പാലക്കാട്- വി.ടി ബൽറാം എം.എൽ.എയും ഇടത് സാംസ്‌കാരിക പ്രവർത്തകനും സി.പി.എം നേതാവുമായ അശോകൻ ചെരുവിലും തമ്മിൽ ഫെയ്‌സ്ബുക്കിൽ വാക് പോര്. വി.ടി ബൽറാം തന്നെ പേഴ്‌സണൽ ചാറ്റിൽ തെറിവിളിച്ചുവെന്നും ആരോപിച്ച് അശോകൻ ചെരുവിലാണ് ആദ്യം രംഗത്തെത്തിയത്. എന്നാൽ ചാറ്റിന്റെ പൂർണരൂപം അധികം വൈകാതെ ബൽറാം പുറത്തുവിട്ടു.
ഒരു സംവാദത്തിനിടക്ക് ബഹു: തൃത്താല എം.എൽ.എ. ശ്രി.വി.ടി ബൽറാം തന്നെ പുന്നാര എമ്പോക്കി മോനേ അശോകാ എന്ന് വിളിച്ചു അധിക്ഷേപിച്ചുവെന്നായിരുന്നു അശോകൻ ചെരുവിലിന്റെ ആരോപണം. ബൽറാമിനെ വിമർശിക്കുകയും 'നീ' എന്ന് അഭിസംബോധന നടത്തുകയും ചെയ്ത തൃത്താലയിലെ ഒരു വോട്ടറുടെ കമന്റിന് ലൈക്ക് ചെയ്തതാണ് ബൽറാമിനെ പ്രകോപിച്ചതെന്നും അശോകൻ വ്യക്തമാക്കിയിരുന്നു.
എന്നാൽ ചാറ്റിന്റെ പൂർണരൂപം പിന്നീട് ബൽറാം പുറത്തുവിട്ടു. എന്ത് വലിയ നുണയനാണ് സിപിഎം സാംസ്‌ക്കാരിക സംഘടനയുടെ പ്രസിഡണ്ടായ അശോകൻ ചരുവിൽ എന്നയാളെന്ന് പറഞ്ഞാണ് ബൽറാം ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടത്. ആളുകളെ കബളിപ്പിക്കുന്ന തരത്തിലാണ് അയാൾ ഒരു സ്‌ക്രീൻ ഷോട്ട് സ്വന്തം വാളിൽ ഇട്ടതെന്നും ബൽറാം ആരോപിച്ചു.
എന്റെ വാളിൽ സർക്കാർ സ്‌കൂൾ അധ്യാപകനായ ഒരാൾ വന്ന് ''പുന്നാര മോനേ', 'എമ്പോക്കി' എന്നൊക്കെപ്പറഞ്ഞ് അധിക്ഷേപം നടത്തിയ കമന്റ് ഇദ്ദേഹം ലൈക് ചെയ്തപ്പോൾ അതിലെ ഔചിത്യമാണ് ദീർഘകാലമായി ഫേസ്ബുക്ക് ഫ്രണ്ടായ അശോകൻ ചെരുവിലിനോട് ചാറ്റ് ബോക്‌സിൽ ചോദിച്ചത്. ലൈക് എന്നത് പൂർണ്ണ പിന്തുണയാണ് എന്നാണല്ലോ ഫേസ്ബുക്കിലെ സിപിഎമ്മുകാരുടെ വാദം. വ്യക്തിബന്ധം വച്ചുള്ള എന്റെ ചോദ്യത്തിന് ഈ സാംസ്‌ക്കാരിക നായകൻ നൽകിയ മറുപടിയാണ് ഞാനീ ഇടുന്ന യഥാർത്ഥ സ്‌ക്രീൻ ഷോട്ടിൽ ഉള്ളത്. 'നീ' എന്നതൊഴിച്ചാൽ ആ സർക്കാർ സ്‌കൂൾ അധ്യാപകൻ പറഞ്ഞതിൽ ഒരു തെറ്റും ഇല്ലാത്രേ. ആ കമന്റിന് ഇയാൾ 95 മാർക്കും എ പ്ലസ് ഗ്രേഡും നൽകുമത്രേ. സാംസ്‌ക്കാരിക നായകന് പരിഹാസം പൊട്ടിയൊലിക്കുകയാണ്.
എന്നാൽപ്പിന്നെ ഇയാൾക്ക് ഒരപാകതയും തോന്നാത്ത ആ വാക്കുകൾ തന്നെ പറഞ്ഞ് ഈ ഫേസ്ബുക്ക് സൗഹൃദം അവസാനിപ്പിച്ചേക്കാമെന്ന് ഞാനും കരുതി. അതിന്റെ പേരിൽ നിലവാര സർട്ടിഫിക്കറ്റുമായി നടക്കുന്നവരോട് നമോവാകം-ബൽറാം പറഞ്ഞു.
ബൽറാം വിശദീകരണം കൂടി വന്നതോടെ കടുത്ത വിമർശനമാണ് അശോകൻ ചെരുവിലിന് നേരെ ഉയർന്നത്. വടി കൊടുത്ത് അടിവാങ്ങുകയാണ് അശോകൻ ചെരുവിലെന്നും മോശമല്ലെന്ന് അശോകൻ ചെരുവിൽ കരുതുന്ന അതേ വാക്കുകൊണ്ട് ബൽറാം തിരിച്ചടിക്കുകയായിരുന്നുവെന്നും ബൽറാമിനെ അനൂകൂലിക്കുന്നവർ പറയുന്നു.