തിരുവന്തപുരം - കേരളത്തിന്റെ പ്രാഥമികാരോഗ്യ രംഗത്തുണ്ടായ വിപ്ലവകരമായ പല ചുടുകൾക്കു പിന്നിലും നട്ടെല്ലായി പ്രവർത്തിച്ച ആശാ വർക്കാർമാർക്ക് ഓണററേറിയം വർധിപ്പിച്ചതിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ കൈയടി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും സർക്കാർ ചെയ്ത ഏറ്റവും വലിയ പുണ്യമെന്നാണ് ഇതോട് പലരും പ്രതികരിച്ചത്.
ആശ വർക്കർമാരുടെ ഓണറേറിയം വേതനം 7000 രൂപയാക്കിയാണ് നിലവിൽ ഉയർത്തിയത്. ഇതുപ്രകാരം സംസ്ഥാനത്തെ വിവിധ ജില്ലകളിലായ 26,125 പേർക്കാണ് ഇതിന്റെ നേട്ടമുണ്ടാകുക. രണ്ടുമാസത്ത വേതന വിതരണത്തിന് 31.35 കോടി രൂപയാണ് അനുവദിച്ചതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.
കേരളത്തിന്റെ മുക്കൂലകളിൽ നേരവും സമയവും നോക്കാതെ ഏത് പ്രതിസന്ധി ഘട്ടങ്ങളിലും വിശ്രമമറിയാതെ ജോലി ചെയ്യേണ്ടി വരുമ്പോഴും ഇവർക്കുള്ള വേതനം വളരെ തുച്ഛമായിരുന്നു. പല ദിവസക്കൂലിക്കാർക്ക് ലഭിക്കുന്ന വേതനം പോലും മാസത്തിൽ ഇവർക്കു ലഭിച്ചിരുന്നില്ല. തുക വർധിപ്പിച്ചതിന് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ പിന്തുണയാണ് ലഭിക്കുന്നത്. ആശ മാത്രമല്ല, വൈകിയെങ്കിലും ഇവർക്ക് പ്രതീക്ഷ നൽകാൻ സർക്കാറിനായെന്നാണ് പ്രതികരണങ്ങൾ.