Sorry, you need to enable JavaScript to visit this website.

പൊതുമരാമത്ത് വകുപ്പ് ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും -മന്ത്രി റിയാസ്

കുരിശിങ്കൽ-ചെമ്പകപ്പാറ റോഡ് നിർമാണോദ്ഘാടനത്തിന്റെ ശിലാസ്ഥാപനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുന്നു.

ഇടുക്കി- പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പദ്ധതികളിൽ ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കുരിശിങ്കൽ-ചെമ്പകപ്പാറ റോഡ് നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനക്ഷേമ പദ്ധതികൾ തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകുവാനുള്ള എല്ലാ ശ്രമവും സർക്കാർ നടത്തിവരുന്നു. മറ്റ് സംസ്ഥാനങ്ങളെക്കാളും മുന്നിൽ എത്താൻ കേരളത്തിന് സാധിക്കുന്നുണ്ട്. രാജ്യത്ത് ആദ്യമായി പ്ലാനിംഗ് കോൺട്രാക്ട് സംവിധാനം കൊണ്ടുവരാൻ നമുക്ക് സാധിച്ചു. മലയോര ഹൈവേയുടെ പ്രവർത്തനം കാർഷിക മേഖലാ ടൂറിസത്തിന്  കൂടുതൽ വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
റോഡിന്റെ ശിലാസ്ഥാപന അനാച്ഛദനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ പണിക്കൻകുടി, മുള്ളരിക്കുടി, പെരിഞ്ചാംകുട്ടി വാർഡുകളിൽ കൂടി കടന്നുപോകുന്നതും കൊന്നത്തടി വാത്തിക്കുടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതുമായ  ഈ റോഡിന് കഴിഞ്ഞ ബജറ്റിലാണ് ആറുകോടി രൂപ അനുവദിച്ചത്. പണിക്കൻകുടിയിൽ നിന്ന് ആരംഭിച്ച് അഞ്ചുമുക്ക് വഴി ചെമ്പകപ്പാറയിൽ എത്തിച്ചേരുന്ന റോഡാണ് ഇത്. 5.025 കിലോമീറ്ററാണ് റോഡിന്റെ നീളം. റോഡിന്റെ ആദ്യത്തെ 2.1 കി.മീ ദൂരവും അവസാനത്തെ 0.70 കി.മീ ദൂരവും വിവിധ പദ്ധതികളിലായി ടാറിംഗ് നടത്തിയിരുന്നു. ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തി, കലുങ്കുകൾ എന്നിവയുടെ നിർമാണം,  വീതി കൂട്ടൽ തുടങ്ങിയവ പ്രവൃത്തിയിൽ ഉൾപ്പെടുന്നു. ആവശ്യമുള്ള ഭാഗങ്ങളിൽ ഐറിഷ് ഓട, റോഡ് സുരക്ഷയ്ക്കുള്ള ക്രഷ് ബാറിയർ, റോഡ് സുരക്ഷാ സംവിധാനങ്ങൾ എന്നിവയും ഉൾപ്പെടുത്തിയാണ് റോഡ് നിർമാണം പൂർത്തീകരിക്കുക.
പരിപാടിയിൽ കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ്, ജില്ലാ പഞ്ചായത്ത് അംഗം ഷൈനി സജി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. മൽക്ക, മറ്റ് ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Latest News