Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ലേബർ ഓഫീസുകളെ എംപ്ലോയ്‌മെന്റ് ഓഫീസുകളാക്കി മാറ്റുന്നു

റിയാദ്- തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ലേബർ ഓഫീസുകളെ സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കുന്ന എംപ്ലോയ്‌മെന്റ് ഓഫീസുകളായി പരിവർത്തിപ്പിക്കുന്നതിന് മന്ത്രാലയം ആലോചിക്കുന്നു.

2022 ഓടെ 12 ലക്ഷം സൗദികൾക്ക് സ്വകാര്യ മേഖലയിൽ തൊഴിലുകൾ ലഭ്യമാക്കുന്നതിനും തൊഴിലില്ലായ്മാ നിരക്ക് ഒമ്പതു ശതമാനമായി കുറക്കുന്നതിനുമുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണിത്. വ്യത്യസ്ത തലങ്ങളിൽ ഊന്നിയുള്ള സമഗ്ര നീക്കങ്ങൾ ഉൾക്കൊള്ളിച്ച തൊഴിലില്ലായ്മാ നിർമാർജന പദ്ധതി നടപ്പാക്കുന്നതിനാണ് നീക്കം. സ്വദേശി തൊഴിലാളികളുടെ ഉൽപാദനക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള ദേശീയ കേന്ദ്രം സ്ഥാപിക്കൽ, സൗദി യുവതീയുവാക്കൾക്ക് തൊഴിൽ പരിശീലനം നൽകുന്നതിന് സ്ഥാപനങ്ങൾക്ക് ധനസഹായം നൽകൽ, പ്രൊഫഷനൽ ക്ലാസിഫിക്കേഷൻ പരീക്ഷകൾ നടത്തൽ, യോഗ്യത കുറഞ്ഞവരും അവിദഗ്ധരുമായ വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് കുറക്കൽ എന്നിവ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. 


ഗ്രാമപ്രദേശങ്ങളിലും ചെറു നഗരങ്ങളിലും സ്വദേശികൾക്ക് ആകർഷണീയമായ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും പരമ്പരാഗത, കൈത്തൊഴിൽ മേഖലകളിൽ സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നതിനും സ്വയം തൊഴിൽ പദ്ധതികൾ നടപ്പാക്കുന്ന കുടുംബങ്ങൾക്ക് വായ്പകൾ ലഭ്യമാക്കുന്നതിനും മന്ത്രാലയം ശ്രമിക്കുന്നു. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആന്റ് ഡെവലപ്‌മെന്റ് നിലവാരത്തിലേക്ക് സൗദി തൊഴിലാളികളുടെ ഉൽപാദന ക്ഷമത ഉയർത്തേണ്ടതും തൊഴിൽ വിപണി പ്രവേശനം യോഗ്യരും ലൈസൻസുള്ളവരുമായ തൊഴിലാളികളിൽ മാത്രം പരിമിതപ്പെടുത്തേണ്ടതും അനിവാര്യമാണെന്ന് സൗദിവൽക്കരണ ലക്ഷ്യങ്ങൾ വിശദീകരിക്കുന്ന റിപ്പോർട്ടിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. 


അടുത്ത വർഷം സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിക്കുന്ന സ്വദേശികളുടെ എണ്ണത്തിൽ ശ്രദ്ധേയമായ വർധനവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടുത്തിടെ പറഞ്ഞിരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് 12.9 ശതമാനമായി ഉയർന്നിട്ടുണ്ട്. സൗദിയിൽ 90 ലക്ഷത്തോളം വിദേശ തൊഴിലാളികളുണ്ട്. സ്വദേശി തൊഴിൽ രഹിതർ പത്തു ലക്ഷത്തിനടുത്താണ്. 

Latest News