നാഗ്പൂര്‍ - മാതാപിതാക്കള്‍ എതിര്‍ത്താല്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറാമെന്നും അത്തരം സാഹചര്യത്തില്‍ ബലാത്സംഗ കുറ്റം നിലനില്‍ക്കില്ലെന്നും ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിന്റെ വിധി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച് യുവതി നല്‍കിയ കേസിലാണ് 31കാരനായ യുവാവിനെ കോടതി വെറുതെവിട്ടത്. ആരോപണ വിധേയനായ യുവാവിന് യുവതിയെ വിവാഹം കഴിക്കാന്‍ ഉദ്ദേശമില്ലായിരുന്നുവെന്നും ലൈംഗികതക്കുവേണ്ടിയാണ് വിവാഹവാഗ്ദാനം നല്‍കിയതെന്നും തെളിയിക്കാന്‍ രേഖകളൊന്നും പരാതിക്കാരി ഹാജരാക്കിയില്ലെന്നും കോടതി പറഞ്ഞു. വിവാഹം കഴിക്കാന്‍ പരാതിക്കാരി മാത്രമാണ് തയ്യാറായതെന്നും കോടതി പറഞ്ഞു. മാതാപിതാക്കള്‍ക്ക് സമ്മതമില്ലാത്തതിനാല്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് യുവാവ് പിന്മാറിയത് ഐപിസി സെക്ഷന്‍ 375 പ്രകാരമുള്ള കുറ്റകൃത്യമായി കണക്കാക്കാനാകില്ലെന്ന് ജസ്റ്റിസ് മഹേന്ദ്ര ചാന്ദ്വാനി ചൂണ്ടിക്കാട്ടി.