ദുബയ്- സെപ്തംബറില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതോടെ ദുബയിലെ 17 സ്‌കൂളുകളിലെ 8,873 വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി സ്‌കൂളുകളിലെത്തിക്കാനും തിരികെ വീട്ടിലെത്തിക്കാനും റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍.ടി.എ) 368 സ്മാര്‍ട് ബസുകള്‍ നിരത്തിലിറക്കും. ആര്‍.ടി.എയുടെ കീഴിലുള്ള ദുബയ് ടാക്‌സി കോര്‍പറേഷന്‍ (ഡി.ടി.സി) ആണു അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള ഈ ബസുകള്‍ ഓപറേറ്റ് ചെയ്യുക. പരസ്ഥിതി സൗഹൃദമായ ഈ ബസുകളില്‍ കുട്ടികളുടെ വരവും പോക്കും ഡി.ടി.സിയുടെ കണ്ട്രോള്‍ സെന്ററിലിരുന്ന് നിരീക്ഷിക്കാവുന്ന നിരീക്ഷണ കാമറകള്‍ അടക്കം എല്ലാ സുരക്ഷാ, സംരക്ഷണ സംവിധാനങ്ങളും ഉണ്ട്. എഞ്ചിന്‍ ഓഫ് ചെയ്യുന്ന ബട്ടണ്‍ ഈ ബസുകളില്‍ ഏറ്റവും പിറകിലെ സീറ്റിനു പിന്നിലാണ് നല്‍കിയിരിക്കുന്നത്. ബസ് നിര്‍ത്തിയ ശേഷം എഞ്ചിന്‍ ഓഫ് ചെയ്യണമെങ്കില്‍ ഡ്രൈവര്‍ ഇറങ്ങി ബസിലെ ഏറ്റവും പിറകിലേക്കു വരണം. വാതിലുകള്‍ ലോക്ക് ചെയ്തു മടങ്ങും മുമ്പ് ബസിനുള്ളില്‍ ഒരു കുട്ടിയും അവശേഷിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കുട്ടികളുടെ ഈ ബസിലെ യാത്രകള്‍ രക്ഷിതാക്കള്‍ ട്രാക്ക് ചെയ്യാവുന്ന ഡി.ടി.സി സ്‌കൂള്‍ ബസ് എന്ന ആപ്പും ഡി.ടി.സി അവതരിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ ബസില്‍ കയറുന്ന സമയവും ഇറങ്ങുന്ന സമയവും രക്ഷിതാക്കളെ ജിപിഎസ് സംവിധാനം വഴി നോട്ടിഫൈ ചെയ്യും. രണ്ടു വര്‍ഷം മുമ്പാണ് 117 ബസുകളുമായി ഈ സര്‍വീസ് ആര്‍.ടി.എ തുടങ്ങിയത്. ഈ വര്‍ഷത്തോടെ 368 ബസുകളായി. 2024ഓടെ 650 സ്മാര്‍ട് ബസുകള്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി നിരത്തിലിറക്കാനാണു ലക്ഷ്യമിടുന്നത്. ഡി.ടി.സി സ്‌കൂള്‍ ആപ്പ് വഴി പുതിയ സ്‌കൂളുകള്‍ക്ക് ഈ സര്‍വീസിന്റെ ഭാഗമാകാനും കഴിയും.