Sorry, you need to enable JavaScript to visit this website.

തടവില്‍ കഴിയുന്ന സക്കറിയക്ക് നീതി ഉറപ്പാക്കണം -പി സുരേന്ദ്രന്‍

തിരൂര്‍- ഒന്നര പതിറ്റാണ്ട് കാലമായി ബംഗളൂരു ജയിലില്‍ കഴിയുന്ന സക്കറിയക്ക് നീതി ഉറപ്പാക്കാന്‍ പൊതുസമൂഹവും ഭരണകൂടവും രംഗത്തുവരണമെന്ന് സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. തിരൂര്‍ ബസ്റ്റാന്‍ഡില്‍ പിഡിപി സംഘടിപ്പിച്ച സരിയ ഐക്യദാര്‍ഢ്യം സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
 ബാബരി മസ്ജിദിന്റെ തകര്‍ച്ചയോടെ ഇന്ത്യയില്‍ ഇനിയൊരു പള്ളിയും തകര്‍ക്കപ്പെടുകയില്ല എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത് ഇപ്പോള്‍ ഗ്യാന്‍വാപി പള്ളി പ്രശ്‌നമായിരിക്കുന്നു. പുതിയ പുതിയ പള്ളികള്‍ തകര്‍ക്കപ്പെടുകയോ അവിടെ മറ്റു മതസ്ഥരുടെ ആരാധനാ നടത്തപ്പെടുകയോ ചെയ്യുന്ന ഗുരുതരമായ അവസ്ഥയിലൂടെയാണ് ഇന്ത്യ കടന്നുപോയിക്കൊണ്ടിരിക്കുന്നത്,
രാജ്യത്ത് മതേതരത്വവും ജനാധിപത്യവും തകര്‍ക്കപ്പെടുമോ എന്ന ഭയം എല്ലാവര്‍ക്കും ഉണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.
സക്കരിയ പോലെ ഒരുപാട് ആളുകള്‍ നീതി നിഷേധിക്കപ്പെട്ട് ജയിലറകളില്‍ കഴിയുകയാണ്.  ഇവരുടെ മോചനത്തിനുവേണ്ടി മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുവരുന്നില്ല എന്നത് ഖേദകരമാണ്. സക്കരിയ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ വിചാരണ നടത്തി ശിക്ഷിക്കുകയാണ് വേണ്ടത് അല്ലാതെ അകാരണമായി 15 വര്‍ഷത്തോളം വിചാരണ തടവുകാരനായി കഴിയേണ്ടി വരുന്നത് ക്രൂരതയാണ്.
വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ച മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍  നീതിനിഷേധത്തിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നത് അംഗീകരിക്കാനാകില്ല. ഭരണഘടനയും പോലീസും ഭരണകൂടവും ഒക്കെ ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കാനുള്ള സംവിധാനങ്ങളാണ് അവ കാലത്തിനൊത്ത് ഉയര്‍ന്ന് ജനങ്ങളുടെ നീതി ഉറപ്പാക്കുമ്പോള്‍ മാത്രമേ നമ്മുടെ ജനാധിപത്യം സാര്‍ത്ഥകമാവുകയുള്ളൂ എന്നും സുരേന്ദ്രന്‍ പറഞ്ഞു. ഐക്യദാര്‍ഢ്യസമ്മേളനം പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫര്‍ അലി ദാരിമി ഉദ്ഘാടനം ചെയ്തു.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ പി  ഒ റഹ്മത്തുള്ള, ഫ്രീ സക്കരിയ ആക്ഷന്‍ ഫോറം ജോയിന്‍ കണ്‍വീനര്‍ മുഹമ്മദ് റബിയത്ത്, പിഡിപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സക്കീര്‍ പരപ്പനങ്ങാടി,  സുലൈമാന്‍ ബീരാഞ്ചിറ, സെയ്താലിക്കുട്ടി ചമ്രവട്ടം, ഹുസൈന്‍ കാടാമ്പുഴ, ഹാരിസ് വാണിയന്നൂര്‍, എന്നിവര്‍ സംസാരിച്ചു. വൈകുന്നേരം പൂങ്ങോട്ടുകുളത്തു നിന്നും ആരംഭിച്ച ഐക്യദാര്‍ഢ്യ റാലി ബസ്റ്റാന്‍ഡില്‍ സമാപിച്ചു.റാലിക്ക് ഷാജി എടക്കുളം, സലാം അതളൂര്‍, ഇസ്ഹാഖ് മുത്തൂര്‍, ബാബു നിറമരുതൂര്‍  എന്നിവര്‍ നേതൃത്വം നല്‍കി.

Latest News