മലപ്പുറം- അയോധ്യയിൽ കോടതി വിധിയുടെ പശ്ചാതലത്തിൽ നിർമിച്ച രാമക്ഷേത്രവും നിർമ്മിക്കാനിരിക്കുന്ന ബാബരി മസ്ജിദും ഇന്ത്യയുടെ മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന മികച്ച ഉദാഹരണമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. കർസേവകരാണ് ബാബരി മസ്ജിദ് തകർത്തത്. അവർ ബാബരി മസ്ജിദ് തകർത്തതിൽ നമുക്ക് അക്കാലത്ത് പ്രതിഷേധമുണ്ടായിരുന്നു. എന്നാൽ അതിനെ സഹിഷ്ണുതയോടെ നേരിടാൻ ഇന്ത്യൻ മുസ്ലിംകൾക്ക് കഴിഞ്ഞു എന്നതാണ്. പ്രത്യേകിച്ച് കേരളത്തിൽ. കേരളത്തിലാണല്ലോ മുസ്ലിംകൾ സെൻസിറ്റീവായും ഊർജസ്വലമായും ജീവിക്കുന്നത്. എന്നാൽ രാജ്യത്തിന് മുഴുവൻ കേരളം മാതൃക കാണിച്ചു. ലോകം മുഴുവൻ കേരളത്തെ ഉറ്റുനോക്കി. തകർന്നത് ബാബരി മസ്ജിദാണ്. തകർക്കപ്പെട്ടത് യു.പിയിലാണ്. എന്നാൽ എല്ലാവരും ഉറ്റുനോക്കിയത് തെക്കേ അറ്റത്തെ കേരളത്തെയാണ്. ഇവിടെ സമാധാനത്തിന്റെ പൂത്തിരി കത്തുന്നുണ്ടോ എന്നാണ് അവർ നോക്കിയതെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
അതേസമയം, സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ കടുത്ത വിമർശനമാണ് പ്രസംഗത്തിന് ശേഷം ചില കോണുകളിൽനിന്ന് ഉയരുന്നത്. ബാബരി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് പ്രതിഷേധമുണ്ടായിരുന്നെങ്ങിൽ ഇപ്പോഴില്ലേ എന്നൊരു വിഭാഗം ചോദിക്കുന്നു. അതേസമയം, ഒരു പള്ളി തകർത്ത ശേഷം അവിടെ അമ്പലം പണിയുന്നത് എങ്ങിനെയാണ് മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതെന്നും വിമർശകർ ചോദിക്കുന്നു. കഴിഞ്ഞ മാസം നടത്തിയ പ്രസംഗമാണിത്.