കൊച്ചി - സോമാലിയന്‍ കടല്‍ക്കൊള്ളക്കാരില്‍നിന്ന് മറ്റൊരു ഇറാനിയന്‍ മത്സ്യബന്ധന കപ്പലിനെ കൂടി രക്ഷപ്പെടുത്തി ഇന്ത്യന്‍ നേവി. കടല്‍ക്കൊള്ളക്കെതിരായ ദൗത്യത്തിനായി വിന്യസിച്ച കൊച്ചിയില്‍ നിന്നുള്ള നിരീക്ഷണ കപ്പലായ ഐ എന്‍ എസ് ശാരദയാണ് സോമാലിയയുടെ കിഴക്കന്‍ തീരത്ത് കടല്‍ക്കൊള്ളക്കാരെ തുരത്തിയത്. എഫ് വി ഓമാരി എന്ന ഇറാനിയന്‍ കപ്പലില്‍ കയറിയ ഏഴ് കടല്‍ക്കൊള്ളക്കാര്‍ ജീവനക്കാരെ ബന്ദികളാക്കിയതിനെ തുടര്‍ന്ന് ഐ എന്‍ എസ് ശാരദയില്‍ ജാഗ്രതാ നിര്‍ദേശമെത്തി. തുടര്‍ന്ന നടത്തിയ തിരച്ചിലില്‍ കടല്‍ക്കൊള്ളക്കാര്‍ കൈക്കലാക്കിയ ഇറാനിയന്‍ കപ്പലിനെ കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെ ഇറാനിയന്‍ കപ്പലില്‍ കയറിയ സായുധ നാവിക സംഘം കടല്‍ക്കൊള്ളക്കാരെ കീഴടക്കി ബന്ദികളാക്കിയ ജീവനക്കാരെയും കപ്പലിനെയും മോചിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ പിടിച്ചെടുത്ത രണ്ട് ഇറാനിയന്‍ മത്സ്യബന്ധന കപ്പലുകള്‍ ഇന്ത്യന്‍ നാവിക സേന മോചിപ്പിക്കുകയും 11 ഇറാന്‍കാരെയും എട്ട് പാക്കിസ്ഥാന്‍കാരെയും മോചിപ്പിക്കുകയും ചെയ്തിരുന്നു.