Sorry, you need to enable JavaScript to visit this website.

പുഴയില്‍ കണ്ടെത്തിയ മൃതദേഹം ഷഹീന്റെതെന്ന് സ്ഥിരീകരണം

മലപ്പുറം- കടലുണ്ടിപ്പുഴയില്‍ കണ്ടെത്തിയ മൃതദേഹം പിതൃസഹോദരന്‍  കൊലപ്പെടുത്തിയ മേലാറ്റൂരിലെ നാലാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷഹീന്റെ(ഒമ്പത്)താണെന്ന് സ്ഥിരീകരിച്ചു. ബന്ധുക്കളും അധ്യാപകരും മൃതദേഹം തിരിച്ചറിഞ്ഞു.  മലപ്പുറം കൂട്ടിലങ്ങാടിയില്‍ കടലുണ്ടിപ്പുഴയിലെ നെച്ചിക്കുറ്റിക്കടവില്‍ ബുധനാ്ച വെകീട്ട് അഞ്ചരയോടെ സമീപവാസിയായ ഉമ്മര്‍ ഏലാച്ചോലയാണ് മൃതദേഹം കണ്ടത്.
മൃതദേഹം പുഴയോരത്തു തന്നെ പോലീസ് കാവലില്‍ സൂക്ഷിച്ചിരിക്കയായിരുന്നു. ഡി.എന്‍.എ ഉള്‍പ്പെടെയുള്ള ശാസ്ത്രീയമായ പരിശോധനകള്‍ വേണ്ടിവരുമെന്ന് പോലീസ് പറഞ്ഞിരുന്നു.
ഈ മാസം 13നാണ് മേലാറ്റൂര്‍ എടയാറ്റൂര്‍ മങ്കരത്തൊടി സലീമിന്റെ മകന്‍ ഷഹീനെ കാണാതാത്. സ്‌കൂളിലേക്കു പോയ കുട്ടി തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്നു വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കുട്ടിയുടെ ബാഗും യൂണിഫോമും ആനക്കയം പാലത്തിനു സമീപത്തു നിന്നു കണ്ടെത്തിയതാണ് സംശയങ്ങളുയര്‍ത്തിയത്.
കുട്ടിയെ കണ്ടെത്താന്‍ പോലീസ് നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാര്‍ മേലാറ്റൂര്‍ പോലീസ് സ്റ്റേഷനിലേക്കു 18ന് പ്രതിഷേധ മാര്‍ച്ചും നടത്തി. ഇതിനിടെ ഷഹീനുമായി പിതൃസഹോദരന്‍ മങ്കരത്തൊടി മുഹമ്മദ് ബൈക്കില്‍ പോകുന്നത് മേലാറ്റൂരിലെ ഒരു സി.സി.ടി.വി കാമറയില്‍ പതിഞ്ഞത് സംശയത്തിനിടയാക്കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ മുഹമ്മദ് തട്ടിക്കൊണ്ടു പോയി പുഴയിലേറിഞ്ഞ് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് കണ്ടെത്തി. കുറ്റസമ്മതം നടത്തിയ മുഹമ്മദിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും കുട്ടിക്ക് എന്തു പറ്റിയെന്ന് കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിരുന്നില്ല. ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മുഹമ്മദ് കുട്ടിയെ തട്ടിക്കൊണ്ടുപോയതും പിന്നീട് പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയതും.
 

Latest News