ജിദ്ദ - സൗദിയില്‍ ജീവിതത്തിന്റെ സര്‍വ മേഖലകളെയും സ്വാധീനിക്കാന്‍ തുടങ്ങിയ ഡിജിറ്റൈസേഷന്‍ പ്രക്രിയയുടെ ഫലമായി രാജ്യത്ത് ബാങ്ക് ശാഖകളും എ.ടി.എമ്മുകളും അടച്ചുപൂട്ടുന്നത് തുടരുന്നു. ഡിജിറ്റല്‍ സേവനങ്ങള്‍ക്കുള്ള സ്വീകാര്യത വര്‍ധിച്ചതിന്റെ ഫലമായി തുടര്‍ച്ചയായി നാലാം വര്‍ഷമാണ് സൗദിയില്‍ ബാങ്ക് ശാഖകളുടെയും എ.ടി.എമ്മുകളുടെയും എണ്ണം കുറയുന്നത്. ബാങ്കിംഗ് മേഖലയിലെ ലയനങ്ങളും സ്ത്രീപുരുഷന്മാര്‍ക്ക് പ്രത്യേകം പ്രത്യേകമുണ്ടായിരുന്ന ചില ശാഖകള്‍ പരസ്പരം ലയിപ്പിച്ചതും ബാങ്ക് ശാഖകള്‍ കുറയാന്‍ ഇടയാക്കിയ ഘടകങ്ങളാണ്.
കഴിഞ്ഞ വര്‍ഷാവസാനത്തോടെ സൗദിയില്‍ ബാങ്ക് ശാഖകളുടെ എണ്ണം 1,900 ഓളം ആയി കുറഞ്ഞു. ഒരു ദശകത്തിനിടെ ബാങ്ക് ശാഖകളുടെ എണ്ണം ഇത്രയും കുറയുന്നത് ആദ്യമാണ്. കഴിഞ്ഞ കൊല്ലം ബാങ്ക് ശാഖകള്‍ 1.8 ശതമാനം തോതില്‍ കുറഞ്ഞു. സൗദിയില്‍ ബാങ്ക് ശാഖകള്‍ ഏറ്റവും ഉയര്‍ന്നത് 2019 ല്‍ ആയിരുന്നു. ആ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം ബാങ്ക് ശാഖകള്‍ എട്ടു ശതമാനം തോതില്‍ കുറഞ്ഞു. 2019 മുതല്‍ കഴിഞ്ഞ വര്‍ഷാവസാനം വരെയുള്ള നാലു കൊല്ലത്തിനിടെ സൗദി ബാങ്കുകള്‍ 175 ശാഖകള്‍ അടച്ചുപൂട്ടി. കഴിഞ്ഞ കൊല്ലം 26 ബാങ്ക് ശാഖകളാണ് അടച്ചുപൂട്ടിയത്.
ബാങ്ക് ശാഖകളുടെ എണ്ണം കുറഞ്ഞതിനനുസൃതമായി എ.ടി.എമ്മുകളുടെ എണ്ണവും കുറഞ്ഞു. ഉപയോക്താക്കളുടെ കറന്‍സി ഉപയോഗം കുറഞ്ഞത് എ.ടി.എമ്മുകള്‍ അടച്ചുപൂട്ടാന്‍ ബാങ്കുകളെ പ്രേരിപ്പിച്ചു. നാലു വര്‍ഷത്തിനിടെ 2,930 എ.ടി.എമ്മുകള്‍ ബാങ്കുകള്‍ അടച്ചുപൂട്ടി. പതിനാറു ശതമാനം എ.ടി.എമ്മുകളാണ് നാലു കൊല്ലത്തിനിടെ അടച്ചുപൂട്ടിയത്.
എ.ടി.എമ്മുകള്‍ വഴിയുള്ള പണം പിന്‍വലിക്കല്‍ 2010 നു ശേഷമുള്ള ഏറ്റവും താഴ്ന്ന തോതിലേക്ക് കുറഞ്ഞതായി സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ സൂചിപ്പിക്കുന്നു. തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് എ.ടി.എമ്മുകള്‍ വഴിയുള്ള പണം പിന്‍വലിക്കല്‍ കുറയുന്നത്. പോയിന്റ് ഓഫ് സെയില്‍ ഉപകരണങ്ങള്‍ അടക്കമുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് ഉപയോക്താക്കള്‍ ഊന്നല്‍ നല്‍കുന്നതാണ് ഇതിന് കാരണം. ഭൂരിഭാഗം ചില്ലറ വ്യാപാര സ്ഥാപനങ്ങളിലും പോയിന്റ് ഓഫ് സെയില്‍ ഉപകരണങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
സൗദിയില്‍ ഏറ്റവുമധികം ശാഖകളുള്ള ബാങ്ക് സൗദി നാഷണല്‍ ബാങ്ക് ആണ്. അല്‍അഹ്‌ലി ബാങ്കിന് 470 ശാഖകളുണ്ട്. രാജ്യത്തെ ആകെ ബാങ്ക് ശാഖകളില്‍ 25 ശതമാനം എസ്.എന്‍.ബിയുടെതാണ്. 2019 മുതല്‍ സൗദി നാഷണല്‍ ബാങ്ക് ശാഖകള്‍ 7.3 ശതമാനം തോതില്‍ കുറഞ്ഞിട്ടുണ്ട്. വ്യക്തിഗത ഉപയോക്താക്കളില്‍ 83 ശതമാനവും കമ്പനികള്‍ 82 ശതമാനവും സാമ്പത്തിക ഇടപാടുകള്‍ക്ക് ഇലക്‌ട്രോണിക് സേവനങ്ങള്‍ ഉപയോഗിക്കുന്നതായി സൗദി നാഷണല്‍ ബാങ്ക് പറയുന്നു. ഭാവിയില്‍ കൂടുതല്‍ ശാഖകള്‍ ബാങ്കുകള്‍ അടച്ചുപൂട്ടുമെന്നതിന്റെ സൂചനയാണിത്. സമീപ കാലത്ത് സ്മാര്‍ട്ട് ശാഖയെന്ന ആശയവും ബാങ്കുകള്‍ നടപ്പാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ബാങ്കുകളുടെ പ്രവര്‍ത്തന കാര്യക്ഷമത മെച്ചപ്പെടുത്താന്‍ സ്മാര്‍ട്ട് ശാഖാ ആശയം സഹായിക്കും.