Sorry, you need to enable JavaScript to visit this website.

പാലാ നഗരസഭയില്‍ മൊബൈല്‍ എയര്‍പോഡ് വിവാദം: സി.പി.എമ്മിന് അതൃപ്തി

കോട്ടയം- പാലാ നഗരസഭയിലെ സംഭവവികാസങ്ങളില്‍ സി.പി.എമ്മിന് അതൃപ്തി. ഭരണകക്ഷിയായ ഇടതുമുന്നണിയിലെ സി.പി.എം കേരള കോണ്‍ഗ്രസ് എം കൗണ്‍സിലര്‍മാര്‍ തമ്മിലുളള മൊബൈല്‍ എയര്‍പോഡ് വിവാദവും പോലീസ് പരാതിയുമാണ് ഇതില്‍ ഏറ്റവും പുതിയത്.

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിലെ കൗണ്‍സിലര്‍ ജോസ് ചീരാംങ്കുഴി തന്റെ എയര്‍പോഡ് സി.പി.എം കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടം മോഷ്ടിച്ചു എന്നാണ് പരാതിപ്പെട്ടത്. ഈ വിവാദത്തിലാണ് സി.പി.എം തങ്ങളുടെ അതൃപ്തി രേഖപ്പെടുത്തിയത്. ശനിയാഴ്ച്ചയാണ് പുതിയ നഗരസഭാധ്യക്ഷയെ തെരഞ്ഞെടുക്കേണ്ടത്. ഇക്കുറി കേരള കോണ്‍ഗ്രസ് എമ്മിനാണ് ഊഴം.

പാലാ നഗരസഭയില്‍ അടുത്തയിടെയായി എന്നും വിവാദമാണെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി  എ.വി റസലിന്റെ പ്രതികരണം. ചെറുതും വലുതുമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം ഇടപെട്ടു ചര്‍ച്ച ചെയ്തു പരിഹരിച്ചിട്ടുണ്ട്. പുതിയ പ്രശ്‌നത്തിലും അടിയന്തരമായി ഇടപെടും. നഗരസഭയിലെ അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദമെന്നു കരുതുന്നു. അതിലും ഇടപെടും റസല്‍ പറഞ്ഞു.

അതേ സമയം എയര്‍പോഡ് വിവാദത്തില്‍ തനിക്കെതിരെ പാലാ പോലീസില്‍ പരാതി നല്‍കി എന്ന ജോസ് വിഭാഗം കൗണ്‍സിലര്‍ ജോസ് ചീരാംങ്കുഴിയുടെ പ്രസ്താവന അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുന്നു എന്ന് നഗരസഭ കൗണ്‍സിലര്‍ അഡ്വ ബിനു പുളിക്കകണ്ടം പറഞ്ഞു. വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നത് തന്റെ കൂടി ആവശ്യമാണ്.

ഇക്കാര്യത്തില്‍ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് നഗരസഭ കൗണ്‍സില്‍ തീരുമാനമെടുക്കണമെന്ന ആവശ്യവുമായി താന്‍ ഒരാഴ്ച മുമ്പ് തന്നെ നഗരസഭയില്‍ കത്ത് നല്‍കിയതായും ബിനു ചൂണ്ടിക്കാട്ടി.നഷ്ടപ്പെട്ടു എന്ന് പറയുന്ന എയര്‍ പോഡിന്റെ പേരില്‍ ക്രിത്രിമമായ നിര്‍മ്മിച്ചെടുത്ത ലൊക്കേഷന്‍ രാഷ്ട്രീയ ഗൂഢാലോചന എന്നിവയെല്ലാം അന്വേഷണ പരിധിയില്‍ വരുന്നതിനെ താന്‍ സ്വാഗതം ചെയ്യുന്നു.

തനിക്കെതിരെയുള്ള രാഷ്ട്രിയ വൈരാഗ്യം തീര്‍ക്കാന്‍ നേതൃത്വം കൊടുക്കുന്ന അനധികൃത പാറമട മാഫിയായുടെ വക്താവായ കൗണ്‍സിലറുടെ ഉന്നതന്‍ ചെയ്യുന്ന തെറ്റിന് കാലം കാത്ത് വയ്ക്കുന്ന കാവ്യനീതി ഉണ്ടാവുക തന്നെ ചെയ്യും.നഷ്ടപ്പെട്ടു എന്ന് പറയുന്ന എയര്‍ പോഡില്‍ നിന്നും ഒരു നിമിഷം ഒരു ഫോണ്‍ കോള്‍ എങ്കിലും താന്‍ ചെയ്തു എന്ന് തെളിയിച്ചാല്‍ തന്റെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും ബിനു പറഞ്ഞു.

കുട്ടിക്കുരങ്ങനെ കൊണ്ട് ചുടു ചോറ് വാരിക്കുന്ന നേതാവ് നോട്ടെണ്ണുന്ന മെഷനും ഇയര്‍പോഡും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണം. കള്ളപ്പരാതിയില്‍ തളരില്ല എന്നും വിഷയത്തില്‍ രാഷ്ട്രീയമായും നിയമപരമായും പോരാടുമെന്നും ബിനു അസന്നിഗ്ദമായി പറഞ്ഞു.ആരോപണം ഉന്നയിച്ച വ്യക്തിക്കെതിരെ മാനനഷ്ടക്കേസ് നല്കും. തന്റെ ചെയര്‍മാന്‍ സ്ഥാനം നഷ്ടപ്പെടുത്തിയത് മതിയാകാതെ തന്റെ ചോരക്ക് ദാഹിച്ചു നടക്കുന്ന പ്രതികാര രാഷ്ട്രിയത്തിന്റെ വ്യക്താവിന് പാലായിലെ ജനങ്ങള്‍ ഇനിയും മറുപടി നല്‍കും എന്ന കാര്യത്തില്‍ രാഷ്ട്രിയ ബോധമുള്ളവര്‍ക്ക് സംശയമില്ല.

 

Latest News