കോഴിക്കോട് - കോഴിക്കോട് വടകര താലൂക്ക് ഓഫീസ് തീവയ്പ്പ് കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. ഹൈദരബാദ് സ്വദേശി നാരായണ സതീഷിനെയാണ് വടകര അസിസ്റ്റന്റ് സെഷന്‍സ് കോടതി വെറുതെ വിട്ടത്. ഇയാള്‍ക്കെതിരെയുള്ള സമാനമായ മൂന്ന് കേസുകളിലും പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ പ്രൊസിക്യൂഷന് സാധിച്ചില്ല. ഈ കേസുകളിലും പ്രതിയെ കോടതി വെറുതെ വിട്ടു. 2022 ഡിസംബര്‍ 17 നാണ് വടകര താലൂക്ക് ഓഫിസിന് തീയിട്ടത്.
കേസില്‍ നാരായണ സതീഷിനെ പിടികൂടിയ സമയത്ത് പ്രതി മാനസിക വെല്ലുവിളി നേരിടുന്ന ആളാണന്നും രാത്രി കിടക്കാനായി താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ എത്തിയപ്പോള്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു എന്നുമാണ് പൊലീസ് പറഞ്ഞത്. ശാസ്ത്രീയ തെളിവുകളും പ്രതിക്കെതിരെ ഉണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ പോലീസിന്റെ അന്വേഷണത്തിനെതിരെ ഇന്ന് തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മാനസിക വെല്ലുവിളി നേരിടുന്നയാളുടെ മേലെ പൊലീസ് കുറ്റം കെട്ടിവയ്ക്കുകയാണെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുമായിരുന്നു സ്ഥലം എം എല്‍ എ കെകെ രമ അന്ന് ആവശ്യപ്പെട്ടത്.