മലപ്പുറം - അങ്ങാടിപ്പുറത്തുകാരന് അന്‍വര്‍ ഷമീം ഏറെ സന്തോഷത്തിലാണ്. നാല് വര്‍ഷം താന്‍ കാത്തു സൂക്ഷിച്ച ആ നിധി അന്വേഷിച്ച് ഒടുവില്‍ അതിന്റെ യഥാര്‍ത്ഥ ഉടമയായ സുദീപയെത്തി. രണ്ടു പേര്‍ക്കും പറഞ്ഞറിയിക്കാനാകാത്ത സന്തോഷം. 2019ല്‍ ക്ഷേത്ര ദര്‍ശനത്തിനിടെ നഷ്ടമായ താലിമാല തിരികെ കിട്ടിയ സന്തോഷത്തിലാണ് ചെറുകര പുളിങ്കാവിലുള്ള ചെമ്മാട്ട് അനീഷിന്റെ ഭാര്യ സുദീപ. ക്ഷേത്ര ദര്‍ശനത്തിനായി ഭര്‍ത്താവിന്റെ കൂടെ പോയ സമയത്താണ് സുദീപയുടെ മാല നഷ്ടപ്പെട്ടത്.
വര്‍ഷം നാല് കഴിഞ്ഞിട്ടും മാലയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. സുദീപയും അനീഷും മറ്റു കുടുംബാംഗങ്ങളും ഒരുപാട് അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. അപ്പോഴും തനിക്ക് കളഞ്ഞ് കിട്ടിയ താലിമാലയുടെ ഉടമയെ അന്വേഷിച്ചു നടക്കുകയായിരുന്നു അങ്ങാടിപ്പുറം മേലേ അരിപ്രയിലെ മാമ്പ്ര നരിമണ്ണില്‍ അന്‍വര്‍ ഷമീം. സെയില്‍സ്മാനായി ജോലി ചെയ്യുന്ന ഷമീമിന് 2019ല്‍ കൊവിഡ് കാലത്ത് പരിയാപുരം മില്ലിന്പടിയിലെ റോഡില്‍ നിന്നാണ് വാഹനം കയറി ചളുങ്ങിയ നിലയില്‍ രണ്ടു പവന്റെ സ്വര്‍ണമാല കിട്ടുന്നത്. അടുത്തുള്ള കടയില്‍ നല്കി ഉടമകളാരെങ്കിലും വന്നാല്‍ തിരിച്ചുനല്‍കാന്‍ ഏല്‍പ്പിച്ചു. പത്തുദിവസം ആരും വരാതായതോടെ ഷമീം സമൂഹമാധ്യമങ്ങളില്‍ മാല ലഭിച്ചത് സംബന്ധിച്ച് പോസ്റ്റ് ഇട്ടു. പല ആളുകളും വിളിച്ചെങ്കിലും പറഞ്ഞ അടയാളം ഒത്തുവന്നില്ല.
നാലുവര്‍ഷം പിന്നിട്ടതോടെ ഇനി ആരും വരാനുണ്ടാവില്ലെന്ന് കരുതിയിരിക്കെയാണ് അപ്രതീക്ഷിതമായ സംഭവം നടന്നത്. ഈ കഴിഞ്ഞ ആഴ്ച്ചയാണ് അന്‍വര്‍ ഷമീം മാല കിട്ടിയ വിവരം പെരിന്തല്‍മണ്ണയിലെ സാമൂഹിക പ്രവര്ത്തകന് താമരത്ത് ഹംസുവിനെ അറിയിച്ചതും ഉടമയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതും. ഇതോടെ ജനുവരി 25ന് ് മാലയുടെ ഉടമയെ കണ്ടെത്താന്‍ ഹംസു സോഷ്യല്‍ മീഡിയയയിലെ തന്റെ ഗ്രൂപ്പുകളില്‍ വ്യാപകമായി അറിയിപ്പ് നല്കി. പിറ്റേ ദിവസം തന്നെ സ്വര്‍ണ്ണമാലയുടെ ഉടമ തെളിവ് സഹിതം ബന്ധപ്പെട്ടു. താലിമാല കഴിഞ്ഞ ദിവസം വൈകീട്ട് പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനില്‍ വെച്ച് പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ അന്‍വര്‍ ഷമീമും താമരത്ത് ഹംസുവും സുദീപക്ക് കൈമാറി. നഷ്ടപ്പെട്ടു എന്ന് കരുതിയ സ്വര്‍ണ്ണ മാല തിരിച്ചു കിട്ടിയ സന്തോഷത്തിലായിരുന്നു സുദീപ, നാല് വര്‍ഷമായി കാത്തിരുന്ന ആളെ കണ്ടെത്തിയതിന്റെ ആശ്വാസത്തില്‍ ഷമീമും. ഇതിനെല്ലാം കാരണം താനാണല്ലോയെന്ന നിര്‍വൃതിയില്‍ ഹംസുവും പോലീസ് സ്്റ്റേഷന്റെ പടിയിറങ്ങി.