ആലപ്പുഴ - സി.പി.എം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍, കായംകുളം ഏരിയാ സെക്രട്ടറി അരവിന്ദാക്ഷന്‍ എന്നിവര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളുയര്‍ത്തി പാര്‍ട്ടി അനുഭാവികള്‍ അംഗങ്ങളായ ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ്. പ്രൈവറ്റ് ബസിലെ കണ്ടക്ടര്‍ സ്ഥാനത്ത് നിന്ന് 20 കോടിയിലേറെ ആസ്തിയുള്ള കോടീശ്വരനായി ഏരിയ സെക്രട്ടറി മാറിയെന്ന് പോസ്റ്റില്‍ ആരോപിക്കുന്നു. സ്വകാര്യ കരിമണല്‍ അതികായകനായ കര്‍ത്തായുടെ ദക്ഷിണ കേരളത്തിലെ പ്രധാന നടത്തിപ്പുകാരനുമായി സി.പി.എം ഏരിയ സെക്രട്ടറി അരവിന്ദാക്ഷനുള്ള ബന്ധം എന്താണെന്ന് ചോദിക്കുന്നു. എല്ലാ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായിട്ടുള്ള ഏരിയാ സെക്രട്ടറിയെ സഹായിക്കുന്ന നിലാപാടാണ് ജില്ലാ സെക്രട്ടറി സ്വീകരിക്കുന്നതെന്നും പോസ്റ്റില്‍ പറയുന്നു. കായംകുളത്തെ സി.പി.എം അഗ്‌നിപര്‍വ്വതം കണക്കെ പുകയുകയാണെന്നും താമസിയാതെ വലിയൊരു പൊട്ടിത്തെറി ഉണ്ടാകുമെന്നുമുള്ള സൂചനയോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
വലിയ ഒരു അഗ്‌നിപര്‍വതമായി കായംകുളത്തെ സിപിഎം പുകയുകയാണ്. ഏതുനിമിഷവും അത് പൊട്ടിത്തെറിക്കും. കായംകുളത്തെ വിവിധ ലോക്കല്‍ കമ്മിറ്റികളിലായി പാര്‍ട്ടി അംഗങ്ങളും അനുഭാവികളുമായി ഏതാണ്ട് ആയിരത്തോളം സഖാക്കള്‍ പാര്‍ട്ടി വിട്ടു പോകുവാനായി നിലയുറപ്പിച്ചിരിക്കുകയാണ്. അവര്‍ക്കാര്‍ക്കും യാതൊരു കാരണം കൊണ്ട് അംഗീകരിക്കുവാന്‍ കഴിയാത്ത, കമ്മ്യൂണിസം വിറ്റ് കാശാക്കുന്ന പിടിപ്പുകെട്ട ചില നേതാക്കന്മാരുടെ സാന്നിധ്യമാണ് ഈ രോഷത്തിന് പിന്നില്‍.ഈ വിഷയത്തെ സംബന്ധിച്ച് വിശദമായ പരമ്പര ഞങ്ങള്‍ എഴുതുകയാണ്.പാര്‍ട്ടിയുടെ ബന്ധപ്പെട്ട ഘടകങ്ങള്‍ക്ക് നിരവധി പരാതികള്‍ നല്‍കിയിട്ടും യാതൊരു നടപടികള്‍ ഉണ്ടാകാത്തതിനാലാണ് ഈ തുറന്നെഴുത്ത്. 'കമ്മ്യൂണിസ്റ്റ് 'എന്നു പറഞ്ഞാല്‍ വെടിവെച്ചു കൊല്ലുന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തില്‍. ആ അവസ്ഥയില്‍ നിന്നുകൊണ്ട് തൊഴിലാളി വര്‍ഗത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയും വിപ്ലവം നടത്തിയും അവര്‍ക്കു വേണ്ടതെല്ലാം നേടിക്കൊടുത്തു ജനമനസ്സുകളില്‍ ഇടം നേടിയ പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം.
അങ്ങനെ ജനങ്ങള്‍ക്ക് വേണ്ടി നിലനിന്ന പ്രസ്ഥാനം ആയതുകൊണ്ടാണ് പില്‍ക്കാലത്ത് കേരളം ഭരിക്കുവാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് സാധിച്ചത്.പാര്‍ട്ടിയുടെ ഈ മുന്നേറ്റത്തിന് കരുത്തു പകര്‍ന്ന വലിയ വിപ്ലവ പാരമ്പര്യമുള്ള ജില്ലയാണ് ആലപ്പുഴ. 1964ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ പാര്‍ട്ടിയുടെ പ്രധാന നേതാക്കള്‍ നില കൊണ്ടതും അണികളില്‍ ഭൂരിഭാഗം നില കൊണ്ടതും സിപിഐ (എം)നോട് ഒപ്പമായിരുന്നു. തുടര്‍ന്നുള്ള ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖം എന്നത് സിപിഐ(എം) ആയിരുന്നു. പുന്നപ്ര വയലാറിന്റെ മണ്ണിലും സിപിഐ (എം) കരുത്തോടെ തല ഉയര്‍ത്തി നിന്നു.പറഞ്ഞു വരുന്നത് ഇന്നലെകളിലെ രാഷ്ട്രീയ ചരിത്രമാണെങ്കില്‍ ഇന്ന് സ്ഥിതി അതീവ ഗുരുതമാണ്.
ആലപ്പുഴയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. കര്‍ഷക സമരങ്ങളുടെ വിളനിലമായ കുട്ടനാട്ടില്‍ സിപിഐ(എം) ല്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ നൂറു കണക്കിന് പേരാണ് പാര്‍ട്ടി വിട്ട് പോയത്. നേതൃത്വത്തിന്റെ ഇടപെടലുകളില്‍ വിശ്വാസമില്ലാത്തത് കൊണ്ട് മാത്രം, പാര്‍ട്ടി വിട്ടു പോയത് വെറും അനുഭാവികള്‍ മാത്രമല്ല , പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ചു സെക്രട്ടറിമാരും തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമാണ്. വര്‍ഷങ്ങളായി നില നില്‍ക്കുന്ന പല പ്രശ്‌നങ്ങളിലും നേതൃത്വത്തിനു പ്രവര്‍ത്തകരുടെ വിശ്വാസത്തിനൊപ്പം ഉയരാന്‍ കഴിയില്ലെന്ന് ബോധ്യം വന്നപ്പോള്‍ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ച പ്രസ്ഥാനത്തോട് അവര്‍ക്ക് വിട പറയേണ്ടി വന്നു. സംസ്ഥാന നേതൃത്വം കൃത്യമായി ഇടപെട്ടെങ്കിലും അഹംഭാവിയായ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പലതും അട്ടിമറിക്കുകയായിരുന്നു.
ഇതൊക്കെ കായംകുളത്തു പറയേണ്ട കാര്യമെന്തെന്ന് സഖാക്കള്‍ കരുതുന്നുണ്ടാകും. പറയാം, കായംകുളത്തെ സിപിഐ(എം) ഒരു അഗ്‌നിപര്‍വ്വതം പോലെ പുകയുകയാണ്. ഏത് നിമിഷവും ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കാം കുട്ടനാട് പോലെ അല്ല കായംകുളത്തെ കാര്യങ്ങള്‍. ആലപ്പുഴ ജില്ലയിലെ ഏറ്റവും വലിയ ഘടകവും മികച്ച കേഡര്‍മാര്‍ ഉള്ള പ്രദേശവും ആണ് കായംകുളം. പാര്‍ട്ടി പരിപാടികള്‍ ഏറ്റെടുത്തുകൊണ്ട് വലിയ രീതിയില്‍ വിജയിപ്പിക്കാന്‍ കഴിവുള്ള ഘടകം ആയിരുന്നു കായംകുളത്തെ പാര്‍ട്ടി. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കായംകുളത്തെ പാര്‍ട്ടിയെ പരിശോധിച്ചാല്‍ അതിന് നേതൃത്വം നല്‍കുന്നവരെ സംബന്ധിച്ച് വലിയ ആക്ഷേപങ്ങള്‍ ആണ് ഉയര്‍ന്നു വരുന്നത്. പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്തി വ്യാജ പരാതികള്‍ സൃഷ്ടിച്ചു കൊണ്ട് വിശദീകരണം ചോദിച്ച ശേഷം, ആ വിശദീകരണം തൃപ്തികരമല്ലെന്നു കാട്ടി പുറത്താക്കുക എന്ന രീതി വര്‍ഷങ്ങളായി തുടരുകയാണ്. തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയുടെ നേതാവായിരുന്നു കൊണ്ട് വലിയ സ്വത്തുക്കളും ആസ്തികളും സമ്പാദിച്ചു കൊണ്ട് പാര്‍ട്ടിയെയും മികച്ച സഖാക്കളെയും ഇല്ലായ്മ ചെയ്യുന്ന രീതി കായംകുളത്തു പലരും തുടരുമ്പോള്‍ രക്ഷകര്‍ ആകേണ്ട ഉപരി കമ്മിറ്റി നേതാക്കള്‍ കുറ്റകരമായ മൗനം പാലിക്കുകയാണ്. ആ മൗനം അവര്‍ വെടിയുന്നില്ലെങ്കില്‍ കുട്ടനാട് പോലെയല്ല കാര്യങ്ങള്‍ പോവുക. സംസ്ഥാനതലത്തില്‍ തന്നെ പാര്‍ട്ടിക്ക് ക്ഷീണം വരുന്ന രീതിയില്‍ ആയിരക്കണക്കിന് പാര്‍ട്ടി അംഗങ്ങള്‍ പാര്‍ട്ടി വിട്ടു പോകും എന്നതില്‍ തര്‍ക്കമില്ല.
ഏരിയ സെക്രട്ടറിയുടെ അവിഹിത ധന സമ്പാദനം സഖാക്കള്‍ നേരത്തെ ചര്‍ച്ച ചെയ്തതാണ്. പുള്ളിക്കണക്ക് സഹകരണ ബാങ്ക് അഴിമതിയും അബ്കാരി ബന്ധവും ഒക്കെ ഈ സഖാവിന്റെ മുഖം എന്തെന്ന് തുറന്നു കാട്ടുന്നതാണ്. സ്വകാര്യ കരിമണല്‍ അതികായകനായ കര്‍ത്തായുടെ ദക്ഷിണ കേരളത്തിലെ പ്രധാന നടത്തിപ്പുകാരന്‍ പ്രദീപ് ദേവസ്യ യും സിപിഐഎം ഏരിയ സെക്രട്ടറി അരവിന്ദാക്ഷനും തമ്മിലുള്ള ബന്ധം എന്താണ്? സാമ്പത്തിക പ്രതിസന്ധിഘട്ടത്തില്‍ ദശലക്ഷക്കണക്കിന് രൂപയാണ് ഏരിയ സെക്രട്ടറിക്ക് ഇദ്ദേഹം കൊടുത്തത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ടല്ലൂരില്‍ കൊലപാതകത്തില്‍ പ്രതിയാക്കപ്പെട്ട പ്രദീപ് ദേവസ്യയെ പാര്‍ട്ടി ഏരിയ കമ്മിറ്റി ഓഫീസില്‍ അരവിന്ദാക്ഷന്‍ ഒളിപ്പിച്ചുവെച്ചു. പ്രതിയെ അറസ്റ്റ് ചെയ്യുവാന്‍ കായംകുളം പോലീസ് ജീപ്പുമായി പാര്‍ട്ടി ഓഫീസിന്റെ മുന്‍പിലെത്തി കാത്തു കിടന്നു. അലിയാര്‍ സഖാവും ബാബുജാന്‍ സഖാവും അരവിന്ദാക്ഷന്റെ നിലപാട് ചോദ്യം ചെയ്തപ്പോള്‍ പാര്‍ട്ടി ഓഫീസില്‍ നിന്നും ആരും അറിയാതെ മാറ്റി സ്വന്തം വീട്ടില്‍ എത്തിച്ചു ഈ ക്രിമിനലിനു അഭയം നല്‍കി.
പുള്ളിക്കണക്ക് ബാങ്കിലെ അഴിമതി സംബന്ധിച്ച കേസ് ഹൈക്കോടതിയില്‍ അന്തിമഘട്ടത്തിലാണ്. അപഹരിച്ച പണം തിരിച്ചടക്കണമെന്നുള്ള കോടതിവിധി കണ്ടു കൊണ്ട് ജനപ്രതിനിധി അടക്കമുള്ളവരോട് വാവിട്ട് നിലവിളിച്ച് ലക്ഷങ്ങള്‍ ആവശ്യപ്പെട്ടത് ഞങ്ങള്‍ മറന്നിട്ടില്ല. പുള്ളിക്കണക്ക് ബാങ്കില്‍ നടത്തിയ അഴിമതിയിലൂടെ ബാങ്കിനുണ്ടായ നഷ്ടം 1കോടി 15ലക്ഷം കവിഞ്ഞു. അദ്ദേഹത്തിന്റെ ഭരണ കാലയളവില്‍ ബാങ്കില്‍ നടന്നത് ഗുരുതരമായ അഴിമതികളാണ്. പണാപഹരണവും ക്രമക്കേടും ക്യാഷ് സര്‍ട്ടിഫിക്കറ്റ് തിരുമറി, ഡെപ്പോസിറ്റ് കൊള്ള, അനധികൃത വായ്പാ തട്ടിപ്പുകള്‍, സ്വര്‍ണ്ണപ്പണയ തിരി മറി, ചിട്ടിപ്പണ തട്ടിപ്പ്, റക്കിറിംഗ് നിക്ഷേപ തട്ടിപ്പ്, പണാപഹരണം, കോഴവാങ്ങല്‍, കള്ളരേഖ ചമക്കല്‍ തുടങ്ങി ഇനി നടക്കാത്തതായൊന്നുമില്ല. 22 വര്‍ഷമായി ജീവനക്കാരിയായിരുന്ന സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന ഉഷ എന്ന സ്ത്രീ ആത്മഹത്യ ചെയ്തതിന്റെ കാരണക്കാരന്‍ ഈ മഹാന്‍ ആയിരുന്നു. സത്യസന്ധതയോടു കൂടി പ്രവര്‍ത്തിച്ചിരുന്ന സെക്രട്ടറിയായിരുന്നു ഉഷ. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും അവര്‍ക്കുണ്ടായിരുന്നു. അവരുടെ മകള്‍ക്കുണ്ടായ അസുഖത്തിന്റെ സന്ദര്‍ഭം മുതലെടുത്ത് കൊടുംവഞ്ചനയും പണാപഹരണവും നടത്തുവാന്‍ നിരന്തര പ്രലോഭനങ്ങളിലൂടെ വഴിയൊരുക്കിയത് പ്രസിഡന്റ് ആയിരുന്നു. സെക്രട്ടറിയുടെ മരണം ആത്മഹത്യയായി എഴുതിത്തള്ളി സാമ്പത്തിക ക്രമക്കേടിലെ കുറ്റവാളി ഉഷയെന്നു മുദ്രകുത്തി. അരവിന്ദാക്ഷന്‍ പ്രസിഡണ്ട് ആയതിനുശേഷം സത്യസന്ധയായ ആ ഉദ്യോഗസ്ഥ പെട്ടെന്ന് എങ്ങനെ അഴിമതിക്കാരിയായി?
പിന്നീട് വന്ന അന്വേഷകര്‍ ഒരേ സ്വരത്തില്‍ പറഞ്ഞത് കുറ്റക്കാര്‍ പ്രസിഡന്റും കൂട്ടരും ആണെന്നാണ്. എന്നാല്‍ പാര്‍ട്ടി നടപടി സ്വീകരിക്കേണ്ടതിനു പകരം സ്ഥാനമാനങ്ങള്‍ നല്‍കി അദ്ദേഹത്തെ ആദരിക്കുകയാണ് നേതാക്കള്‍ ചെയ്തത്. ബഹു. കേരള ഹൈക്കോടതി തട്ടിപ്പില്‍ കുറ്റക്കാരന്‍ എന്ന് കണ്ടെത്തും വരെ ആ സഖാവിനെ കൊള്ള നടത്താന്‍ നേതാക്കള്‍ അവസരം നല്‍കിയിരിക്കുകയാണ്. വ്യാജ മദ്യ രാജാവ് അണലി പറമ്പില്‍ ശ്രീധരനുമായി ചേര്‍ന്ന് കള്ള് ഷാപ്പുകള്‍ വഴി ശ്രീധരന്റെ സ്പിരിറ്റ് കച്ചവടം ചെയ്യുന്നതിന് സൗകര്യമൊരുക്കി കൊടുത്തു കോടികളാണ് ഏരിയ സെക്രട്ടറി സമ്പാദിച്ചത്. സിഐടിയു നേതൃത്വത്തിലുള്ള ഷാപ്പ് തൊഴിലാളികളെ വഞ്ചിച്ച യൂണിയന്‍ നേതാവിനെ സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ കയ്യില്‍ കിട്ടിയിട്ടുണ്ട്. കേരളം കണ്ട വനിതാ കമ്മ്യൂണിസ്റ്റ് നേതാവ് കെ ആര്‍ ഗൗരിയുടെ സഹോദരന്റെ കൊച്ചുമകനില്‍ നിന്നും കായംകുളത്ത് ഷാപ്പ് നടത്തിപ്പിന് 12 ലക്ഷം രൂപ ആവശ്യപ്പെട്ട ശേഷം ഒടുവില്‍ അഞ്ചര ലക്ഷം രൂപ തിരിച്ചുനല്‍കാമെന്ന പേരില്‍ വാങ്ങിയിട്ട് നാളിതുവരെ അത് മടക്കി കൊടുത്തിട്ടില്ല.ഇത് സംബന്ധിച്ച് ഷാപ്പ് ഉടമ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കി രണ്ടു വര്‍ഷമായിട്ടും നടപടി ഉണ്ടാകാത്തതിനാല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ്. കായംകുളത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് എസ്എന്‍ സെന്‍ട്രല്‍ സ്‌കൂള്‍. ഈ സ്‌കൂളില്‍ തന്റെ ബിനാമിയായ ചിറക്കടവം ലോക്കല്‍ കമ്മിറ്റി അംഗം ചന്ദ്രദാസിനെ മുന്‍നിര്‍ത്തി നടത്തുന്ന ബിസിനസ് ഏവര്‍ക്കും അറിവുള്ളതാണല്ലോ. വര്‍ഷങ്ങള്‍ക്കു മുമ്പ് ചന്ദ്രദാസിനെ മുന്‍നിര്‍ത്തി ക്ലാപ്പനയില്‍ ഒരു സ്‌കൂള്‍ വാങ്ങുന്നതിന് വേണ്ടി ശ്രമിക്കുകയും അതിലൂടെ നാല് കോടി അപഹരിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. മണ്‍മറഞ്ഞ പല നേതാക്കളും ഈ കച്ചവടത്തില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നുള്ള വിവരം ജില്ലാ സംസ്ഥാന നേതൃത്വത്തിനറിവ് ഉള്ളതായിരുന്നു.തുടര്‍ന്ന് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം അന്നത്തെ പാര്‍ട്ടി ജില്ലാ സെക്രട്ടറി സഖാവ് സജി ചെറിയാന്‍ ഇടപെട്ടതിലൂടെ ഈ കള്ള കച്ചവടം അന്ന് പൊളിയുകയും ചെയ്തതാണ് ഇതേ മാതൃകയില്‍ മറ്റൊരിടത്ത് സ്‌കൂള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ബ്രോക്കര്‍ കമ്മീഷന്‍ നല്‍കാതെ ചന്ദ്രദാസും അരവിന്ദാക്ഷനും നടത്തിയ തട്ടിപ്പ് സംബന്ധിച്ച് സംസ്ഥാന സെക്രട്ടറിക്ക് വീണ്ടും പരാതി ബന്ധപ്പെട്ടവര്‍ അയച്ചിട്ടുണ്ട്. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗമായ ഈ ചന്ദ്രദാസിനെയാണ് ബിജെപിയുടെയും ബിഡിജെഎസിന്റെയും നേതാക്കള്‍ വീട്ടിലെത്തി പൊന്നാട അണിയിച്ചതിന്റെയും ബിഡിജെഎസ് ന്റെ സംസ്ഥാന പഠന ശിബിരത്തില്‍ പങ്കെടുക്കുന്നതിന്റെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇത്തരത്തിലുള്ള ഒരു ഏരിയ സെക്രട്ടറിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഘടകത്തില്‍ എങ്ങനെയാണ് സഖാക്കളെ പാര്‍ട്ടി വളരുക? . പാര്‍ട്ടി ഏരിയ സെക്രട്ടറിക്ക് മീറ്റര്‍ പലിശയും വ്യാജമദ്യ നിര്‍മ്മാണവും വിതരണവും കൊട്ടേഷനും ഉള്‍പ്പടെ നടത്തുന്നവരുമായുള്ള ബന്ധം ചര്‍ച്ച ചെയ്യണം. കായംകുളം ടൗണില്‍ പൊതുവിപ്ലവ പ്രസ്ഥാനത്തിന്റെയും യുവജനപ്രസ്ഥാനത്തിന്റെയും നേതാക്കളായി ഉയര്‍ന്ന വരേണ്ട പല ചെറുപ്പക്കാരെയും നശിപ്പിച്ചത് ഈ പരനാറിയാണ്. പാര്‍ട്ടിയില്‍ ഒന്നുമാകാതെ പോയ എന്നാല്‍ പാര്‍ട്ടിക്കുവേണ്ടി നിരവധി കേസുകളില്‍ പ്രതിയാക്കപ്പെട്ട നിരവധി സഖാക്കളുടെ ജീവിതം ഇന്ന് വഴിമുട്ടിയ അവസ്ഥയിലാണ്. ഇന്‍സ്റ്റാള്‍മെന്റ് കച്ചവടം നടത്തിയും കെസിടിയിലെ കിളിയായി ജോലിചെയ്തും ജീവിച്ചു പോന്ന പൊതുപ്രവര്‍ത്തകനായ 'കമ്മ്യൂണിസ്റ്റായ' അരവിന്ദാക്ഷന് ഇന്ന് 20 കോടിയോളം രൂപയുടെ ആസ്തിയുണ്ട്. ഇത് എങ്ങനെ ഉണ്ടായി എന്ന് പാര്‍ട്ടി പരിശോധിക്കണം. പാരമ്പര്യമായി ഒരു 'പഴവും' ഇല്ലാതിരുന്ന ഇദ്ദേഹം ഇതൊക്കെ സമ്പാദിച്ചത് കായംകുളത്ത് പാര്‍ട്ടിയെ വിറ്റിട്ടാണ്. മീറ്റര്‍ പലിശക്കാരുടെയും ലഹരി മാഫിയയുടെയും ആസ്തി പരിശോധിക്കുമ്പോള്‍ യഥാര്‍ത്ഥ പലിശക്കാരെ സഹായിക്കുന്ന ഇത്തരം രാഷ്ട്രീയ നേതാക്കന്മാരുടെ കൂടി ആസ്തി കൂടി പാര്‍ട്ടി പരിശോധിക്കണം. അത് നടക്കാതെ വരുമ്പോളാണ് അവരെ പരിശോധിക്കാന്‍ ഇ ഡി എത്തുന്നത്. അതു പിന്നീട് പാര്‍ട്ടിക്ക് ആകെ നാണക്കേടാകും. ഇത്രയും വലിയ തട്ടിപ്പിന്റെ പശ്ചാത്തലംഉള്ള ഈ ഏരിയ സെക്രട്ടറിക്ക് സകല ഒത്താശകളും ചെയ്തു കൊടുക്കുന്നത് ആലപ്പുഴയിലെ പാര്‍ട്ടിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ജില്ലാ സെക്രട്ടറി ആര്‍ നാസ്സറാണ്. കായംകുളത്തെ പാര്‍ട്ടിയെ നശിപ്പിച്ചത് ഈ ഏരിയ സെക്രട്ടറി മാത്രം ആണെന്ന് ഞങ്ങള്‍ കരുതുന്നില്ല.