Sorry, you need to enable JavaScript to visit this website.

വ്യവസായ മേഖലയില്‍ മികച്ച സാങ്കേതിക തൊഴിലുകള്‍ സൗദിവല്‍ക്കരിക്കും - മന്ത്രി

ബുറൈദ - വ്യവസായ മേഖലയില്‍ മികച്ച സാങ്കേതിക തൊഴിലുകള്‍ സൗദിവല്‍ക്കരിക്കാന്‍ ലക്ഷ്യമിടുന്നതായി ഡെപ്യൂട്ടി വ്യവസായ, ധാതുവിഭവ മന്ത്രി എന്‍ജിനീയര്‍ ഖലീല്‍ ബിന്‍ സലമ പറഞ്ഞു. അല്‍ഖസീമില്‍ യുവാക്കളെ പങ്കെടുപ്പിച്ചുള്ള സംവാദ സെഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സൗദിവല്‍ക്കരണ ശ്രമങ്ങളുടെ ഭാഗമായി ഫുഡ് ഇന്‍ഡസ്ട്രീസ് പോളിടെക്‌നിക്കുമായി വ്യവസായ, ധാതുവിഭവ മന്ത്രാലയം തന്ത്രപരമായ പങ്കാളിത്ത കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. സ്വദേശികളുടെ ശേഷികള്‍ പരിപോഷിപ്പിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കിടെ 3,000 ലേറെ തൊഴിലുകള്‍ സൗദിവല്‍ക്കരിക്കുന്നതില്‍ ഫുഡ് ഇന്‍ഡസ്ട്രീസ് പോളിടെക്‌നിക്ക് വിജയിച്ചു.
നൂതന സാങ്കേതികവിദ്യകളിലും നാലാം വ്യാവസായിക വിപ്ലവത്തിന്റെ പ്രയോഗങ്ങളിലും അടക്കം വ്യവസായ മേഖല യുവാക്കള്‍ക്ക് നിരവധി മികച്ച അവസരങ്ങള്‍ നല്‍കുന്നു. ആധുനിക സാങ്കേതികവിദ്യാ തൊഴിലുകള്‍ സൗദി യുവാക്കളുടെ ശേഷികള്‍ക്കും നൈപുണ്യങ്ങള്‍ക്കും അനുയോജ്യമാണ്. വ്യാവസായിക മേഖലയില്‍ മാത്രമല്ല, എല്ലാ സാമ്പത്തിക മേഖലകളിലും ആധുനിക സാങ്കേതികവിദ്യകള്‍ ഭാവിയില്‍ വലിയ വിപ്ലവം സൃഷ്ടിക്കും.
കഴിഞ്ഞ വര്‍ഷം വ്യവസായ, ധാതുവിഭവ മന്ത്രാലയം സ്വകാര്യ മേഖലയുമായും പോളിടെക്‌നിക്കുകളുമായും ഇന്‍സ്റ്റിറ്റിയൂട്ടുകളുമായും സഹകരിച്ച് വ്യവസായ മേഖലാ തൊഴിലുകളില്‍ 50,000 ലേറെ സ്വദേശികള്‍ക്ക് പരിശീലനങ്ങള്‍ നല്‍കി. 52,000 യുവാക്കള്‍ക്ക് വ്യവസായ മേഖലയില്‍ തൊഴില്‍ ലഭ്യമാക്കാന്‍ സാമ്പത്തിക സഹായങ്ങള്‍ നല്‍കി. വ്യവസായ, ഖനന മേഖലാ തൊഴിലുകളുടെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഏതാനും കരാറുകള്‍ മന്ത്രാലയം ഒപ്പുവെച്ചിട്ടുണ്ട്. പ്രിന്‍സസ് നൂറ യൂനിവേഴ്‌സിറ്റിയുമായി സഹകരിച്ച് ക്വാളിറ്റി കണ്‍ട്രോള്‍ ടെക്‌നീഷ്യന്‍ ഡിപ്ലോമ കോഴ്‌സ് ആരംഭിച്ചിട്ടുണ്ട്.
ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സിയുമായും ജപ്പാനിലെ സാമ്പത്തിക, വ്യവസായ, വ്യാപാര മന്ത്രാലയവുമായും സഹകരിച്ച്, ടൊയോട്ടയുടെ ഫ്‌ളെക്‌സിബിള്‍ മാനുഫാക്ചറിംഗ് മെത്തഡോളജി പരിചയപ്പെടുത്തുന്നതിനുള്ള പരിശീലന പരിപാടിയും ആരംഭിച്ചിട്ടുണ്ട്. വ്യവസായശാലകളിലെ 1,000 പേര്‍ക്ക് കിംഗ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുമായി സഹകരിച്ച് നാലാമത് വ്യാവസായിക വിപ്ലവ മേഖലയില്‍ പരിശീലനം നല്‍കുന്ന ഏതാനും പ്രോഗ്രാമുകളും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ഭക്ഷ്യമേഖലയില്‍ ജോലി ചെയ്യുന്ന 3,000 സൗദി യുവതികള്‍ക്ക് പരിശീലനം നല്‍കാനുള്ള പ്രോഗ്രാമിന് പെപ്‌സി കമ്പനിയുമായും നാഷണല്‍ അക്കാഡമിയുമായും സഹകരിച്ച് വ്യവസായ, ധാതുവിഭവ മന്ത്രാലയം തുടക്കം കുറിച്ചിട്ടുണ്ട്. ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ലൂസിഡ് കമ്പനി ജീവനക്കാരെ, ഉയര്‍ന്ന വൈദഗ്ധ്യം ആവശ്യമായ മേഖലകളില്‍ പരിശീലനം നല്‍കി പ്രാപ്തരാക്കാന്‍ ലക്ഷ്യമിട്ട് മാനവശേഷി വികസന നിധിയുമായി സഹകരിച്ച് പരിശീലന പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്. വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലും രാജ്യം സാക്ഷ്യം വഹിക്കുന്ന വലിയ സാമ്പത്തിക പരിവര്‍ത്തനവുമായി പൊരുത്തപ്പെട്ടുപോകുന്നതിലും സൗദി യുവാക്കള്‍ക്ക് എമ്പാടും അവസരങ്ങളുണ്ടെന്നും എന്‍ജിനീയര്‍ ഖലീല്‍ ബിന്‍ സലമ പറഞ്ഞു.  

 

Latest News