മക്ക- മക്കയിലെ വിശുദ്ധ ഹറമിൽ കഅ്ബ പ്രദക്ഷിണം ചെയ്യുന്നതിനിടെ വിശ്വാസികൾ തൊടാൻ ഏറെ ആഗ്രഹിക്കുന്ന ഒന്നാണ് ഹജറുൽ അസ്‌വദ്. അന്ത്യപ്രവാചകൻ മുഹമ്മദ് നബി കഅ്ബ പ്രദക്ഷിണം ചെയ്യുന്നതിന് തുടക്കം കുറിച്ചത് ഹജറുൽ അസ്‌വദ് അടയാളം വെച്ചായിരുന്നു. ആദ്യ പ്രവാചകൻ ആദം നബിയുടെ കാലത്ത് സ്വർഗത്തിൽനിന്നും വീണതാണ് ഈ കല്ല് എന്നും വിശ്വാസമുണ്ട്. ഹജറുൽ അസ്‌വദിന് അടുത്ത് എത്തുമ്പോഴാണ് വിശ്വാസികൾ കൈ ഉയർത്തി പ്രാർത്ഥനയും പ്രദക്ഷിണവും തുടങ്ങാറുള്ളത്.
എന്നാൽ ഈ കല്ലിനെ ചുംബിക്കാനും തൊടാനും തിക്കും തിരക്കും ഒഴിഞ്ഞ നേരമുണ്ടാകാറില്ല. ഹജറുൽ അസ് വദിനെ തൊടുന്നത് സംബന്ധിച്ച് മാർഗനിർദ്ദേശം പുറത്തിറക്കിയിരിക്കുകയാണ് ഹജ് ആന്റ് ഉംറ വകുപ്പ്. മറ്റു വിശ്വാസികളുടെ ദേഹത്ത് തട്ടിയും തിക്കും തിരക്കുമുണ്ടാക്കി ഹജറുൽ അസ് വദിനെ തൊടാൻ ശ്രമിക്കരുതെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. മറ്റു വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ഒന്നും ചെയ്യരുത്. തൊടാൻ അവസരമുണ്ടെങ്കിൽ മാത്രമേ ഹജറുൽ അസ് വദിനെ തൊടാൻ ശ്രമിക്കാവൂ. അല്ലെങ്കിൽ പ്രദക്ഷിണം തുടരുകയാണ് വേണ്ടതെന്നും ഹറം വകുപ്പ് നിർദ്ദേശിച്ചു.
When you reach the Black Stone, lightly touch it if possible, or make way for others if not, so that you gain tranquillity and calmness.#In_the_love_of_Al_Madina pic.twitter.com/s9mrpn6c1d
— Ministry of Hajj and Umrah (@MoHU_En) February 3, 2024