Sorry, you need to enable JavaScript to visit this website.

മയക്കുവെടിയേറ്റു, 'തണ്ണീര്‍' മയങ്ങിത്തുടങ്ങി, സുരക്ഷിതസ്ഥാനത്തേക്ക് മാറ്റും

മാനന്തവാടി- നഗരത്തില്‍ 12 മണിക്കൂറിലധികം പരിഭ്രാന്തി പരത്തിയ കാട്ടാനയില്‍ മയക്കുവെടി പ്രയോഗിച്ചു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവായതനുസരിച്ച് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയ്ക്കാണ് ആനയില്‍ മയക്കുവെടി വെച്ചത്.  താഴെ അങ്ങാടിക്കു സമീപം വാഴത്തോപ്പില്‍ സൗകര്യപ്രദമായ സ്ഥലത്ത് ആന നിലയുറപ്പിച്ചപ്പോള്‍ മയക്കുവെടി വെക്കുകയായിരുന്നു. 6.45 ഓടെയാണ് ആന മയങ്ങിത്തുടങ്ങിയത്. നന്നായി മയങ്ങുന്ന മുറയ്ക്ക് ആനയെ മുത്തങ്ങയില്‍നിന്നു എത്തിച്ച  മൂന്നു കുംകിയാനകളുടെ സഹായത്തോടെ വാഹനത്തില്‍ കയറ്റി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും. പ്രകാശ സംവിധാനങ്ങളും ജെ.സി.ബി ഉള്‍പ്പെടെ യന്ത്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
രണ്ടാഴ്ച  മുമ്പ് കര്‍ണാടക വനം വകുപ്പ് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ചശേഷം കാട്ടില്‍ വിട്ട 'തണ്ണീര്‍' എന്ന ആനയാണ് മാനന്തവാടിയില്‍ എത്തിയത്. ഹാസനിലെ  സഹാറ എസ്‌റ്റേറ്റില്‍നിന്നാണ്  കര്‍ണാടക വനസേന ആനയെ പിടിച്ചത്. മൂലഹള്ള വനത്തിലാണ് ആനയെ മോചിപ്പിച്ചത്. തുറന്നുവിട്ട സ്ഥലത്തുനിന്നു ഏകദേശം 200 കിലോമീറ്റര്‍ താണ്ടിയാണ് ആന മാനന്തവാടിയിലെത്തിയത്. എടവക പഞ്ചായത്തിലെ പായോടില്‍ ഇന്നു പുലര്‍ച്ചെയാണ് ആനയെ ആദ്യം കണ്ടത്. ഇവിടെനിന്നാണ് ആന ടൗണിലേക്ക് നീങ്ങിയത്‌

 

Latest News