Sorry, you need to enable JavaScript to visit this website.

ചുള്ളിക്കാടിനെ പിന്തുണച്ച് അശോകന്‍ ചരുവില്‍, വിമര്‍ശിച്ച് സച്ചിദാനന്ദന്‍

 തൃശൂര്‍ - പ്രതിഫലത്തുക വിവാദത്തില്‍ ചുള്ളിക്കാടിനെ  പിന്തുണച്ച് അശോകന്‍ ചരുവില്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടപ്പോള്‍ ചുള്ളിക്കാടിനെ പരോക്ഷമായി വിമര്‍ശിക്കുന്ന രീതിയില്‍   സച്ചിദാനന്ദന്റെ ഫേയ്‌സ്ബുക്ക് കുറിപ്പ്.
 യാത്രാ ബത്ത  വിവാദത്തില്‍ ചുള്ളിക്കാടിനോട് മാപ്പ് ചോദിച്ചുകൊണ്ടാണ് അശോകന്‍ ചെരുവില്‍ ഫെയ്‌സ്ബുക്കില്‍ പ്രതിഫലത്തിലും യാത്രബത്ത കാര്യത്തിലും എഴുത്തുകാര്‍ നേരിടുന്ന അവഗണനയെക്കുറിച്ച് ചുള്ളിക്കാടിനേക്കാള്‍ രൂക്ഷഭാഷയില്‍ വിമര്‍ശം ഉന്നയിച്ചിരിക്കുന്നത്.
 അതേസമയം ചുള്ളിക്കാടിനെ പരാതി സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്താമായിരുന്നു എന്നാണ് സച്ചിദാനന്ദന്റെ ഫേയ്‌സ്ബു ക്ക് പോസ്റ്റ്.
 പ്രതിഫലം കുറഞ്ഞുപോയത് കേരളം മുഴുവന്‍ ചര്‍ച്ചയായതിന്റെ നീരസം സച്ചിദാനന്ദന്റെ ഫേയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാണ്.

 അശോകന്‍ ചരുവിലിന്റെ ഫേയ്‌സ്ബുക്ക്  കുറിപ്പ്...


അക്കാദമി സാഹിത്യോത്സവം;
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വിമര്‍ശനം ശരിയാണ്.
കേരള സാഹിത്യ അക്കാദമിയില്‍ നിന്ന് യാത്രാക്കൂലിയുമായി ബന്ധപ്പെട്ട് ബാലചന്ദ്രന്‍ ചുള്ളിക്കാടിന് ദുരനുഭവം ഉണ്ടായതില്‍ അങ്ങേയറ്റം ഖേദിക്കുന്നു. നേരിട്ടു പങ്കുള്ള വിഷയമല്ലെങ്കിലും അക്കാദമി ഭാരവാഹി എന്ന നിലയില്‍ ഞാന്‍ പ്രിയപ്പെട്ട ബാലചന്ദ്രനോട് മാപ്പുചോദിക്കുന്നു.
ഈ സംഗതി ബാലചന്ദ്രന്‍ വെളിപ്പെടുത്തിയത് ഉചിതമായി. യാത്രാക്കൂലി / പ്രതിഫലം എന്നീ കാര്യങ്ങളില്‍ എഴുത്തുകാര്‍ വലിയ അവഗണനാണ് നേരിടുന്നത്. ലക്ഷക്കണക്കിന് രൂപ മുടക്കി നടത്തുന്ന ചില സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് പലപ്പോഴും പ്രതിഫലം നല്‍കുന്നില്ല. പങ്കെടുപ്പിക്കുന്നത് തന്നെ ഔദാര്യം എന്ന നിലപാടാണ് സംഘാടകര്‍ സ്വീകരിക്കുന്നത്.
സര്‍ക്കാരുമായി ബന്ധപ്പെട്ട സാംസ്‌കാരിക സ്ഥാപനങ്ങളും യൂണിവേഴ്‌സിറ്റികളും എഴുത്തുകാര്‍ക്കുള്ള യാത്രാപ്പടിയും പ്രതിഫലവും കണക്കാക്കുന്നത് ഫ്യൂഡല്‍ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ്. ഓണപ്പുടവ കൊടുക്കുന്ന മട്ടില്‍. യൂണിവേഴ്‌സിറ്റി അധ്യാപകന്റെ ഒരു ദിവസത്തെ ശമ്പളത്തിന്റെ നാലിലൊന്നു പോലും അവിടെ പ്രഭാഷണത്തിനെത്തുന്ന എഴുത്തുകാരന് കൊടുക്കാറില്ല.
നമ്മുടെ കേരളത്തില്‍ ഭരണവര്‍ഗ്ഗത്തോടും അവരുടെ സാംസ്‌കാരിക പ്രത്യയശാസ്ത്രത്തോടും സന്ധിയില്ലാതെ സമരം ചെയ്തു നില്‍ക്കുന്ന നിരവധി ജനകീയസംഘങ്ങളുണ്ട്. ആശയപരമായ സമ്പന്നതയിലും അതേസമയം സാമ്പത്തികമായി അങ്ങേയറ്റം ദാരിദ്ര്യത്തിലുമാണ് അവ പ്രവര്‍ത്തിക്കുന്നത്. സമാന ചിന്തയുള്ള എഴുത്തുകാര്‍ അവര്‍ക്കൊപ്പം ചേരുക പതിവുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ പ്രതിഫലം വാങ്ങാതിരിക്കുകയോ നാമമാത്രമായ യാത്രാപ്പടി മാത്രം വാങ്ങുകയോ പതിവുണ്ട്. അത് ആശയത്തോടും പ്രസ്ഥാനത്തോടുമുള്ള അവരുടെ ആത്മസമര്‍പ്പണത്തിന്റെ ഭാഗമാണ്. പക്ഷേ കൃത്യമായി ശമ്പളവും മറ്റും നല്‍കി പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക സ്ഥാപനങ്ങള്‍ എഴുത്തുകാര്‍ക്കു മാത്രം പ്രതിഫലം നല്‍കാതിരിക്കുന്നത് വലിയ തെറ്റാണ്. അക്കാദമികളും മറ്റു സാംസ്‌കാരിക സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത് ആ സ്ഥാപനങ്ങള്‍ക്കു വേണ്ടിയല്ല. സംസ്‌കാരത്തിനും ആ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും വേണ്ടിയാണ്. അല്ലെങ്കില്‍ അങ്ങനെയാകണം.

സച്ചിദാനന്ദന്റെ  ഫേയ്‌സ്ബുക്ക് കുറിപ്പ്...

അനേകം മനുഷ്യരുടെ സാഹിത്യത്തോടുള്ള അഗാധമായ സ്‌നേഹവും ഉറക്കമൊഴിച്ചുള്ള പ്രയത്‌നവുമാണ് അക്കാദമിയുടെ സാഹിത്യോത്സവം ഒരു വന്‍ വിജയമാക്കിയത്. ആര്‍ക്കെങ്കിലും യാത്രപ്പടിയേക്കുറി ച്ച് പരാതികള്‍ ഉണ്ടെങ്കില്‍ അത് സെക്രട്ടറിയുടെ ശ്രദ്ധയില്‍ പെടുത്തുകയാണ് ശരിയായ വഴി. അങ്ങിനെ വന്ന പരാതികള്‍ എല്ലാം പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു പാവം ഉദ്യോഗസ്ഥ നിയമം യാന്ത്രികമായി പിന്തുടര്‍ന്നത് മാത്രമാണ് ചില പരാതികള്‍ക്ക് കാരണമായത്. അതും സാഹിത്യശത്രുക്കള്‍ക്ക് ആയുധമായി കാണുന്നതില്‍ വിഷമം തോന്നുന്നു. പണം പ്രധാനമായ ഒരു സമൂഹത്തിന്റെ മൂല്യവ്യവസ്ഥയാണ് ഇതിന് പിറകില്‍. ഒരു പൈസയും വാങ്ങാതെ അനേകംസാഹിത്യ പരിപാടികള്‍ കേള്‍ക്കാനും പങ്കെടുക്കാനും പോയിട്ടുള്ള ഒരാള്‍ എന്ന നിലയിലാണ് ഇത് പറയുന്നത്. എനിക്ക് കണക്ക് പറയാന്‍ അറിഞ്ഞു കൂടാ. ഈ സമൂഹത്തിന് ഞാന്‍ പറ്റില്ല.

 

Latest News