ആലപ്പുഴ - കുട്ടനാട് വീണ്ടും പച്ചപ്പട്ട് വിരിച്ചപോലെയായിരിക്കുന്നു. നീണ്ടുനിവര്‍ന്ന് വിശാലമായി കിടക്കുന്ന പാടശേഖരങ്ങളില്‍ ഒരേ ഉയരത്തില്‍ നെല്‍ച്ചടികള്‍ നില്‍ക്കുന്നത് കണ്ടാല്‍ പച്ചപ്പട്ട് വിരിച്ചിരിക്കുകയാണെന്ന് തോന്നിപ്പോകും. രാവിലെ ഇളംമഞ്ഞ് നെല്‍ച്ചെടികള്‍ക്ക് മുകളില്‍ തങ്ങി നില്‍ക്കുന്നത് കണ്ടാലും കണ്ടാലും മതിവരില്ല. ചിലയിടങ്ങളില്‍ ഒരു മാസമായ നെല്‍ച്ചെടികളാണ്. മറ്റിടങ്ങളില്‍ രണ്ടുമാസം വരെയായിട്ടുണ്ട്. പറഞ്ഞറിയിക്കാനാകാത്ത വശ്യസൗന്ദര്യത്തിലാണ് കുട്ടനാടിപ്പോള്‍. പാടശേഖരങ്ങളുടെ ഭംഗി ആസ്വദിക്കാന്‍ നൂറുകണക്കിനാളുകളാണ് കുട്ടനാടിന്റെ ഓരോ പ്രദേശത്തും ദിനേന എത്തുന്നത്. വിദേശ സഞ്ചാരികളും എത്തുന്നുണ്ട്. പാടങ്ങളുടെ നടുവിലൂടെ സൈക്കിള്‍ സവാരി നടത്തിയാണ് വിദേശ സഞ്ചാരികള്‍ കുട്ടനാടിനെ അടുത്തറിയുന്നത്. ഹരിതാഭമായ ഈ ഭംഗി ആസ്വദിക്കാനെത്തുന്ന സ്വദേശികളുടെ എണ്ണവും കുറവല്ല. വീയപുരംഎടത്വ റോഡിലെ മണ്‍കോട്ടച്ചിറ, കാവാലം, ചമ്പക്കുളം, നെടുമുടി, ചങ്ങംകരി, മാമ്പുഴക്കരി അങ്ങനെ കുട്ടനാടിന്റെ എല്ലാ ഭാഗങ്ങളിലും പച്ചപ്പാടം കാണാനാളേറെയാണ്..