Sorry, you need to enable JavaScript to visit this website.

മാനന്തവാടിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയത് കര്‍ണ്ണാടകയില്‍ നിന്ന് പിടികൂടി കാട്ടില്‍ വിട്ട 'തണ്ണീര്‍' എന്ന കാട്ടാന

കല്‍പറ്റ-വടക്കേ വയനാട്ടിലെ മാനന്തവാടി ടൗണില്‍ ഇന്നു രാവിലെ ഇറങ്ങിയത് ആഴ്ചകള്‍ മുമ്പ് കര്‍ണാടക വനം വകുപ്പ് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ചശേഷം കാട്ടില്‍ വിട്ട ആന. ഹാസനിലെ  സഹാറ എസ്റ്റേറ്റില്‍നിന്നാണ്  കര്‍ണാടക വനസേന ആനയെ പിടിച്ചത്. 'തണ്ണീര്‍' എന്നു പേരിട്ട് മൂലഹള്ള വനത്തിലാണ് ആനയെ മോചിപ്പിച്ചത്. കാപ്പിത്തോട്ടങ്ങളില്‍ നിരന്തരം നാശം വരുത്തുന്ന സാഹചര്യത്തിലാണ് ആനയെ പിടിച്ചത്. മൈസരൂ ജില്ലയിലെ വനം ഉദ്യോഗസ്ഥരെയാണ് ആനയെ നിരിക്ഷിക്കാന്‍ ചുമതലപ്പെടുത്തിയത്.  തുറന്നുവിട്ട സ്ഥലത്തുനിന്നു ഏകദേശം 200 കിലോമീറ്റര്‍ താണ്ടിയാണ് ആന മാനന്തവാടിയിലെത്തിയത്. താഴെയങ്ങാടിക്കു സമീപം ചതുപ്പില്‍ തങ്ങുന്ന ആനയെ മയക്കുവെടിവെച്ച് പിടിക്കുന്നതിനു നീക്കം നടന്നുവരികയാണ്. കുംകിയാനകളെ എത്തിച്ചിട്ടുണ്ട്. ആന തങ്ങുന്ന സ്ഥലത്തിനടുത്ത് ആശുപത്രിയും കോളേജും സ്‌കൂളും ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളുണ്ട്. പിടിക്കുന്ന മുറയ്ക്ക് ആനയെ കര്‍ണാടകയിലേക്ക് മാറ്റും. കര്‍ണാടക വനം അധികൃതരുമായി വയനാട് ജില്ലാ ഭരണകൂടം ബന്ധപ്പെട്ടിട്ടുണ്ട്. മാനന്തവാടിക്കു സമീപം എടവക പഞ്ചായത്തില്‍പ്പെട്ട പായോടില്‍ ഇന്നു പുലര്‍ച്ചെയാണ് ആനയെ ആദ്യം കണ്ടത്. പായോടില്‍നിന്നാണ് ആന ടൗണിലേക്ക് നീങ്ങിയത്. മാനന്തവാടി ടൗണിലും പരിസരങ്ങളിലും നിരോധനാജ്ഞ ബാധകമാക്കിയിട്ടുണ്ട്.

 

Latest News