തിരുവനന്തപുരം-കേരളത്തിലുണ്ടായ പ്രളയം മനുഷ്യ നിര്‍മിത ദുരന്തമാണെന്നും ഉത്തരവാദിളെ കണ്ടെത്തണമെന്നും കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. സതീശന്റെ പരാമര്‍ശത്തിനെതിരെ സഭയില്‍ ഭരണപക്ഷത്തിന്റെ പ്രതിഷേധമുയര്‍ന്നു.
ഡാം മാനേജ്‌മെന്റിന്റെ പ്രാഥമിക പാഠം അറിയാത്തവര്‍ വരുത്തിവെച്ച ദുരന്തമാണിത്. വെള്ളം തുറന്നുവിടാന്‍ 20 ദിവസമുണ്ടായിട്ടും സര്‍ക്കാര്‍ ചലനമറ്റുനിന്നു. ആദ്യ രണ്ടു ദിവസം രക്ഷാപ്രവര്‍ത്തനത്തിനുപോലും സര്‍ക്കാര്‍ അനങ്ങിയില്ലെന്നും സുഖമില്ലാത്തവരെ കൊണ്ടുവന്നപ്പോള്‍ ആംബുലന്‍സ് പോലും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
മൃതദേഹങ്ങള്‍ കെഎസ്ആര്‍ടിസി ബസില്‍ കയറ്റിവിടേണ്ടിവന്നു. നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ ആരും അഭിമാനം കൊള്ളേണ്ട. മുഖ്യമന്ത്രിയുടെ പരാമര്‍ശം മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ നടുവൊടിക്കുമെന്നും സതീശന്‍ പറഞ്ഞു.