ്യം എടുത്തു പുറത്തിറങ്ങി വിചാരണയെ തടസ്സപ്പെടുത്തുന്നതും സാക്ഷികളെ സ്വാധീനിക്കുന്നതും മറ്റും തടയാന്‍ കഴിഞ്ഞിട്ടുണ്ട്. പോലീസും ഇക്കാര്യത്തില്‍ വേണ്ട ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഏകോപിപ്പിക്കുന്നതിനു വേണ്ട സാഹചര്യം ഒരുക്കാന്‍ പ്രതിജ്ഞാബദ്ധമാണ് സംസ്ഥാന സര്‍ക്കാര്‍. ഏര്‍പ്പെട്ടിരിക്കുന്ന ചുമതകള്‍ കുറ്റമറ്റ രീതിയില്‍ തുടര്‍ന്നും നിര്‍വഹിക്കാന്‍ ആസ്ഥാന മന്ദിരത്തിലൂടെ പ്രോസിക്യൂഷന് സാധ്യമാകണം. പ്രോസിക്യൂഷന്‍ അക്കാദമിയും നിയമ ഗവേഷണ കേന്ദ്രവും നിലവില്‍ വരുന്നതോടെ ക്രിമിനല്‍ നീതിന്യായ സംവിധാനം കാലാകാലങ്ങളായി നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നും പ്രതീക്ഷിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രോസിക്യൂട്ടര്‍മാര്‍ക്ക് അവരുടെ അറിവുകളെയും കഴിവുകളെയും വികസിപ്പിക്കാന്‍ കഴിയുന്ന പരിശീലനം ലഭ്യമാക്കുന്ന ഒരു പ്രോസിക്യൂട്ടേഴ്‌സ് അക്കാദമി കൂടി ഇവിടെ പ്രവര്‍ത്തിപ്പിക്കണമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തു നിലവിലുള്ള പ്രോസിക്യൂഷന്‍ സംവിധാനം വിവിധ തട്ടുകളിലാണ് പ്രവര്‍ത്തിക്കുന്നത്. വിപുലമായ ഈ പ്രോസിക്യൂഷന്‍ സംവിധാനമാകെ ഒരു കേന്ദ്രീകൃത സംവിധാനമായി പ്രോസിക്യൂഷന്‍ ഡയറക്ടറേറ്റിനു കീഴില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതിന് ആവശ്യമായ രീതിയില്‍ പ്രോസിക്യൂഷന്‍ സംവിധാനത്തെയാകെ ക്രമീകരിക്കണം. ഇതൊക്കെ മുന്‍നിര്‍ത്തിയാണ് പ്രോസിക്യൂഷന്‍ ഡയറക്റ്ററേറ്റിനെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. അതിന്റെ ഭാഗമായാണ് പ്രോസിക്യൂഷന്‍ ഡയറക്ടറേറ്റിന്റെ ആസ്ഥാന മന്ദിരത്തിന് തറക്കല്ലിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്റെയും പ്രോസിക്യൂഷന്‍ അക്കാദമിയുടെയും ആസ്ഥാന മന്ദിരം സാധ്യമാകുന്നതോടെ നിയമ സംവിധാനം കൂടുതല്‍ ശക്തിപ്പെടുമെന്ന് മന്ദിര മാതൃക അനാഛാദനം ചെയ്തുകൊണ്ട് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ ജെ ദേശായി പറഞ്ഞു.
കേരള ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി എ ഷാജി അധ്യക്ഷത വഹിച്ചു. നിയമ, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, ഹൈബി ഈഡന്‍ എംപി, ടി.ജെ വിനോദ് എംഎല്‍എ, ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ എം എസ് ഗിരീഷ് പഞ്ചു, അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണക്കുറുപ്പ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കെ ഷീബ, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ രാജി ശിവദാസ്, ന്യായാധിപന്മാര്‍, അഡ്വക്കേറ്റ്സ്, പ്രോസിക്യൂട്ടറുമാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍പങ്കെടുത്തു.