കുവൈത്ത് സിറ്റി- തന്നെ ഓടിച്ചിട്ട് കടിച്ച തെരുവു പട്ടികള്‍ക്കെതിരെ സുഡാനിയുടെ പരാതി. കുവൈത്തില്‍ ഒട്ടകയോട്ട മത്സരം സംഘടിപ്പിക്കുന്ന ഏരിയയിലാണ് സംഭവം. അലഞ്ഞുനടക്കുന്ന പൂച്ചകള്‍ക്ക് തീറ്റ കൊടുക്കുന്നതിനിടെയാണ് തെരുവു പട്ടികള്‍ സുഡാനി ഇടയനെ ആക്രമിച്ചത്.
പട്ടികളില്‍ നിന്ന് ഓടി രക്ഷപ്പെടുന്നതിനുള്ള ഇയാളുടെ ശ്രമം വിജയിച്ചില്ല. കൂട്ടത്തില്‍ ഒരു പട്ടി സുഡാനിയെ കടിച്ച് പരിക്കേല്‍പിച്ചു. അല്‍അദാന്‍ ആശുപത്രിയില്‍ ചികിത്സ തേടിയ സുഡാനി മെഡിക്കല്‍ റിപ്പോര്‍ട്ട് സഹിതം അല്‍ അഹ്മദി പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. അബദ്ധത്തില്‍ സംഭവിച്ച പരിക്ക് എന്നോണം കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് സ്വദേശികളുടെയും വിദേശികളുടെയും ജീവന് ഭീഷണിയായ തെരുവു പട്ടികളെ കൊലപ്പെടുത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി ആശയ വിനിമയം നടത്തി നടപടികള്‍ സ്വീകരിച്ചു.