കാസർകോട്- തൊഴിലാളികളുടെ സംഘടിതമായ ശബ്ദം ഇല്ലാതാക്കാനുള്ള ശ്രമം കേന്ദ്ര സർക്കാർ തുടരുകയാണെന്ന് എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി കൃഷ്ണൻ പറഞ്ഞു. ഇ.പി.എഫ് ബോർഡിൽ നിന്ന് എ.ഐ.ടി.യു.സി ഉൾപ്പെടെയുള്ള ട്രേഡ് യൂനിയനുകളെ ഒഴിവാക്കിയ കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ച് എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടന്ന ഹെഡ്‌പോസ്‌റ്റോഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ അധികാരത്തിൽ വന്നതു മുതൽ അവർക്കെതിരെ ഉയരുന്ന ഓരോ ശബ്ദങ്ങളെയും ഇല്ലാതാക്കുകയാണ്. കോർപറേറ്റുകൾക്ക് വേണ്ടി നിലകൊള്ളുന്ന കേന്ദ്ര സർക്കാർ തൊഴിലാളികൾ ദീർഘമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളെല്ലാം കവർന്നെടുത്തു കൊണ്ടിരിക്കുകയാണ്. തൊഴിലാളികൾ ഇന്നുവരെ ഒന്നും ഓച്ചാനിച്ച് നേടിയതല്ല ഈ അവകാശങ്ങൾ. പോരാട്ടത്തിലൂടെയാണ് അത് നേടിയെടുത്തതെന്നും അത് സംരക്ഷിക്കാൻ പോരാട്ടങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
എ.ഐ.ടി.യു.സിയെ എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് ട്രസ്റ്റിൽ നിന്ന് ഒഴിവാക്കിയത് കേന്ദ്ര ബി.ജെ.പി സർക്കാരിന്റെ എതിർ ശബ്ദങ്ങളെ ഇല്ലാതാക്കുന്ന നയത്തിന്റെ ഭാഗമാണ്. ഇന്ത്യയിലെ ആദ്യത്തെ ട്രേഡ് യൂനിയൻ പ്രസ്ഥാനമായ എ.ഐ.ടി.യു.സി പ്രൊവിഡന്റ് ഫണ്ട് ബോർഡ് നിവലിൽ വന്നതു മുതൽ ഈ ബോർഡിൽ അംഗമാണ്. ഈ ബോർഡിൽ ഇല്ലെങ്കിലും തൊഴിലാളികൾക്ക് വേണ്ടി എന്നും എ.ഐ.ടി.യു.സി ശബ്ദിച്ചു കൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി ബാബു, ജില്ലാ ഭാരവാഹികളായ പി.വിജയകുമാർ, വി.രാജൻ, ബിജു ഉണ്ണിത്താൻ, ബി.സുകുമാരൻ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.ഗോവിന്ദൻ പള്ളിക്കാപ്പിൽ സ്വാഗതം പറഞ്ഞു. സമരത്തിന് എ.അമ്പൂഞ്ഞി, എം.കുമാരൻ മുൻ എം.എൽ.എ മായാ കരുണാകരൻ, ബി.സുധാകരൻ, ചന്ദ്രശേഖര ഷെട്ടി, എ.രാഘവൻ, കെ.ശാർങ്ധരൻ തുടങ്ങിയവർ നേതൃത്വം നൽകി.