കാസര്‍കോട് - വ്യാജ പാസ്‌പോര്‍ട്ടും കൃത്രിമ രേഖകളും നിര്‍മ്മിക്കുന്ന മൂന്നംഗ സംഘത്തെ ബേഡകം പെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂര്‍ ഉടുംബന്തല ജുമാ മസ്ജിദിന് സമീപത്തെ പുതിയകണ്ടം ഹൗസില്‍ എന്‍. അബൂബക്കറിന്റെ മകന്‍ എം എ അഹമ്മദ് അബ്രാര്‍ (26) എം.കെ. അയൂബിന്റെ മകന്‍ എം.എ. സാബിത്ത് (25) പടന്നക്കാട് കരിവളം ഇ.എം.എസ് ക്ലബ്ബിന് സമീപത്തെ ഫാത്തിമ മന്‍സില്‍ ടി. ഇഖ്ബാലിന്റെ മകന്‍ മുഹമ്മദ് സഫ്വാന്‍ (25) എന്നിവരെയാണ്
ബേഡകം എസ്.ഐ ഗംഗാധരനും സംഘവും അറസ്റ്റ് ചെയ്തത്.
യുവാക്കളില്‍ നിന്നും മൂന്ന് വ്യാജ പാസ്‌പോര്‍ട്ടുകളും 35 ഓളം വ്യാജ സീലുകളും വ്യാജ രേഖകള്‍ നിര്‍മ്മിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തു. ഫര്‍സീന്‍ പതാമാടെ പുരയില്‍,രാജന്‍, സൗമ്യ സൈമണ്‍, അമല്‍ കളപ്പുരപറമ്പില്‍ എന്നിവരുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകളാണ് ഇവരില്‍ നിന്നും കണ്ടെടുത്തത് ആപ്പിള്‍ കമ്പനിയുടെ ലാപ്‌ടോപ്പ്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ആലുവ ശാഖ ഫെഡറല്‍ ബാങ്ക് അങ്കമാലി ശാഖ, സൗത്ത് ഇന്ത്യന്‍ ബാങ്ക് തൃക്കരിപ്പൂര്‍ ശാഖ എന്നിവയുടെയും നിരവധി ഡോക്ടര്‍മാരുടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും 37 ഓളം വ്യാജ റബ്ബര്‍ സീലുകളും കണ്ടെടുത്തു. ബാംഗ്ലൂര്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക്, ബാംഗ്ലൂര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി എന്നിവയുടെ വ്യാജ ലെറ്റര്‍ ഹെഡുകളും, എം.ഇ. എസ് കോളജിന്റെ എന്‍.ഒ.സി തുടങ്ങി നിരവധി സര്‍ട്ടിഫിക്കറ്റുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും.ബന്തടുക്ക കണ്ണാടിത്തോട് സംസ്ഥാന പാതയില്‍ വാഹന പരിശോധനക്കിടയിലാണ് കെ എല്‍ 60 വി 4748 നമ്പര്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ സംശയം
തോന്നി പൊലീസ് തടഞ്ഞു നിര്‍ത്തി പരിശോധിച്ചത്. വ്യാജ സീലുകള്‍ നിര്‍മ്മിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവരെന്ന് പൊലീസ് സംശയിക്കുന്നു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.. ബാങ്കുകളുടെ സീല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് ബാങ്കുകളുടെ അധികൃതരെ വിളിച്ച് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് വ്യാജ സീല്‍ നിര്‍മ്മിക്കുന്ന സംഘമാണെന്ന് വ്യക്തമായത്. ബാങ്കുകള്‍ സീല്‍ നിര്‍മ്മിക്കാന്‍ ചുമതലപ്പെടുത്തിയതാണോയെന്ന് ഉറപ്പാക്കാനാണ് ബാങ്ക് ഉദ്യോഗസ്ഥരെ പൊലീസ് വിളിച്ചത്. ഡോക്ടര്‍മാരുടെയും ബാങ്കുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വ്യാജ രേഖകളും സീലുകളുമുണ്ടാക്കി വിസ ഉള്‍പ്പെടെയുള്ള രേഖകള്‍ നിര്‍മ്മിച്ചു നല്‍കുന്ന സംഘമാണെന്ന് കരുതുന്നു. സൗത്ത് കൊറിയയിലേക്ക് വിസയുടെ ഡോക്യുമെന്റേഷന് വേണ്ടിയാണ് വ്യാജ രേഖകള്‍ നിര്‍മ്മിച്ചതെന്നാണ് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.