റിയാദ് - ഭീകര വിരുദ്ധ പോരാട്ടത്തിനുള്ള ഇസ്‌ലാമിക് സൈനിക സഖ്യത്തിന്റെ പദ്ധതികൾക്കുള്ള ഫണ്ടിലേക്ക് സൗദി അറേബ്യ പത്തു കോടി റിയാൽ സംഭാവന ചെയ്തു. ഭീകര വിരുദ്ധ പോരാട്ടത്തിനുള്ള ഇസ്‌ലാമിക് സൈനിക സഖ്യത്തിൽ അംഗങ്ങളായ രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാരുടെ രണ്ടാമത് യോഗത്തിൽ പങ്കെടുത്ത് സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരനാണ് പത്തു കോടിയുടെ സഹായം പ്രഖ്യാപിച്ചത്. സഖ്യത്തിലെ അംഗങ്ങളായ രാജ്യങ്ങൾ നാമനിർദേശം ചെയ്തവർക്ക് ഭീകര വിരുദ്ധ പോരാട്ട മേഖലയിൽ പരിശീലനം നൽകുന്നതിന് 46 ട്രെയിനിംഗ് പ്രോഗ്രാമുകൾ ഇതിനകം നടപ്പാക്കിയിട്ടുണ്ട്. ഭീകര വിരുദ്ധ പോരാട്ടത്തിനുള്ള ഇസ്‌ലാമിക് സൈനിക സഖ്യത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന നിലക്ക് പരിശീലന പ്രോഗ്രാമുകളും പദ്ധതികളും നടപ്പാക്കാൻ മറ്റു അംഗരാജ്യങ്ങളും നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.