മക്ക - ഹജ് തീർഥാടകർക്കു വേണ്ടി ബലികർമം നിർവഹിക്കുന്നതിന് മിനായിൽ അത്യാധുനിക കശാപ്പുശാലകൾ സ്ഥാപിക്കുന്നതിന് പദ്ധതി. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഇതിനായി നിർദേശം നൽകിയിട്ടുണ്ടെന്ന് ബലിമാംസം പ്രയോജനപ്പെടുത്തുന്നതിന് ഗവൺമെന്റ് ചുമതലപ്പെടുത്തിയ ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് ഗ്രൂപ്പ് ഉപദേഷ്ടാവ് വലീദ് ഫഖീഹ് അറിയിച്ചു. നിലവിലുള്ള കശാപ്പ് ശാലകളുടെ ശേഷി ഉയർത്തുന്നതിനും പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന് രാജാവ് ഉത്തരവിറക്കിയിട്ടുണ്ട്.
2030 ഓടെ പ്രതിവർഷം സ്വീകരിക്കുന്ന ഹജ് തീർഥാടകരുടെ എണ്ണം 50 ലക്ഷമായും ഉംറ തീർഥാടകരുടെ എണ്ണം രണ്ടര കോടിയായും ഉയർത്തുന്നതിന് സൗദി അറേബ്യക്ക് പദ്ധതിയുണ്ട്. ഇതിനനുസൃതമായ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിന് രാജ്യം ശ്രമിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ഹജ് തീർഥാടകരുടെ എണ്ണത്തിലുണ്ടാകുന്ന വലിയ വർധനവ് കണക്കിലെടുത്ത് മിനായിലെ കശാപ്പുശാലകളുടെ ശേഷി ഉയർത്തുന്നതിനും പുതിയ കശാപ്പുശാലകൾ സ്ഥാപിക്കുന്നതിനുമാണ് പദ്ധതി. ഇതേ കുറിച്ച് വിശദമായ പഠനങ്ങൾ നടത്തി, ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് സാങ്കേതിക വിശദാംശങ്ങളും വ്യവസ്ഥകളും തയാറാക്കുന്നതിന് കൺസൾട്ടൻസിയുമായി കരാർ ഒപ്പുവെച്ചു.
സൗരോർജം ഉപയോഗിക്കുന്ന പരിസ്ഥിതി സൗഹൃദ കശാപ്പുശാകളാണ് പുതുതായി സ്ഥാപിക്കുക. കശാപ്പ് ഒഴികെയുള്ള മുഴുവൻ ജോലികളും റോബോട്ടുകളാണ് ഇവിടങ്ങളിൽ നിർവഹിക്കുക. കശാപ്പുശാലകൾ യന്ത്രവൽക്കരിക്കുന്നതിലൂടെ ഹജ് കാലത്ത് ബലിമാംസം പ്രയോജനപ്പെടുത്തുന്ന പദ്ധതിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വിദേശ തൊഴിലാളികളുടെ എണ്ണം 70 ശതമാനം തോതിൽ കുറക്കുന്നതിനും സാധിക്കും.
നിലവിൽ നിരവധി ഹജ് തീർഥാടകർ ബലിമാസം പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതിക്ക് പുറത്തുള്ള കശാപ്പുശാലകളിലും മറ്റും ബലിയറുക്കുന്നുണ്ട്. ഇതിൽ ഒരു ഭാഗത്തിന്റെ ഇറച്ചി പ്രയോജനപ്പെടുത്താതെ പോവുകയാണ്. മിനാക്ക് പുറത്തുള്ള ബലിയറുക്കൽ പരിസ്ഥിതി മലിനീകരണത്തിനും ഇടയാക്കുന്നു. നിലവിലുള്ള ഇത്തരം പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം കാണുന്നതിന് ശ്രമിച്ചാണ് പുതിയ കശാപ്പുശാലകൾ സ്ഥാപിക്കുന്നതും കശാപ്പുശാലകൾ യന്ത്രവൽക്കരിക്കുന്നതും.
നിലവിൽ ബലിമൃഗത്തിന്റെ ഇറച്ചി മാത്രമാണ് പ്രയോജനപ്പെടുത്തുന്നത്. ചില കാലികളുടെ തുകലും പ്രയോജനപ്പെടുത്തുന്നു. ബലിമൃഗത്തിന്റെ നല്ലൊരു ഭാഗവും പ്രയോജനപ്പെടുത്താതെ പോവുകയാണ്. ബലിമൃഗങ്ങളുടെ അവശിഷ്ടങ്ങളും കശാപ്പു ചെയ്യുന്ന രീതിയും പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നു.
അടുത്ത 25 വർഷത്തേക്കുള്ള ആവശ്യം മുന്നിൽ കണ്ടാണ് കശാപ്പുശാലകളുടെ ശേഷി ഉയർത്തുന്നതിനുള്ള പദ്ധതി തയാറാക്കിയിരക്കുന്നത്. വർഷങ്ങൾക്കുള്ളിൽ ഒരു ഹജ് കാലത്ത് ബലിയറുക്കുന്ന കാലികളുടെ എണ്ണം 45 ലക്ഷം മുതൽ 50 ലക്ഷം വരെയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹജിനിടെ 84 മണിക്കൂറിനകമാണ് ഇത്രയും കാലികളെ കശാപ്പു ചെയ്യേണ്ടത്. ലോകത്ത് ഒരു ഇറച്ചി ഫാക്ടറിയും ഇത്തരമൊരു സാഹചര്യത്തിൽ പ്രവർത്തിക്കുന്നില്ല. പുതിയ കശാപ്പുശാലകൾ സ്ഥാപിക്കുന്നതിനും നിലവിലുള്ള കശാപ്പുശാലകളുടെ ശേഷി ഉയർത്തുന്നതിനുമുള്ള ജോലികൾ നാലു വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് കരുതുന്നത്. ആദ്യ ഘട്ടത്തിൽ കശാപ്പുശാലകളുടെ ശേഷി 20 ലക്ഷം ആടുകളായി ഉയർത്തും. ഘട്ടംഘട്ടമായി ശേഷി 50 ലക്ഷം ആടുകളിൽ എത്തിക്കും.
മിനായിലെ കശാപ്പുശാലകൾ നിലവിൽ വർഷത്തിൽ 84 മണിക്കൂർ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇത് കശാപ്പുശാലകളെ ദോഷകരമായി ബാധിക്കുന്നു. സ്വകാര്യ മേഖലക്കു വേണ്ടി കശാപ്പുശാലകൾ പ്രവർത്തിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. യൂറോപ്പ് അടക്കമുള്ള പല രാജ്യങ്ങളിലും മുസ്‌ലിംകൾക്ക് കാലികളെ കശാപ്പു ചെയ്ത് ഇറച്ചി ദാനം ചെയ്യുന്നതിന് നിയമ തടസ്സങ്ങളുണ്ട്. ഇവർക്കെല്ലാവർക്കും ബലികർമം നിർവഹിക്കുന്നതിനും മറ്റു ലക്ഷ്യങ്ങളോടെ കാലികളെ കശാപ്പു ചെയ്ത് ഇറച്ചി ദാനം ചെയ്യുന്നതിനും ബലിമാംസം പ്രയോജനപ്പെടുത്തുന്നതിനുള്ള സൗദി അറേബ്യയുടെ പദ്ധതിയെ ഏൽപിക്കാവുന്നതാണ്. ഇക്കാര്യത്തിൽ സൗദി പോസ്റ്റ് അടക്കമുള്ള ഏജൻസികളുമായി തങ്ങൾ സഹകരിക്കുന്നുണ്ടെന്നും വലീദ് ഫഖീഹ് പറഞ്ഞു.