തിരുവനന്തപുരം - വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ക്രൈംബ്രാഞ്ച്, വിജിലന്‍സ് മാതൃകയില്‍ പോലീസില്‍ രൂപീകരിക്കുന്ന പുതിയ സൈബര്‍ ഡിവിഷന്‍ വരുന്ന ചൊവ്വാഴ്ച നിലവില്‍വരും. രണ്ട് എസ്.പിമാരുടെ നേതൃത്വത്തില്‍ നാല് ഡിവൈ.എസ്.പിമാരും 13 സി.ഐമാരും അടക്കം 466 പേരാകും സൈബര്‍ ഡിവിഷനില്‍ ഉണ്ടാകുക. നിലവിലെ സംവിധാനങ്ങള്‍ പര്യാപ്തമാകുന്നില്ല എന്ന യാഥാര്‍ഥ്യം പരിഗണിച്ചാണ് പ്രത്യേക വിഭാഗത്തിന് അനുമതിയായത്. തിരുവനന്തപുരത്ത് ആസ്ഥാനത്തിന് പുറമെ ജില്ലകളിലും റേഞ്ച് തലങ്ങളിലും പുതിയ സൈബര്‍ ഡിവിഷന് ഓഫീസുകളുണ്ടാകും.
തിരഞ്ഞെടുക്കപ്പെട്ട പോലീസുകാരുടെ പരിശീലനം സാങ്കേതികമേഖലയിലെ ഏറ്റവും പ്രമുഖ സ്ഥാപനങ്ങളിലാണ് പൂര്‍ത്തിയാക്കിയത്. നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍, ബെംഗളൂരുവിലെ ഡേറ്റ സെക്യൂരിറ്റി കൌണ്‍സില്‍ ഓഫ് ഇന്ത്യ, ബി.എസ്.എന്‍.എല്‍, കൊച്ചി കുസാറ്റ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കോട്ടയം എന്നിവിടങ്ങളിലായിരുന്നു പരിശീലനം. സൈബര്‍ സെക്യൂരിറ്റി, എത്തിക്കല്‍ ഹാക്കിംഗ്, നെറ്റ് വര്‍ക്ക് സുരക്ഷ, റിസ്‌ക് മാനേജ്‌മെന്റ്‌റ്, ഡിജിറ്റല്‍ ഫോറന്‍സിക് മുതലായ മേഖലകളില്‍ പ്രാവീണ്യമുള്ളവരെയാണ് പുതിയ ഡിവിഷനിലേക്ക് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സര്‍ക്കാരിന് അധിക ബാധ്യതയുണ്ടാകാത്ത വിധം നിലവിലുള്ള തസ്തികകള്‍ പുനര്‍വിന്യസിച്ചാണ് സൈബര്‍ ഡിവിഷന് ആവശ്യമായ തസ്തിതകകള്‍ കണ്ടെത്തിയത്.