കൊല്ലം- വിളക്കുടി പഞ്ചായത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ യോഗത്തിനിടെ കൂട്ടത്തല്ല്. കൂറുമാറ്റത്തിലൂടെ അധികാരത്തിലെത്തിയ പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്ന് പഞ്ചായത്ത് യോഗത്തില്‍ യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇതിനെ ഇടത് അംഗങ്ങള്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കാര്യങ്ങള്‍ കയ്യാങ്കളിയിലേക്ക് നീങ്ങിയത്.
സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. വനിതാ അംഗങ്ങള്‍ ഉള്‍പ്പെടെ തമ്മില്‍തല്ലിയെന്നാണ് പുറത്തുവരുന്ന ദൃശ്യങ്ങള്‍ തെളിയിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പഞ്ചായത്ത് കമ്മിറ്റി മാറുകയും കൂറുമാറ്റത്തിലൂടെ പുതിയ പ്രസിഡന്റ് അധികാരത്തിലേറുകയും ചെയ്തത്. മുന്‍പ് യുഡിഎഫ് അംഗമായിരുന്നു വിളക്കുടി പഞ്ചായത്തിന്റെ പ്രസിഡന്റ്. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച ഒരംഗം വോട്ടുമാറി എല്‍ഡിഎഫിന് ചെയ്തതോടെയാണ് പുതിയ പ്രസിഡന്റ് അധികാരമേറ്റത്.
ഇതോടെ കൂറുമാറ്റമെന്ന ആരോപണം യുഡിഎഫ് ഉയര്‍ത്തുകയും പ്രസിഡന്റിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവിഭാഗവും തമ്മിലുള്ള വാക്കേറ്റം കൈയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. ഇരുവിഭാഗത്തിലെ അംഗങ്ങള്‍ക്കും പരുക്കേറ്റതായാണ് പുറത്തുവരുന്ന വിവരം. കോണ്‍ഗ്രസ് അംഗമായ ശ്രീകലയാണ് എല്‍ഡിഎഫിന്റെ പിന്തുണയോടെ നിലവില്‍ പ്രസിഡന്റായിരിക്കുന്നത്.