ജിദ്ദ - സൗദിയ ഗ്രൂപ്പില്‍ പൈലറ്റ് തസ്തികകള്‍ പൂര്‍ണമായും സൗദിവല്‍ക്കരിക്കാന്‍ ആലോചിക്കുന്നതായി സൗദിയ ഗ്രൂപ്പ് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ജനറലും ഗ്രൂപ്പ് വക്താവുമായ എന്‍ജിനീയര്‍ അബ്ദുല്ല അല്‍ശഹ്‌റാനി പറഞ്ഞു. ഗ്രൂപ്പിനു കീഴിലെ കോ-പൈലറ്റ് തസ്തികകള്‍ ഇതിനകം പൂര്‍ണമായും സൗദിവല്‍ക്കരിച്ചിട്ടുണ്ട്. വരുന്ന ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്വദേശികള്‍ക്ക് പതിനായിരത്തിലേറെ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ ഗ്രൂപ്പ് സ്ട്രാറ്റജി ലക്ഷ്യമിടുന്നു. പൈലറ്റുമാര്‍, ക്യാബിന്‍ ജീവനക്കാര്‍, മെയിന്റനന്‍സ് ടെക്‌നീഷ്യന്മാര്‍, കാര്‍ഗോ, ലോജിസ്റ്റിക്‌സ് സേവന മേഖലാ വിദഗ്ധര്‍ എന്നിയുള്‍പ്പെടെ വ്യോമയാന മേഖലയില്‍ ഗുണനിലവാരമുള്ള ജോലികള്‍ സ്വദേശികള്‍ക്ക് ലഭ്യമാക്കാനാണ് ശ്രമം.
വ്യോമയാന സേവനങ്ങള്‍, കാര്‍ഗോ, ലോജിസ്റ്റിക്‌സ് സേവനങ്ങള്‍, മെയിന്റനന്‍സ്, വ്യോമയാന പരിശീലനം എന്നിവ അടക്കമുള്ള മേഖലകളില്‍ എല്ലാ അനുബന്ധ കമ്പനികളും സംയോജിത സംവിധാനത്തോടെ പ്രവര്‍ത്തിച്ച് വ്യോമയാന സേവനങ്ങള്‍ നല്‍കാന്‍ ശ്രമിച്ച് സൗദിയ ഗ്രൂപ്പിന്റെ പുതിയ ഐഡന്റിറ്റി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നു. നേരത്തെ ഒപ്പുവെച്ച കരാറുകള്‍ പ്രകാരം പുതിയ വിമാനങ്ങള്‍ സ്വീകരിക്കുന്നത് സൗദിയ തുടരുകയാണ്. പുതിയ വിമാന ഇടപാടുകളില്‍ ഒരു ഭാഗം സമീപ കാലത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. വന്‍കിട വിമാന ഇടപാട് വൈകാതെ പരസ്യപ്പെടുത്തും.
ഓഫീസില്‍ ഉറക്കം തൂങ്ങുന്നു; ഉറങ്ങാൻ കിടക്കുംമുമ്പ് വീട്ടിലേക്ക് വിളിക്കരുതെന്ന് പ്രവാസിയോട് ഡോക്ടര്‍
സൗദിയില്‍ വ്യക്തികള്‍ക്കായി സേവിംഗ്‌സ് ബോണ്ട് ആരംഭിച്ചു, പ്രവാസികള്‍ക്കും വാങ്ങാം
പുതിയ വിമാനങ്ങള്‍ക്കുള്ള ഈ ഇടപാടുകള്‍ പൈലറ്റുമാര്‍ക്കും ടെക്‌നീഷ്യന്മാര്‍ക്കും ക്യാബിന്‍ ജീവനക്കാര്‍ക്കുമുള്ള ആവശ്യം വര്‍ധിപ്പിക്കുന്നു. സൗദിയ ഗ്രൂപ്പിനു കീഴിലെ മെയിന്റനന്‍സ് വില്ലേജില്‍ സൗദിയ വിമാനങ്ങള്‍ക്കു മാത്രമല്ല, മറ്റു കമ്പനികളുടെ വിമാനങ്ങള്‍ക്കും സാങ്കേതിക സേവനങ്ങള്‍ നല്‍കും. ഇത് ടെക്‌നീഷ്യന്മാര്‍ക്കുള്ള ആവശ്യം വലിയ തോതില്‍ വര്‍ധിപ്പിക്കുന്നു. നിലവില്‍ സൗദിയ ഗ്രൂപ്പിനു കീഴിലെ മെയിന്റനന്‍സ് വില്ലേജില്‍ 4,000 ഓളം സാങ്കേതിക വിദഗ്ധരാണുള്ളത്. പൂര്‍ണ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഇവിടെ 12,000 ജീവനക്കാരുണ്ടാകും. വ്യത്യസ്ത സ്‌പെഷ്യലൈസേഷനുകളില്‍ പതിനായിരത്തിലേറെ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ ഗ്രൂപ്പിന് പദ്ധതികളുണ്ട്. 2030 ഓടെ സൗദി അറേബ്യയില്‍ പ്രതിവര്‍ഷ വിമാന യാത്രക്കാരുടെ എണ്ണം 33 കോടിയായി ഉയര്‍ത്താനുള്ള വിഷന്‍ 2030 ലക്ഷ്യം കൈവരിക്കാന്‍ സൗദിയ പദ്ധതികള്‍ സഹായിക്കും. ഈ ലക്ഷ്യം കൈവരിക്കാന്‍ നിരവധി വിമാനങ്ങളും വിമാന സര്‍വീസുകളും ആവശ്യമാണ്. ഇത് വന്‍തോതില്‍ സൗദി ജീവനക്കാരെ ആവശ്യപ്പെടുന്നതായും എന്‍ജിനീയര്‍ അബ്ദുല്ല അല്‍ശഹ്‌റാനി പറഞ്ഞു.
സിവില്‍, മിലിട്ടറി വിമാനങ്ങള്‍ക്കും അവയുടെ ഘടകങ്ങള്‍ക്കും റിപ്പയര്‍, മെയിന്റനന്‍സ് സേവനങ്ങള്‍ നല്‍കുന്ന സൗദിയ ടെക്‌നിക് കമ്പനി, സൗദിയ കാര്‍ഗോ, സാല്‍ സൗദി ലോജിസ്റ്റിക്‌സ് സര്‍വീസസ് കമ്പനി, ഫ്‌ളൈ അദീല്‍, സൗദിയ റോയല്‍ ഫഌറ്റ്, സൗദിയ പ്രൈവറ്റ് ഏവിയേഷന്‍, സൗദിയ റിയല്‍ എസ്റ്റേറ്റ് തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ സൗദിയ ഗ്രൂപ്പിനു കീഴിലുണ്ട്.