ബന്ദിപ്പൂര്‍ - മയക്കുവെടിവച്ച് മാനന്തവാടിയില്‍നിന്ന് പിടികൂടിയതിന് പിന്നാലെ ചരിഞ്ഞ കാട്ടാന തണ്ണീര്‍ക്കൊമ്പന്റെ ശരീരത്തില്‍ ധാരാളം പെല്ലറ്റുകള്‍കൊണ്ട പാടുകളുണ്ടെന്ന് വനംവകുപ്പ്. കൃഷിയിടത്തിലോ ജനവാസമേഖലയിലോ എത്തിയപ്പോള്‍ കൊണ്ടതാകാമെന്നാണ് നിഗമനം.
അതേസമയം, തണ്ണീര്‍ക്കൊമ്പനെക്കുറിച്ച് ആശയവിനിമയം നടത്തിയിരുന്നുവെന്ന് കേരള, കര്‍ണാടക വനംവകുപ്പ് വ്യക്തമാക്കുന്നു. തോല്‍പ്പെട്ടി കാടുകളില്‍വച്ചാണ് കേരളം ആനയെ സ്‌പോട്ട് ചെയ്തത്. റേഡിയോ കോളര്‍ കണ്ടതിന് പിന്നാലെ ഐ.ഡി കണ്ടെത്തി ട്രാക്ക് ചെയ്യാന്‍ ആരംഭിച്ചു. നാലഞ്ച് മണിക്കൂറിന്റെ ഇടവേളയിലാണ് റേഡിയോ കോളറില്‍ നിന്ന് സിഗ്‌നല്‍ കിട്ടിയത്. സിഗ്‌നല്‍ ലഭിക്കുന്നതിലെ ഇടവേള ആനയെ പിന്തുടരുന്നതിന് തടസമായെന്നും വനംവകുപ്പ് പറയുന്നു.
നടപടികളില്‍ വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്ന് വനംവകുപ്പ് വ്യക്തമാക്കി. തണ്ണീര്‍ക്കൊമ്പന്‍ ദൗത്യം വിശകലനം ചെയ്യാന്‍ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിരിക്കുകയാണ്. ഈസ്‌റ്റേണ്‍ സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ വിജയാനന്ദ് ആണ് മേധാവി. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.