തിരുവനന്തപുരം - മാസപ്പടിക്കേസില്‍ കുടുങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ സംരക്ഷിക്കാന്‍ സി.പി.എം രംഗത്ത് ഇറങ്ങുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം. മുന്‍പൊന്നും ഇല്ലാത്ത രീതിയില്‍ പാര്‍ട്ടി പിന്തുണക്കുന്നതിനെതിരെയാണ് എതിര്‍പ്പ്. നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെ ഇഡി നടപടി എടുത്തപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ സി.പി.എം തയ്യാറായിരുന്നില്ല. ആ കേസില്‍ കോടിയേരിക്ക് ഒരു പങ്കുമുണ്ടായിരുന്നില്ല. മകന്‍ കുറ്റം ചെയ്തതിനാല്‍ കോടിയേരി ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്തു. ഇപ്പോള്‍് മുഖ്യമന്ത്രി പിണറായി വിജയനായകപ്പോള്‍ മകള്‍ വീണ വിജയന് വേണ്ടി പ്രതിരോധം തീര്‍ക്കാന്‍ സി.പ.ിഎമ്മില്‍ മത്സരമാണ്. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജിക്കിന് എതിരായ അന്വേഷണം മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് സി.പി.എം വിലയിരുത്തല്‍. അതുകൊണ്ടാണ് എസ്.എഫ്.ഐഒ അന്വേഷണത്തെ പ്രതിരോധിച്ചു കൊണ്ട് പാര്‍ട്ടി നേതാക്കള്‍ രംഗത്തു വരുന്നത്. നിയമസഭയില്‍ അടിയന്തിരപ്രമേയ നോട്ടീസ് തള്ളിയതും ഇതിന്റെ തെളിവാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പു അടുത്ത പശ്ചാത്തലത്തില്‍ ഇനിയുള്ള മാസങ്ങള്‍ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും കടുത്ത പരീക്ഷണങ്ങളും കാലമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പു വേളില്‍ നേതാക്കളെ വരുതിയില്‍ നിര്‍ത്തുന്ന വിധത്തിലുള്ള അന്വേഷണമായി എസ്എഫ്‌ഐഒ അന്വേഷണം മാറുമോ കണ്ടറിയണം. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിയുടെ ഇടപാടുകള്‍ സംബന്ധിച്ച് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) നടത്തുന്ന അന്വേഷണം പൂര്‍ത്തിയാക്കാന്‍ എട്ടു മാസത്തെ സമയാണ് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്.
വീണയുടെ കമ്പനിയായ എക്‌സാലോജിക്കിന്റെ ഇടപാടുകള്‍ ദുരൂഹമാണെന്നും ക്രമക്കേടുകളുണ്ടെന്നും കമ്പനിയുടെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ തെറ്റായ രേഖകള്‍ ഹാജരാക്കിയെന്നും രജിസ്റ്റ്രാര്‍ ഓഫ് കമ്പനീസ് (ആര്‍ഒസി) നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഉന്നത അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കരാ.ര്‍ അനുസരിച്ചുള്ള സേവനങ്ങളൊന്നും നല്‍കാതെയാണ് എക്‌സാലോജിക് വന്‍തുക കരിമണല്‍ കമ്പനിയായ കെഎം.ആര്‍എല്ലില്‍ നിന്നു കൈപ്പറ്റിയിരുന്നതെന്ന് ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവില്‍ വ്യക്തമാക്കിയപ്പോള്‍ വീണയോട് വിശദീകരണം ചേദിച്ചില്ലെന്നായിരുന്നു സി.പി.എമ്മും മുഖ്യമന്ത്രിയും ഉയര്‍ത്തിയ പ്രതിരോധം. എന്നാല്‍ ആവശ്യപ്പെട്ടിട്ടും ഇടപാടുകള്‍ സംബന്ധിച്ച് മതിയായ വിശദീകരണവും രേഖകളും വീണ നല്‍കിയില്ലെന്നും തെറ്റായ രേഖകള്‍ നല്‍കിയെന്നുമാണ് ആര്‍.ഒ.സി റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഗുരുതരമായ കണ്ടെത്തലുകള്‍ വന്‍ രാഷ്ട്രീയ വിവാദം സൃഷ്ടിച്ചിട്ടും വീണയോ കമ്പനിയോ ഇതുവരെ വിശദീകരണത്തിനു തയാറായിട്ടില്ല. പകരം ആ ചുമതല ഏറ്റെടുത്തത് സിപിഎം സംസ്ഥാന നേതൃത്വമാണ്. അവര്‍ക്കാകട്ടെ, വീണ എന്തു സേവനത്തിനാണ് പണം കൈപ്പറ്റിയതെന്ന ലളിതമായ ചോദ്യത്തിന് ഇതുവരെ വ്യക്തമായ ഉത്തരം നല്‍കാനുമായിട്ടില്ല. ഇവിടം മുതലാണ് വീണയുടെ പ്രതിരോധം തകര്‍ന്നു വീണത്. എക്‌സാലോജിക്ക് മാത്രമല്ല, മറ്റ് കമ്പനികളില്‍ നിന്നും പണം പറ്റിയെന്നാണ് മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച ആരോപണം. ഈ ആരോപണത്തിന്റെ വസ്തുതയും അന്വേഷണത്തില്‍ തെളിയും.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചതിനെ തുടര്‍ന്നുള്ള സാഹചര്യം സമബന്ധിച്ച പാര്‍ട്ടി തീരുമാനം ഉടന്‍ വന്നേക്കും. കേന്ദ്ര കമ്മറ്റിയംഗം എ.കെ.ബാലന്‍ മുഖ്യമന്ത്രിയെയും മകളെയും പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എക്‌സാലോജിക്കിനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന നിലപാടാണ് തുടക്കം മുതല്‍ സി.പി.എം സംസ്ഥാന നേതൃത്വത്തിന്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷനീക്കവും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാകും. എന്നാല്‍ തുറന്നുപറയാന്‍ ആര്‍ക്കും ധൈര്യമില്ല. പാര്‍ട്ടിയില്‍ നിന്നും അവരെ പുകച്ചുപുറത്തുചാടിക്കുമെന്നതിനാല്‍ തന്നെയാണ് അവര്‍ മൗനം പാലിക്കുന്നത്.