തൃശൂര്‍ - തൃശൂർ നഗര ഹൃദയത്തിൽ വൻ തീപിടിത്തം. സെൻതോമസ് കോളേജ് റോഡിന് സമീപം പാസ്റ്ററൽ സെന്‍ററിലെ കെട്ടിടത്തില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കത്തോലിക്ക സഭ പത്രത്തിന്‍റെ ഓഫീസിലാണ് തീപിടിത്തം ഉണ്ടായത് . കംപ്യൂട്ടറുകളും ഫര്‍ണിച്ചറുകളും കത്തിനശിച്ചു. ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. പത്രം പ്രിന്റ് ചെയ്ത് ഓഫീസില്‍ കൊണ്ടുവന്നത് പല സ്ഥലങ്ങളിലേക്കും വിടുന്നതിനായി ജോലിക്കാരും മറ്റും പായ്ക്ക് ചെയ്യുന്നതിനായി ഓഫീസിന്റെ താഴേക്ക് ഇറങ്ങിയ സമയത്താണ് തീ പടര്‍ന്നത്. അതിനാല്‍ ഓഫീസില്‍ ആരും ഉണ്ടായിരുന്നില്ല. ജീവനക്കാരി ഓഫീസിലേക്ക് ആവശ്യത്തിനായി കയറിയപ്പോഴാണ് പുക ഉയരുന്നത് കണ്ടത്. താഴെ വന്ന് വിവരം പറഞ്ഞ് എല്ലാവരും മുകളിലെത്തിയപ്പോഴേക്കും പുക ഓഫീസില്‍ നിറഞ്ഞു. പിന്നീട് തീ പടരുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. അപ്പോഴേക്കും ഓഫീസിലുണ്ടായിരുന്ന എല്ലാ കംപ്യൂട്ടറുകളും മേശകളും മറ്റു ഫര്‍ണിച്ചറുകളും ഫയലുകളും കത്തികഴിഞ്ഞിരുന്നു. സീലിംഗും ഫാനുകളും തീയ്ക്കിരയായി. ജീവനക്കാരുടെ ബാഗുകളടക്കം തീയില്‍ പെട്ടു.
സ്റ്റേഷന്‍ ഓഫീസര്‍ വിജയ് കൃഷ്ണ, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബി. ഹരികുമാര്‍, സീനിയര്‍ ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍ രഞ്ജിത് പൂവതിങ്ങല്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു യുണിറ്റ് ഫയര്‍ എന്‍ജിന്‍ എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. ഡയറക്ടര്‍ ഫാ. റാഫേല്‍ ആക്കാമറ്റത്തിലും മറ്റുള്ളവരും ചേര്‍ന്ന് തീയണയ്ക്കാന്‍ എല്ലാ സഹായവും നല്‍കി. നാലുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സംശയം.