Sorry, you need to enable JavaScript to visit this website.

എടക്കര പട്ടണത്തില്‍ കാട്ടുപോത്ത് ഭീതി പരത്തി

എടക്കര- ടൗണിലെത്തിയ കാട്ടുപോത്ത് ഭീതി പരത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് എടക്കര ടൗണില്‍ കാട്ടുപോത്തിനെ കണ്ടത്. ഈ സമയം ടൗണിലുണ്ടായിരുന്ന ശുചീകരണ തൊഴിലാളികളും ഓട്ടോ ഡ്രൈവര്‍മാരും യാത്രക്കാരുമാണ് ആദ്യം കാട്ടുപോത്തിനെ കണ്ടത്. തുടര്‍ന്നു വിവരമറിഞ്ഞു പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് കാട്ടിലേക്കയക്കാന്‍ ശ്രമിച്ചെങ്കിലും കാട്ടുപോത്ത് ഇല്ലിക്കാട് ഭാഗത്തേക്ക് തിരിയുകയായിരുന്നു. ഇല്ലിക്കാട്, കവളപ്പൊയ്ക വഴി നരിവാലമുണ്ടയിലൂടെ മാമാങ്കരയിലെത്തിയ കാട്ടുപോത്ത് രാവിലെ എട്ടു മണിയോടെ മരുതയിലെത്തി പകല്‍ സമയത്ത് ജനവാസ കേന്ദ്രങ്ങളിലൂടെ കറങ്ങി നടന്നു സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ മേയാന്‍ വിട്ട നാടന്‍ പോത്തുകള്‍ക്കൊപ്പം ഏറെനേരം കാണപ്പെട്ടു. വൈകിട്ട് അഞ്ചരയോടെ ഓടപ്പൊട്ടി ഭാഗത്തുകൂടെ മരുത വനത്തിലേക്ക് കടന്നുപോകുകയും ചെയ്തു. ജനവാസ കേന്ദ്രത്തിലൂടെയുള്ള പാച്ചിലിനിടെ ജനങ്ങള്‍ പിന്നാലെ കൂടിയെങ്കിലും കാട്ടുപോത്ത് അക്രമമൊന്നും കാട്ടിയില്ല. കഴിഞ്ഞ ദിവസങ്ങളില്‍ നിലമ്പൂര്‍ രാമംകുത്ത്, വടപുറം, മമ്പാട് എന്നിവിടങ്ങളിലായി കണ്ട കാട്ടുപോത്ത് തന്നെയാകാം എടക്കര ടൗണിലുമെത്തിയതെന്ന് കരുതുന്നു.

 

Latest News