ആലപ്പുഴ- എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായിരുന്ന കെ എസ് ഷാന്‍ വധക്കേസില്‍ കുറ്റപത്രം മടക്കണമെന്ന പ്രതികളുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് അഞ്ചാം തീയതിയിലേക്ക് മാറ്റി. ആലപ്പുഴ സെഷന്‍സ് കോടതിയാണ് വാദം കേട്ടത്. പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ രാജേന്ദ്ര പ്രസാദ്, വിഷ്ണു, അഭിമന്യു, സനന്ദ്, അതുല്‍, ധനീഷ്, ശ്രീരാജ്, പ്രണവ്, ശ്രീനാഥ്, മുരുകേശന്‍, രതീഷ് എന്നിവരാണ് ആദ്യഘട്ട കുറ്റപത്രത്തിലെ പ്രതികള്‍. കുറ്റപത്രം സമര്‍പ്പിച്ച ശേഷമാണ് ശ്രീനാഥും മുരുകേശനും അറസ്റ്റിലാകുന്നത്. എല്ലാവരേയും ഒന്നിച്ചായിരിക്കും വിചാരണ ചെയ്യുക. 483 പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ 143 സാക്ഷികളുണ്ട്. കെ എസ് ഷാന്റെ കൊലപാതകത്തെത്തുടര്‍ന്നാണ് ബിജെപി നേതാവ് രഞ്ജീത് ശ്രീനിവാസന്‍ കൊല്ലപ്പെടുന്നത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ മേലുദ്യോഗസ്ഥന് അധികാരമുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കുറ്റപത്രം സമര്‍പ്പിക്കാന്‍ എസ് എച്ച് ഒയ്ക്ക് മാത്രമേ അധികാരമുള്ളൂ എന്ന് കാട്ടിയാണ് പ്രതിഭാഗം ഹര്‍ജി നല്‍കിയത്.