Sorry, you need to enable JavaScript to visit this website.

കെ.പി.സി.സി ഇടപെട്ടു, കല്‍പറ്റ നഗരസഭയിലെ കോണ്‍ഗ്രസിലെ പ്രതിസന്ധി അയയുന്നു, ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി മൂന്നു ദിവസത്തിനകം


കല്‍പറ്റ-മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ രൂപപ്പെട്ട പ്രതിസന്ധി അയയുന്നു. ചെയര്‍മാന്‍ സ്ഥാനത്തിന്  കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ എമിലി ഡിവിഷനില്‍നിന്നുള്ള അഡ്വ.ടി.ജെ.ഐസക്കും മടിയൂര്‍ ഡിവിഷനെ പ്രതിനിധാനം ചെയ്യുന്ന പി.വിനോദ്കുമാറും രംഗത്തുവന്നതിനെത്തുടര്‍ന്നു ഉണ്ടായ പ്രതിസന്ധിയാണ് ഒഴിവാകുന്നത്. ചെയര്‍മാന്‍ സ്ഥാനം കിട്ടിയേ തീരൂ എന്ന നിലപാടില്‍നിന്നു കെ.പി.സി.സി ഇടപെടലിന്റെ അടിസ്ഥാനത്തില്‍ വിനോദ്കുമാര്‍ പിന്നാക്കം പോയതായാണ് അറിയുന്നത്. അന്തിമഘട്ട ചര്‍ച്ച അടുത്ത ദിവസം നടക്കും.
ഈ മാസം ഏഴിനാണ് മുനിസിപ്പല്‍ ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്ണ്‍ തെരഞ്ഞെടുപ്പ്. കൗണ്‍സില്‍ ചേര്‍ന്ന് രാവിലെ 11ന് ചെയര്‍മാനെയും ഉച്ചകഴിഞ്ഞ് രണ്ടിന് വൈസ് ചെയര്‍പേഴ്സണനെയും തെരഞ്ഞെടുക്കും. യു.ഡി.എഫ് ധാരണയനുസരിച്ച് ഡിസംബര്‍ 18ന് മുസ്ലിംലീഗിലെ മുജീബ് കെയെംതൊടി ചെയര്‍മാന്‍ പദവിയും കോണ്‍ഗ്രസിലെ കെ.അജിത വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനവും  രാജിവെച്ച പശ്ചാത്തലത്തിലാണ് രണ്ടു സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ്. മുന്നണി ധാരണയനുസരിച്ച് ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്സണ്‍ പദവികള്‍ ഇനി യഥാക്രമം കോണ്‍ഗ്രസിനും മുസ്ലിംലീഗിനുമാണ് ലഭിക്കേണ്ടത്. മുനിസിപ്പല്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.ടി.ജെ.ഐസക്കിനാണ് ചെയര്‍മാന്റെ താത്കാലിക ചുമതല. ഇദ്ദേഹത്തെ കോണ്‍ഗ്രസ് നേതൃത്വം ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമെന്നാണ് സൂചന. 28 ഡിവിഷനുകളാണ് നഗരസഭയില്‍. യു.ഡി.എഫിനു 15 ഉം എല്‍.ഡി.എഫിനു 13ഉം കൗണ്‍സിലര്‍മാരുണ്ട്. യു.ഡിഎ.ഫില്‍ മുസ്ലിംലീഗിനു ഒമ്പതും കോണ്‍ഗ്രസിനു ആറും അംഗങ്ങളാണ് ഉള്ളത്.
യു.ഡി.എഫ് ധാരണയനുസരിച്ച് മുജീബ് കെയെംതൊടി കഴിഞ്ഞ ജൂണില്‍ പദവി രാജിവെക്കേണ്ടതായിരുന്നു. എന്നാല്‍  മുജീബ് ഒഴിയുന്ന മുറയ്ക്ക് ആരെ ചെയര്‍മാനാക്കണം എന്നതില്‍ കോണ്‍ഗ്രസില്‍ ഏകാഭിപ്രായം ഉണ്ടായില്ല. ഇതാണ് മുസ്ലിംലീഗ് പ്രതിനിധി ഡിസംബര്‍ 18 വരെ തുടരുന്നതിനു സാഹചര്യം ഒരുക്കിയത്. ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ മുസ്ലിംലീഗ് ജില്ലാ നേതൃത്വത്തിനു കത്ത് നല്‍കിയതിനെത്തുടര്‍ന്നാണ് മുജീബ് രാജിവെച്ചത്.
കൗണ്‍സിലിലെ കോണ്‍ഗ്രസ് അംഗങ്ങളില്‍ ഒരാള്‍ ചെയര്‍മാന്‍ സ്ഥാനത്തിനു രംഗത്തുവന്ന വിനോദ്കുമാറിനൊപ്പമാണ് നിലയുറപ്പിച്ചത്. ഇത് പാര്‍ട്ടിയെ  സമ്മര്‍ദത്തിലാക്കിയിരുന്നു.  വിനോദ്കുമാര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ രണ്ടു പേര്‍ പാര്‍ട്ടി തീരുമാനത്തിനു വിരുദ്ധമായി നിന്നാല്‍ മുനിസിപ്പല്‍ ഭരണം യു.ഡി.എഫിന് നഷ്ടപ്പെടുന്നതിനു സാധ്യത തുറക്കും. തുടര്‍ഭരണം ഉറപ്പുവരുത്തുന്നതിന് ജില്ലാതലത്തില്‍ നടന്ന ചര്‍ച്ചകള്‍ ഫലപ്രദമാകാത്ത സാഹചര്യത്തിലാണ്  പ്രശ്നത്തില്‍ കെ.പി.സി.സി നേതൃത്വം ഇടപെട്ടത്. കോണ്‍ഗ്രസിലെ പ്രതിസന്ധി മുതലെടുത്ത് മുനിസിപ്പല്‍ ഭരണം പിടിക്കുന്നതിന് ഇടതുപക്ഷത്തിന്റെ ഭാഗത്ത് കാര്യമായ നീക്കം നടന്നിരുന്നില്ല.  വൈസ് ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ ആരെ മത്സരിപ്പിക്കണമെന്നതില്‍ മുസ്ലിംലീഗില്‍ ധാരണയായിട്ടുണ്ട്. സരോജിനി ഓടമ്പമായിരിക്കും സ്ഥാനാര്‍ഥി.

 

Latest News