തൃശൂര്‍- ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി എഴുതി നല്‍കിയ കേരള ഗാനം നിരാകരിച്ചതായി കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ. സച്ചിദാനന്ദന്‍. കമ്മിറ്റിയംഗങ്ങളാരും പാട്ട് അംഗീകരിക്കാത്തതിനാലാണ് നിരാകരിച്ചതെന്നും അധ്യക്ഷന്‍ വ്യക്തമാക്കി.
'ശ്രീകുമാരന്‍ തമ്പി പാട്ട് എഴുതണമെന്നത് കമ്മിറ്റിയില്‍ തീരുമാനിച്ചതാണ്. പാട്ട് കമ്മിറ്റിക്ക് മുമ്പാകെ വച്ചപ്പോള്‍ അംഗങ്ങള്‍ക്ക് സമ്മതമായിരുന്നില്ല. വീണ്ടും ഗാനം ക്ഷണിച്ചു. വീണ്ടുമെത്തിയ പാട്ടുകളില്‍ ഹരിനാരായണന്‍ എഴുതിയ പാട്ടാണ് കൂടുതല്‍ നല്ലതാണെന്ന് തോന്നിയത്. ഹരിനാരായണന്‍ നിര്‍ദേശിച്ചപ്രകാരം ബിജിപാലായിരിക്കും പാട്ടിന് സംഗീതം നല്‍കുന്നത്. സംഗീതം നല്‍കി ചിട്ടപ്പെടുത്തിയ ഗാനം അംഗീകാരം ലഭിക്കുന്നതിനായി വീണ്ടും കമ്മിറ്റിക്ക് മുമ്പാകെ വെക്കും. ഇത് സ്വീകരിക്കപ്പെടുമെന്നാണ് കരുതുന്നത്.
എല്ലാവര്‍ക്കും പാടാന്‍ പറ്റുന്ന വളരെ ലളിതമായ രീതിയിലായിരിക്കും പാട്ട് തയാറാക്കുന്നത്. നിരാകരിച്ച കാര്യം ശ്രീകുമാരന്‍ തമ്പിയെ അറിയിച്ചോയെന്നത് സെക്രട്ടറിയോട് ചോദിക്കേണ്ടതുണ്ട്. വാട്‌സ്ആപ്പ് വഴിയാണ് ശ്രീകുമാരന്‍ തമ്പി പാട്ട് അയച്ചുതന്നത്. ഗാനം അംഗീകരിച്ചിട്ടില്ലെന്ന വിവരം സെക്രട്ടറി അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നാണ് എന്റെ ധാരണ. അതിനുശേഷമാണ് മറ്റുള്ളവരെ സമീപിച്ചത്.
ശ്രീകുമാരന്‍ തമ്പിയുടെ പാട്ടുകളോടും രചനയോടും വളരെ ബഹുമാനമുള്ളയാളാണ് ഞാന്‍. എന്നാല്‍ പാട്ട് തിരഞ്ഞെടുക്കുന്നത് ഒരാളുടെയല്ല, മറിച്ച് കമ്മിറ്റിയുടെ തീരുമാനമാണ്. കമ്മിറ്റിക്ക് സമ്മതമാകാത്ത ഒരുപാട് പ്രയോഗങ്ങളും രീതികളും ശ്രീകുമാരന്‍ തമ്പിയുടെ പാട്ടിലുണ്ടായിരുന്നു. മാത്രമല്ല, എല്ലാവര്‍ക്കും പാടാവുന്ന രീതിയിലുള്ള പാട്ടല്ല എന്ന തോന്നലുമാണ് നിരാകരിക്കാന്‍ കാരണമായത്. അദ്ദേഹത്തിന്റെ ഗാനലോകത്തെയല്ല മറിച്ച് ഒരു പ്രത്യേക പാട്ടിനെയാണ് നിരാകരിച്ചത്. ഒരു പ്രത്യേക ആവശ്യത്തിനായി ഉതകുന്ന പാട്ടല്ലെന്നായിരുന്നു കമ്മിറ്റിയുടെ വിലയിരുത്തല്‍. സംഗീതവും കവിതയും നന്നായി അറിയാവുന്ന അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്.
അക്കാദമിക്കെതിരെയുള്ള തുടര്‍ച്ചയായ വിവാദങ്ങളില്‍ ഗൂഢാലോചനയുള്ളതായി കരുതുന്നില്ല. ചെറിയ കാര്യങ്ങളെ സമൂഹമാധ്യമങ്ങളില്‍ വലിയ വിവാദങ്ങളാക്കി മാറ്റുന്നതില്‍ ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടാകാം- കെ സച്ചിദാനന്ദന്‍ വ്യക്തമാക്കി.
അതേസമയം, കേരള ഗാനത്തില്‍ തീരുമാനമായിട്ടില്ലെന്ന് അക്കാദമി സെക്രട്ടറി സി പി അബൂബക്കര്‍ പറഞ്ഞത്. കമ്മിറ്റി രൂപീകരിച്ച് യോഗങ്ങള്‍ ചേരുന്നതേയുള്ളൂ. കമ്മിറ്റി ചേര്‍ന്ന്, നല്ല പാട്ട് ലഭിച്ചെന്ന് ഉറപ്പുവരുത്തിയാലേ പാട്ട് സ്വീകരിക്കുകയുള്ളൂ. കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്ന പാട്ടാണ്. അതില്‍ കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും എല്ലാം എല്ലാ ആളുകള്‍ക്കും സ്വീകാര്യമായ രീതിയില്‍ വരണം. അതിനാലാണ് താമസം ഉണ്ടാവുന്നത്.