തിരുവനന്തപുരം - കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്ര സാഹിത്യോത്സവത്തിലെ ടി.എ-റമ്മ്യൂണറേഷൻ വിവാദത്തിൽ പ്രതികരിച്ച് സാസ്‌കാരിക മന്ത്രി സജി ചെറിയാൻ. കവി ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞതിൽ കാര്യമുണ്ടെന്നും ഓഫീസിന് സംഭവിച്ച പിഴവാണെന്നും മന്ത്രി പറഞ്ഞു. ചുള്ളിക്കാടിനെ ഫോണിൽ വിളിച്ച് ഖേദം പ്രകടിപ്പിച്ചതായും മന്ത്രി അറിയിച്ചു.
ഫെസ്റ്റുകൾക്ക് പണം നൽകുന്നുണ്ട്. എന്നാൽ, ചോദിക്കുന്നത് മുഴുവൻ കൊടുക്കാനാകില്ല. പണമല്ല സാഹിത്യകാരൻമാർക്ക് കിട്ടുന്ന പരിഗണനയാണ് വിഷയമെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാടിനോട് കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിലും മാപ്പ് ചോദിച്ചിരുന്നു. സംഭവത്തിൽ നേരിട്ട് പങ്കില്ലെങ്കിലും ഭാരവാഹിയെന്ന നിലയിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.
ജനുവരി 30ന് രാവിലെ കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാൻ അക്കാദമി തന്നെ ക്ഷണിച്ചിരുന്നുവെന്നും രണ്ട് മണിക്കൂർ സംസാരിച്ചതിന് 2,400 രൂപയാണ് നൽകിയതെന്നും 3500 രൂപ ചെലവഴിച്ചാണ് താൻ പരിപാടിക്ക് എത്തിയതെന്നും അദ്ദേഹത്തിന്റെ സുഹൃത്ത് സി ഐ സി സി ജയചന്ദ്രൻ ഫേസ്ബുക്കിലൂടെ അറിയിച്ചത് വലിയ വാർത്തയായിരുന്നു.
ഇതിന് പിന്നാലെ ചുള്ളിക്കാടിന് മാന്യമായ പ്രതിഫലം നൽകാൻ നടപടിയെടുത്തെന്നും അക്കൗണ്ടിന്റെ വിവരങ്ങൾ അയച്ചുതരാൻ പറഞ്ഞിട്ടുണ്ടെന്നും കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ പ്രതികരിച്ചിരുന്നു. ഒപ്പം നിലവിൽ നൽകിയ തുക നിയമപ്രകാരം കുറവല്ലെന്നും സംഘാടനത്തിൽ വന്ന പിഴവാണെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി.
'എന്റെ വില 2400 രൂപ! പിടിച്ചുപറിക്കരുത്, എനിക്ക് വേറെ പണിയുണ്ട്'; കേരള സാഹിത്യ അക്കാദമിയോട് ബാലചന്ദ്രൻ ചുള്ളിക്കാട്
തൃശൂർ - കേരള സാഹിത്യ അക്കാദമിക്കെതിരെ രൂക്ഷ പ്രതികരണവുമായി എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട് രംഗത്ത്. സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ പ്രഭാഷണം നടത്തിയതിന് 2400 രൂപ നൽകിയത് ചൂണ്ടിക്കാട്ടിയാണ് വിമർശം.
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സുഹൃത്ത് സി.ഐ.സി.സി ജയചന്ദ്രനാണ് കവിയെ ഉദ്ധരിച്ച് ഇക്കാര്യം ഫേസ്ബുക്കിൽ അറിയിച്ചത്. സാഹിത്യ അക്കാദമി വഴി എനിക്കു കൽപിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദിയുണ്ടെന്ന് അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.
അക്കാദമിയുടെ പരിപാടിക്ക് 3500 രൂപ ചെലവാക്കിയാണ് താനെത്തിയതെന്നും ബാക്കി തുക 1100 രൂപ സ്വന്തം പോക്കറ്റിൽനിന്ന് നൽകിയത് സീരിയലിൽ അഭിനയിച്ചു ഞാൻ നേടിയ പണത്തിൽനിന്നാണ്. ഒരപേക്ഷയുണ്ട്. നിങ്ങളുടെ സാംസ്‌കാരികാവശ്യങ്ങൾക്കായി ദയവായി മേലാൽ എന്നെ ബുദ്ധിമുട്ടിക്കരുത്. എന്റെ ആയുസ്സിൽനിന്ന് അവശേഷിക്കുന്ന സമയം പിടിച്ചുപറിക്കരുത്. എനിക്ക് വേറെ പണിയുണ്ടെന്ന കടുത്ത പ്രയാസമാണ് അദ്ദേഹം കുറിപ്പിലൂടെ അറിയിച്ചത്. സാഹിത്യ അക്കാദമി പോലുള്ള ഒരു സ്ഥാപനം അക്കാദമിക് സംബന്ധമായ കാര്യങ്ങളെ അർഹിക്കുന്ന ഗൗരവത്തോടെ കാണാതെ എഴുത്തുകാരെ അപമാനിക്കുന്നതും ചില തലങ്ങളിലെങ്കിലും അനാവശ്യമായ പരിധി വിട്ട് ഫണ്ട് ചെലവിടുന്നതും ചൂണ്ടിക്കാട്ടി പലരും ഇതോടായി പ്രതികരിച്ചിട്ടുണ്ട്.
കുറിപ്പിന്റെ പൂർണരൂപം
എന്റെ വില
ബാലചന്ദ്രൻ ചുള്ളിക്കാട്
കേരളജനത എനിക്കു നൽകുന്ന വില എന്താണെന്ന് ശരിക്കും എനിക്കു മനസ്സിലായത് ഇക്കഴിഞ്ഞ ജനുവരി മുപ്പതാം തീയതിയാണ്. (30.01.2024).
കേരളജനതയുടെ സാഹിത്യ അക്കാദമിയിൽ അന്താരാഷ്ട്ര സാഹിത്യോൽസവം. ജനുവരി 30ന് രാവിലെ കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാൻ അക്കാദമി എന്നെ ക്ഷണിച്ചിരുന്നു.
ഞാൻ അവിടെ കൃത്യസമയത്ത് എത്തുകയും ആ വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂർ സംസാരിക്കുകയും ചെയ്തു. അൻപതു വർഷം ആശാൻകവിത പഠിക്കാൻ ശ്രമിച്ചതിന്റെ ഫലമായി എന്റെ പരിമിതമായ ബുദ്ധിയാൽ മനസ്സാക്കിയ കാര്യങ്ങളാണ് പറഞ്ഞത്.
പ്രതിഫലമായി എനിക്കു നൽകിയത് രണ്ടായിരത്തിനാനൂറു രൂപയാണ്. (2400/)
എറണാകുളത്തുനിന്ന് തൃശൂർവരെ വാസ് ട്രാവൽസിന്റെ ടാക്‌സിക്ക് വെയ്റ്റിംഗ് ചാർജ്ജും ഡ്രൈവറുടെ ബാറ്റയുമടക്കം എനിക്കു ചെലവായത് മൂവായിരത്തി അഞ്ഞൂറു രൂപ(3500/). 3500 രൂപയിൽ 2400 രൂപ കഴിച്ച് ബാക്കി 1100 രൂപ ഞാൻ നൽകിയത് സീരിയലിൽ അഭിനയിച്ചു ഞാൻ നേടിയ പണത്തിൽനിന്നാണ്.
പ്രബുദ്ധരായ മലയാളികളേ,
നിങ്ങളുടെ സാഹിത്യ അക്കാദമിയിൽ അംഗമാകാനോ, നിങ്ങളുടെ മന്ത്രിമാരിൽ നിന്ന് കുനിഞ്ഞുനിന്ന് അവാർഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം ഞാൻ വന്നിട്ടില്ല. ഒരിക്കലും വരികയുമില്ല.
മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നൽകുന്ന മലയാളികളേ, നിങ്ങളുടെ സാഹിത്യ അക്കാദമി വഴി എനിക്കു നിങ്ങൾ കൽപിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദി. ഒരപേക്ഷയുണ്ട്. നിങ്ങളുടെ സാംസ്‌കാരികാവശ്യങ്ങൾക്കായി ദയവായി മേലാൽ എന്നെ ബുദ്ധിമുട്ടിക്കരുത്. എന്റെ ആയുസ്സിൽനിന്ന് അവശേഷിക്കുന്ന സമയം പിടിച്ചുപറിക്കരുത്. എനിക്ക് വേറെ പണിയുണ്ട്.