Sorry, you need to enable JavaScript to visit this website.

നൊമ്പരമായി തണ്ണീര്‍ക്കൊമ്പന്റെ വേര്‍പാട്, മരണ കാരണം ഹൃദയാഘാതം

കല്‍പറ്റ- വടക്കേ വയനാട്ടിലെ മാനന്തവാടി ടൗണില്‍ ഇറങ്ങിയതിനെത്തുടര്‍ന്ന് രണ്ടുവട്ടം വെടിവെച്ചു മയക്കി വെള്ളിയാഴ്ച രാത്രി പത്തോടെ ലോറിയില്‍ കയറ്റി കര്‍ണാടകയിലെ ബന്ദിപ്പുരയിലേക്ക് കൊണ്ടുപോയ 'തണ്ണീര്‍' എന്ന കൊമ്പനാന ചരിഞ്ഞത് വനസേനയ്ക്കു പുറമേ ജനത്തിനും നൊമ്പരമായി. ശനിയാഴ്ച പുലര്‍ച്ചെ 2.30ന് ബന്ദിപ്പുര രാംപുര എലഫന്റ് ക്യാമ്പില്‍ എത്തിച്ച ആന വാഹനത്തില്‍നിന്നു ഇറക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. വൈകാതെ പ്രാണന്‍ നഷ്ടമായി. കഴിഞ്ഞ 20 ദിവസങ്ങള്‍ക്കിടെ കര്‍ണാടകയിലും മാനന്തവാടിയിലുമായി മൂന്നു തവണയാണ്  കൊമ്പന്‍ മയക്കുവെടി പ്രയോഗത്തിനു വിധേയനായത് . ഇതാണ് ആനയുടെ ജീവനെടുത്തതെന്ന സംശയം വന്യമൃഗ സ്‌നേഹികള്‍ക്കിടയില്‍ രൂപപ്പെടുന്നതിനു കാരണമായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയ്ക്കും പിന്നീടുമായി രണ്ടുതവണ മരുന്ന് പ്രയോഗിച്ചശേഷമാണ് ആന മയങ്ങിയത്.
ആനയുടെ മരണകാരണം ഹൃദയാഘാതമാണെന്നാണ് ജഡം പോസ്റ്റുമോട്ടം ചെയ്ത വിദഗ്ധസംഘം അഭിപ്രായപ്പെട്ടത്. ഇത് മയക്കുവെടി പ്രയോഗത്തിലെ പിഴവാണ് ആനയുടെ മരണത്തിനു ഇടയാക്കിയതെന്ന  സന്ദേഹത്തിന്റെ നിഴലില്‍നിന്നു വനസേന ഒഴിവാകുന്നതിനും സഹായകമായി. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ലഭിക്കുന്ന മുറയ്ക്ക് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കേരള, കര്‍ണാടക വനംവന്യജീവി വകുപ്പ് മേധാവികള്‍ക്ക് ലഭിക്കും. നാല് ദിവസം പഴക്കം മതിക്കുന്ന  പഴുപ്പുബാധിച്ച മുറിവ് ആനയുടെ കാലില്‍ ഉണ്ടായിരുന്നു. മുറിവില്‍നിന്നു ഒരു ലിറ്ററോളം പഴുപ്പ് പുറത്തെടുത്തു. ആനയുടെ ഞരമ്പുകല്‍ കൊഴുപ്പ് അടിഞ്ഞിരുന്നതായും ക്ഷയം ബാധിച്ചിരുന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് 12 ഓടെയാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ തുടങ്ങിയത്. സൗത്ത് വയനാട് ഡി.എഫ്.ഒ എ.ഷജ്‌ന കരിം, നോര്‍ത്ത് വയനാട് ഡി.എഫ്.ഒ മാര്‍ട്ടന്‍ ലോവല്‍, ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ അജേഷ് മോഹന്‍ദാസ്, ദ്രുത പ്രതികരണ സേനാംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കര്‍ണാടക വനസേനയിലെ വിദഗ്ധര്‍
പോസ്റ്റുമോര്‍ട്ടം നടത്തിയത്. പോസ്റ്റുമോര്‍ട്ടം നടക്കുന്ന സ്ഥലത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.
ആന ചരിഞ്ഞ സംഭവം അന്വേഷിക്കാന്‍ കര്‍ണാടക മുഖ്യ വനപാലകന്‍ രാവിലെ തന്നെ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. കൊമ്പന്റെ മരണം അന്വേഷണവിധേയമാക്കുമെന്ന് കേരള വനം മന്ത്രി എ.കെ.ശശീന്ദ്രനും രാവിലെ വ്യക്തമാക്കുകയുണ്ടായി.
കഴിഞ്ഞ മാസം 16ന്  ഹാസനിലെ സഹാറാ എസ്‌റ്റേറ്റില്‍നിന്നു കര്‍ണാടക വനം വകുപ്പ്  മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് മൂലഹള്ള വനത്തില്‍ വിട്ട ആനയാണ് മാനന്തവാടിയില്‍ എത്തിയത്. ബന്ദിപ്പുര, നാഗര്‍ഹോള, വയനാട് വന്യജീവി സങ്കേതം വഴി ഏകദേശം 200 കിലോമീറ്റര്‍ താണ്ടിയായിരുന്നു ആനയുടെ വരവ്. ഹാസനിലെ കാപ്പിത്തോട്ടത്തില്‍നിന്നു പിടിച്ചതിനു പിന്നാലെയാണ് ആനയ്ക്കു 'തണ്ണീര്‍'എന്നു പേരിട്ടത്. കാപ്പിത്തോട്ടങ്ങളിലെ നീര്‍ച്ചാലുകളില്‍ കിടക്കുന്ന ശീലമാണ് ആനയെ 'തണ്ണീര്‍' എന്നു നാമകരണം ചെയ്തതിനു കാരണമായത്. കൃഷിയിടങ്ങളില്‍ നാശം വരുത്തുമായിരുന്നെങ്കിലും ആന അക്രമ സ്വഭാവം കാട്ടിയിരുന്നില്ല. ആന മാനന്തവാടി നഗരത്തിലൂടെയടക്കം നടന്നതും താഴെ അങ്ങാടിയിലെ കുമുക്‌വാഴ തോപ്പില്‍ നിലയുറപ്പിച്ചതും ശാന്തനായാണ്. മുത്തങ്ങയില്‍നിന്നു എത്തിച്ച കുംകി ആനകളുടെ സഹായത്തോടെയാണ് കാട്ടുകൊമ്പനെ ലോറിയിലാക്കി കര്‍ണാടകയിലേക്ക് കൊണ്ടുപോയത്. കേരള, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നുള്ള വനം, പോലീസ് സേനാംഗങ്ങള്‍ ആനയെ അനുഗമിച്ചിരുന്നു.
പടംബന്ദിപ്പുര രാംപുര എലഫന്റ് ക്യാമ്പ് പരിസരത്തുനിന്നുള്ള ദൃശ്യം.

 

Latest News