തലശേരി - കൃത്രിമ ജലപാത പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ അനുവദിച്ചതോടെ സമരസമിതി സമര പരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചു.പാരിസ്ഥിതിക ആഘാത പഠന റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമെ തുടര്‍ നടപടികള്‍ പാടുള്ളുവെന്ന് ഹൈക്കോടതി ജഡ്ജ് വിജു എബ്രഹാം ഇന്നലെ വിധി പ്രസ്താവിച്ചിരുന്നു.തലശേരി നിട്ടൂര്‍ സ്വദേശിയും, കൃത്രിമ ജലപാത ജനകീയ പ്രതിരോധ സമിതി തലശേരി മേഖല വൈസ് ചെയര്‍മാനുമായ എപി ശിവദാസ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചിരുന്നത്.
കണ്ണൂര്‍ ജില്ലയില്‍ കൃത്രിമ ജലപാത പദ്ധതിക്കായി വിവിധ സ്ഥലങ്ങളില്‍ ഭൂമിയേറ്റടുക്കല്‍ നടപടി ബന്ധപ്പെട്ട വകുപ്പുകള്‍ ആരംഭിച്ചിരുന്നു.ഇതിനെതിരായ് ജില്ലയിലെ വിവിധ ഇടങ്ങളില്‍ ജനകീയ പ്രതിഷേധങ്ങളും നടന്നു വരുന്നുണ്ട്. പെരിങ്ങത്തൂര്‍ പുഴ മുതല്‍ ആരംഭിക്കുന്ന പദ്ധതി വളപട്ടണം പുഴയിലേക്ക് എത്തുന്നതിനിടയില്‍ പാനൂര്‍, തലശേരി, കണ്ണൂര്‍ മേഖലകളില്‍ നിന്നും ആയിരക്കണക്കിന് വീടുകളും അതേ പോലെ സ്ഥാപനങ്ങളും പൊളിച്ച് നിക്കേണ്ടി വരും. തുടര്‍ന്ന് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട നടപടിയും ആരംഭിച്ചിരുന്നു.ഒരു പാരിസ്ഥിതിക പഠനവും നടത്താതെയാണ് സര്‍ക്കാര്‍ ഈ പദ്ധതിക്കായി ഭൂമിയേറ്റെടുക്കല്‍ നടപടി തുടങ്ങിയത്.ഇതിനെതിരെയാണ് സമരസമിതി ഹര്‍ജി നല്‍കിയത്. ഹര്‍ജിക്കാരനു വേണ്ടി അഡ്വ.സിബി തോമസാണ് ഹാജരാവുന്നത്.കോടതിവിധിയുടെ അടിസ്ഥാനത്തില്‍ സമര പരിപാടികള്‍ താല്‍ക്കാലികത്തേക്ക് നിര്‍ത്തിവെക്കുന്നതായി കൃത്രിമ ജലപാത പ്രതിരോധ സംയുക്ത സമിതി കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ ഇ. മനീഷ് അറിയിച്ചു.