ഇ. അഹമ്മദിന്റെ ഓർമദിനമായിരുന്നു ഇന്നലെ
2017 ഫെബ്രുവരി ഒന്നാം തീയതി ആണ് അദ്ദേഹം ഈ ലോകത്തോട് യാത്ര പറഞ്ഞത്. തന്റെ പ്രവർത്തനപന്ഥാവിൽ ഖായിദേമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ്, കെ.എം.സീതിസാഹിബ്, അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ എന്നിവരായിരുന്നു വഴികാട്ടി. സി.എച്ച്. മുഹമ്മദ് കോയ സാഹിബ് ആയിരുന്നു പ്രവർത്തനകളരിയിലെ ഉത്തമസുഹൃത്ത്. അരനൂറ്റാണ്ട് കാലത്തെ അദ്ദേഹത്തിന്റെ ജീവിതവും സേവനങ്ങളും ചരിത്രപരമായി വേറിട്ടതും വ്യത്യസ്തവുമായിരുന്നു. അത് തന്നെയാണ് ഇ.അഹമ്മദ് സാഹിബിനെ മറ്റ് നേതാക്കളിൽനിന്നും വ്യത്യസ്തനാക്കുന്നതും.
ലോകരാഷ്ട്രങ്ങളുടെ ഇടയിലും ഇന്ത്യയിലെ നയതന്ത്ര രംഗത്തും പ്രാഗത്ഭ്യം തെളിയിക്കുകയും, മദ്ധ്യപൗരസ്ത്യ മേഖലകളിലെ സംഘർഷഘട്ടങ്ങളിൽ ഇന്ത്യയുടെ മുഖമായി ശോഭിക്കുകയും, വിദേശരാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളിൽ കൃത്യമായ ഇടപെടലുകൾ നടത്തുകയും പ്രതിസന്ധിഘട്ടങ്ങളിൽ അവരെ നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമങ്ങൾ നടത്തുകയും ചെയ്ത ഇ.അഹമ്മദ്, ഇന്ത്യാ രാജ്യത്തിന് കേരളം സമ്മാനിച്ച പ്രതിഭാശാലിയായിരുന്നു.
മുസ്‌ലിം ലീഗിന്റെ ദേശീയ മുഖമായും ശോഭിക്കാൻ ഇ. അഹമ്മദിന് കഴിഞ്ഞിരുന്നു. താഴെ തട്ടിൽ നിന്നും പാർട്ടി പ്രവർത്തനം തുടങ്ങി അഖിലേന്ത്യാ പ്രസിഡന്റ് പദം വരെ പാർട്ടിയിൽ അലങ്കരിച്ചു. തന്റെ നാട്ടിലെ നഗരസഭ അംഗം മുതൽ അന്തർദേശീയ പദവി വരെ കൈകാര്യം ചെയ്തു തൊട്ടതിലെല്ലാം ഒരു വ്യത്യസ്തത പുലർത്താനും ഏവരുടെയും മികച്ച അഭിപ്രായം നേടിയെടുക്കാനും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു. അരനൂറ്റാണ്ട് കാലത്തിലധികമുള്ള തന്റെ ധന്യമായ പൊതുപ്രവർത്തനങ്ങളിൽ ഒരു മനുഷ്യൻ നേടിയെടുക്കാൻ കഴിയുന്നതും, എത്തിച്ചേരാൻ കഴിയുന്നതുമായ നേട്ടങ്ങൾക്കപ്പുറമാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ നമുക്ക് ദർശിക്കാൻ കഴിയുന്നത്. അദ്ദേഹം മരിക്കുന്ന സമയം വരെ കൃത്യനിർവ്വഹണ പോരാട്ടത്തിലായിരുന്നു.
പാർലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കുമ്പോൾ അവിടെ കുഴഞ്ഞ് വീഴുകയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു.
1938 ഏപ്രിൽ 29 ന് കണ്ണൂർ നഗരത്തിലെ ഒരു പ്രശസ്ത കുടുംബമായിരുന്ന ഓവിന്റകത്ത് അബ്ദുൽഖാദർ ഹാജിയുടെയും എടപ്പകത്ത് നബീസാ ബീവിയുടെയും മകനായി ജനനം. കണ്ണൂർ മഅദനുൽ ഉലൂം മദ്രസ, തലശ്ശേരി ബിഇഎംഎംപി ഹൈസ്‌കൂൾ, കണ്ണൂർ മുനിസിപ്പൽ ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും പിന്നീട് എറണാകുളം ലോകോളേജിൽ നിയമപഠനത്തിനും ചേർന്നു. കെഎം.സീതിസാഹിബിന്റെ നിർദ്ദേശപ്രകാരം പഠനം തിരുവനന്തപുരം ലോ കോളേജിലേക്ക് മാറ്റി. അവിടെ നിന്നും നിയമബിരുദം പാസ്സായി. 1962 ൽ അഭിഭാഷക വൃത്തി ആരംഭിച്ചു. ചീഫ് ജസ്റ്റിസ് ആയി പിന്നീട് സർവ്വീസിൽനിന്നും വിരമിച്ച ജസ്റ്റിസ് വി.ഖാലിദിന്റെ കിഴിലാണ് പ്രാക്ടീസ് ആരംഭിച്ചത്.
വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് പ്രവേശിച്ചു. കേരളപ്പിറവിയ്ക്ക് മുമ്പ് മലബാർ ജില്ലാ എം.എസ്.എഫ് ജനറൽ സെക്രട്ടറി ആയി കേരള സംസ്ഥാനം രൂപം കൊണ്ടപ്പോൾ 1957 മുതൽ 1962 വരെയുള്ള കാലഘട്ടത്തിൽ എം.എസ്.എഫിന്റെ പ്രഥമ സംസ്ഥാന ജനറൽ സെക്രട്ടറിയായി. പിന്നീട് കണ്ണൂർ ജില്ലാ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. ജി.എം. ബനാത്തുവാലയുടെ നിര്യാണത്തെത്തുടർന്ന് അഖിലേന്ത്യാ പ്രസിഡന്റ് ആവുകയും മരിക്കുംവരെ അത് തുടരുകയും ചെയ്തു.
സംസ്ഥാനത്തും രാജ്യത്തിനകത്തുമായി ഒട്ടനവധി സ്ഥാനമാനങ്ങൾ അദ്ദേഹം അലങ്കരിച്ചു. കേരള കൈത്തറി വികസന ബോർഡ് ഉപദേശകസമിതി ചെയർമാൻ, സിഡ്‌കോ ചെയർമാൻ, കേരള ഗ്രാമവികസന ബോർഡ് ചെയർമാൻ, കാലിക്കട്ട് സർവ്വകലാശാല സെനറ്റ് അംഗം തുടങ്ങിയ പദവികൾ സംസ്ഥാനത്തും, ലോക്‌സഭ സബോർഡിനേറ്റ് ലജിസ്ലേഷൻ കമ്മിറ്റി അംഗം, ലോക്‌സഭ കൺസർവേറ്റീവ് കമ്മിറ്റി അംഗം, മിനിസ്ട്രി ഓഫ് എക്‌സ്റ്റേണൽ അഫയേഴ്‌സ് ചെയർമാൻ, പബ്ലിക് അണ്ടർടേക്കിംഗ് കമ്മിറ്റി അംഗം, ലോക്‌സഭ കമ്മിറ്റി ഓൺ സയൻസ് ടെക്‌നോളജി അംഗം, ഗവൺമെന്റ് അഷ്വറൻസ് കമ്മിറ്റി അംഗം, എക്‌സ്റ്റേണൽ അഫയേഴ്‌സ് സ്റ്റാന്റിംഗ് കമ്മിറ്റി അംഗം, സിവിൽ ഏവിയേഷൻ കമ്മിറ്റി മെമ്പർ, ജോയിന്റ് കമ്മിറ്റി ഓൺ ഫുഡ് മാനേജ്‌മെന്റ് പാർലമെന്റ് കമ്മിറ്റി ചെയർമാൻ തുടങ്ങിയവ കേന്ദ്ര സർക്കാരിന്റെ കീഴിലുമായി ഒട്ടനവധി സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഇറാഖ് കുവൈത്തിനെ ആക്രമിച്ച ശേഷം കുവൈത്തി സ്പീക്കറുടെ ക്ഷണപ്രകാരം കുവൈത്ത് പാർലമെൻറ് സന്ദർശിച്ച പ്രമുഖ നേതാക്കളിൽ ഒരാൾ ഇ.അഹമ്മദ് ആയിരുന്നു. അന്നത്തെ അമേരിക്കൽ പ്രസിഡന്റ് ജോർജ്ജ് ബുഷ് ഉൾപ്പടെ കുവൈത്ത് അമീർ ജാസിർ അഹമ്മദ് അൽസബഹിന്റെ കൊട്ടാരത്തിൽ പങ്കെടുത്ത ചടങ്ങിൽ ഇ. അഹമ്മദിനെയും ഇന്ത്യ നൽകിയ പിന്തുണയെയും പ്രശംസിച്ച് പറഞ്ഞത് ലോകവാർത്തകളിൽ പ്രാധാന്യമുള്ളതായിരുന്നു. 29 പ്രാവശ്യം ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ രാജ്യത്തിന് വേണ്ടി പങ്കെടുത്ത് പ്രസംഗിച്ചു എന്ന ഖ്യാതി ഇ.അഹമ്മദ് സാഹിബിന് മാത്രം സ്വന്തമായതാണ്. ലോകത്തിന്റെ വിവിധ കോണുകളിൽ തൊഴിൽ ചെയ്യുന്ന ഇന്ത്യാക്കാർക്കും പ്രത്യേകിച്ച് മലയാളികൾക്കും അന്ന് ഏറെ പ്രതീക്ഷ നൽകിയിരുന്ന ഭരണാധികാരിയും ജനപ്രതിനിധിയും, രാജ്യ നയതന്ത്രജ്ഞനും കൂടിയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ 31 ാമത്തെ പാസ്‌പോർട്ട് ഓഫീസ് മലപ്പുറത്ത് ആരംഭിച്ചതും മഞ്ചേരിയിൽ എഫ്. എംറേഡിയോ നിലയം കൊണ്ടുവന്നതും, അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ ഓഫ്ക്യാമ്പസും വിദേശ ഭാഷാ സർവ്വകലാശാലയും മഞ്ചേരി മെഡിക്കൽ കോളേജിന് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകാരം നേടിയെടുത്തതും കാലിക്കട്ട് സർവ്വകലാശാലയ്ക്ക് സിന്തറ്റിക് ട്രാക്ക് പണികഴിപ്പിച്ചതും, അങ്ങാടിപ്പുറം ഉൾപ്പെടയുള്ള മേൽപാലങ്ങൾ കൊണ്ടുവന്നതും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ പട്ടികയിലെ ചിലതാണ്. പത്തൊമ്പത് മാസം റയിൽവേ മന്ത്രിയായിരുന്നപ്പോൾ രാജധാനി എക്‌സ്പ്രസ്സ് ഉൾപ്പടെ പത്തൊൻപതോളം ട്രെയിനുകൾ കേരളത്തിന് അനുവദിക്കുകയും റെയിൽവേ പാത ഇരട്ടിപ്പിക്കൽ, ശബരിമലയിലേക്കുള്ള റെയിൽവേ എന്നിവയൊക്കെ അദ്ദേഹത്തിന്റെ വികസനപാതകളിലെ ചിലതാണ്. ജീവതത്തിൽ 1970 ലെ കണ്ണൂർ നിയമസഭാമണ്ഡലത്തിലെ പരാജയം മാത്രമായിരുന്നു അദ്ദേഹത്തിന് നേരിടേണ്ടി വന്ന തോൽവി. 2017 ഫെബ്രുവരി ഒന്നാം തീയതി ആണ് അദ്ദേഹം ഈ ലോകത്തോട് യാത്ര പറഞ്ഞത്. തന്റെ പ്രവർത്തനപന്ഥാവിൽ ഖായിദേമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ്, കെ.എം.സീതിസാഹിബ്, അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ എന്നിവരായിരുന്നു വഴികാട്ടി. സി.എച്ച്. മുഹമ്മദ് കോയ സാഹിബ് ആയിരുന്നു പ്രവർത്തനകളരിയിലെ ഉത്തമസുഹൃത്ത്. അരനൂറ്റാണ്ട് കാലത്തെ അദ്ദേഹത്തിന്റെ ജീവിതവും സേവനങ്ങളും ചരിത്രപരമായി വേറിട്ടതും വ്യത്യസ്തവുമായിരുന്നു. അത് തന്നെയാണ് ഇ.അഹമ്മദ് സാഹിബിനെ മറ്റ് നേതാക്കളിൽനിന്നും വ്യത്യസ്തനാക്കുന്നതും.
(സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റാണ് ലേഖകൻ)