എടപ്പാള്‍- കെ.എസ്.ആര്‍.ടി.സിയുടെ എടപ്പാളിലെ ബസ് ബോഡി നിര്‍മ്മാണ യൂണിറ്റ് കടുത്ത അവഗണനയില്‍. ബോഡി നിര്‍മ്മാണത്തിനായി ഷാസികള്‍ അയച്ചു കിട്ടുന്നുണ്ടെങ്കിലും സാധനസാമഗ്രികളുടെ അഭാവമാണ് ഏറെ അലട്ടുന്നത്. തിരുവനന്തപുരം പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്ക്‌സിലെ ലോബിയുടെ പ്രവര്‍ത്തനത്താലാണ് എടപ്പാളിലെ ബസ് ബോഡി നിര്‍മ്മാണ കേന്ദ്രം അവഗണനയില്‍ കഴിയുന്നത്. സംസ്ഥാനത്ത് മറ്റു ബോഡി നിര്‍മ്മാണ കേന്ദ്രങ്ങളോട് കോര്‍പ്പറേഷന്‍ അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കുമ്പോഴാണ് എടപ്പാളിനോട് ചിറ്റമ്മ നയം. സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സിക്ക് ഏറ്റവും കൂടുതല്‍ ഭൂമിയുള്ള റീജനല്‍ വര്‍ക്ക് ഷോപ്പാണ് എടപ്പാളില്‍. ഇരുമ്പു ഷീറ്റുകള്‍ക്ക് താഴെ കൊടും ചൂടു സഹിച്ച് തൊഴിലാളികള്‍ ബസ് ബോഡി നിര്‍മ്മാണം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ അധികാരികളുടെ ഭാഗത്തുനിന്ന് അവഗണന ഏറ്റുവാങ്ങേണ്ടി വന്നവരായി ജീവനക്കാര്‍ മാറിയിരിക്കുന്നു. ബോഡി നിര്‍മ്മാണത്തിനായി അനുബന്ധ സാമഗ്രികള്‍ തിരുവനന്തപുരത്തുനിന്നാണ് അയച്ചു കിട്ടേണ്ടത്. പല ഘട്ടങ്ങളിലും സാധനസാമഗ്രികളുടെ കുറവ് ബസ്സുകള്‍ നിരത്തിലിറക്കാന്‍ കാലതാമസം വരുത്തുകയാണ്. തിരുവനന്തപുരത്തെ യൂണിയന്‍ തലപ്പത്തുള്ള ഉന്നതരാണ് എടപ്പാളിലെ ബസ് ബോഡി കേന്ദ്രം അടച്ചുപൂട്ടിക്കാനുള്ള തന്ത്രം പയറ്റുന്നത് എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ബോഡി നിര്‍മ്മാണത്തിന് അയച്ചു കിട്ടുന്ന സാമഗ്രികള്‍ക്ക് പുറമേ സാധനങ്ങള്‍ ലോക്കല്‍ പര്‍ച്ചേസ് നടത്താന്‍ നേരത്തെ കോര്‍പ്പറേഷന്‍ നല്‍കിയ അനുമതി അഴിമതിക്ക് കളമൊരുക്കുന്നു എന്നും ആരോപണമുണ്ട്. പെയിന്റ്, ഷീറ്റുകള്‍, കമ്പികള്‍ എന്നിവ ലോക്കല്‍ പര്‍ച്ചേസ് നടത്തുമ്പോള്‍ ചിലരുടെ കൈകളില്‍ അറിയാതെ പണം എത്തുകയാണ്. ഇത് കോര്‍പ്പറേഷന് വലിയ നഷ്ടമാണ് വരുത്തിവെക്കുന്നത്. ലോ ഫ്‌ളോര്‍ ബസ്സുകള്‍ അടക്കം കെ.എസ്.ആര്‍.ടി.സിക്ക് നിര്‍മ്മാണം നടത്തി പേരെടുത്ത എടപ്പാളിലെ ബോഡി നിര്‍മ്മാണ കേന്ദ്രത്തോട് എന്തിനാണ് അവഗണന എന്നാണ് തൊഴിലാളി യൂണിയന്‍ നേതാക്കളുടെ ചോദ്യം. അതിനിടെ കെ.എസ് ആര്‍.ടി.സിയുടെ എടപ്പാളിലെ ഭൂമിയില്‍ സ്വകാര്യ ഉടമസ്ഥതയില്‍ പെട്രോള്‍ പമ്പ് ആരംഭിക്കുന്നതിന് നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായി കഴിഞ്ഞ ദിവസം ഇവിടുത്തെ മരങ്ങള്‍ മുറിച്ചു മാറ്റിയിരുന്നു. ബോഡി ബില്‍ഡിംഗ് യൂണിറ്റിന് മുന്‍വശത്തായാണ് 30 സെന്റ് സ്ഥലത്ത് പെട്രോള്‍ പമ്പ് ആരംഭിക്കാന്‍ വിട്ടുകൊടുക്കുന്നത്. ബസ് ബോഡി നിര്‍മ്മാണ യൂണിറ്റിനു മുന്നിലെ ഈ സ്ഥലം വിട്ടുനല്‍കുന്നതോടെ ബസ്സുകളുടെ പോക്കുവരവ് വിഷമത്തിലാകും. 30 വര്‍ഷത്തെ വാടകക്കായാണ് പെട്രോള്‍ പമ്പിന് സ്ഥലം വിട്ടു നല്‍കുന്നത് എന്നാണ് പറയുന്നത്. കെ.എസ്.ആര്‍.ടി.സിയുമായി ധാരണ പത്രം ഒപ്പുവച്ചാല്‍ ജോലികള്‍ ആരംഭിക്കാനാണ് നീക്കം.