ബംഗളൂരു- വെള്ളിയാഴ്ച മാനന്തവാടിയില്‍ പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞതില്‍ വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. അഞ്ചംഗ സമിതിയാകും അന്വേഷണത്തിലുണ്ടാകുക. മാനന്തവാടിയില്‍ നിന്ന് ബന്ദിപ്പൂരിലെത്തിച്ച ആനയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് മുമ്പ് തന്നെ ആന ചരിഞ്ഞതായും മന്ത്രി പറഞ്ഞു.പതിനേഴര മണിക്കൂര്‍ നീണ്ട ദൗത്യത്തിനു ശേഷമാണ് കഴിഞ്ഞ ദിവസം തണ്ണീര്‍ കൊമ്പനെ പിടികൂടിയത്. എലിഫന്റ് ആംബുലന്‍സില്‍ രാമപുരയിലെത്തിച്ച ശേഷം ആനയെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കര്‍ണാടക വനംവകുപ്പിന് കൈമാറിയ ശേഷമാണ് പുലര്‍ച്ചെയോടെ ആന ചരിഞ്ഞത്.സംഭവത്തില്‍ വീഴ്ചകളുണ്ടായോ എന്ന് പരിശോധിക്കുമെന്നും ഇതിനായി അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചതായും മന്ത്രി അറിയിച്ചു. കര്‍ണാടക കേരള സര്‍ജന്‍മാരുടെയും സംയുക്ത സംഘം ആനയുടെ പോസ്മോര്‍ട്ടം നടത്തുമെന്നും ഇക്കാര്യത്തില്‍ എന്തെങ്കിലും വീഴ്ചയുണ്ടെങ്കില്‍ അതന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. വിജിലന്‍സിന്റെയും വെറ്റിനറി വിദഗ്ധരുടെയും എന്‍ജിഒയുടെയും സംഘമാണ് അന്വേഷിക്കുക.